മുണ്ടക്കയം: സഹപ്രവര്‍ത്തകരുടെ കാരുണ്യം ഒഴുകിയെത്തിയെങ്കിലും റെജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് കവാടത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കാവുങ്കല്‍ റെജി (30) തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചു.
കഴിഞ്ഞ 26നാണ് റെജിയുടെ ഓട്ടോറിക്ഷക്ക് പിന്നില്‍ സ്വകാര്യ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ റെജിയുടെ ശരീരത്തിലേക്ക് ഓട്ടോ വീണ് ഗുരുതരമായി പരിക്കേറ്റു.
നിര്‍ധനകുടുംബത്തിലെ അംഗമായിരുന്ന റെജിക്ക് ചികിത്സാ സഹായത്തിന് സഹപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു.വഴിയാത്രക്കാരില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച തുകയും തങ്ങള്‍ പരസ്പരം സ്വരൂപിച്ച തുകയും ഒരുമിച്ച് ചേര്‍ത്തു. കൂടാതെ ഓട്ടോസ്റ്റാന്‍ഡില്‍ കളഞ്ഞുകിട്ടിയ തുകയ്ക്ക് ഉടമ എത്താതിരുന്നതിനെ തുടര്‍ന്നുള്ള 8300രൂപയും ചികത്സയ്ക്കായി കൈമാറി. മൊത്തം അര ലക്ഷത്തോളം രൂപ കൂട്ടുകാര്‍ സ്വരൂപിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ രാഘവന്‍-ജാനകി ദമ്പതികളുടെ ഏകമകനായ റെജി അഞ്ച് വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ഉപജീവനം കഴിഞ്ഞിരുന്നത്. 10 വര്‍ഷം മുമ്പ് പിതാവ് രാഘവന്‍ മരണപ്പെട്ടതോടെ മാതാവ് ജാനകിയടങ്ങുന്ന കുടുംബത്തിന്‍െറ അത്താണിയായിരുന്നു റെജി. സ്വന്തമായി ഒരുതുണ്ടുഭൂമിയില്ലാത്ത ഈ കുടുബം വാടക വീട്ടിലായിരുന്നു താമസം.
സ്വന്തമായ വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ത്രിതലപഞ്ചായത്തുകളില്‍ അപേക്ഷനല്‍കിയെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. പൊന്നുമകന്‍െറ മൃതദേഹം സംസ്കരിക്കാന്‍ പോലും ഇടമില്ലാതെ, എന്തുചെയ്യണമെന്നറിയാതെ വിലപിക്കുകയായിരുന്നു ജാനകിയമ്മ. സ്വസമുദായത്തിന്‍െറ ശ്മശാനം ഉണ്ടെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ നിഷേധിക്കപ്പെട്ടു.
ഇതിനിടയിലാണ് സഹായവുമായി എസ്.എന്‍.ഡി.പി. രംഗത്തുവന്നത്. വരിക്കാനിയിലെ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ അവര്‍ തയാറായി.
വൈകുന്നേരം നാലു മണിയോടെ മുണ്ടക്കയം ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നാടിന്‍െറ നാനാതുറകളില്‍ നിന്നും നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍