12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ടെസില്‍ സമരം പിന്‍വലിച്ചിട്ടില്ല -കോഓഡിനേഷന്‍ കമ്മിറ്റി

കോട്ടയം: ചിങ്ങവനം ടെസില്‍ തൊഴിലാളികള്‍ക്ക് 9.18 കോടിയുടെ ആനുകൂല്യം ലഭിക്കേണ്ട സ്ഥാനത്ത് നാലുകോടി മാത്രം നല്‍കി കബളിപ്പിക്കാനാണ് ടെസില്‍ എംപ്ളോയീസ് സമരസമിതി ശ്രമിക്കുന്നതെന്ന് ടെസില്‍ സംരക്ഷണ സമിതി-എംപ്ളോയീസ് ഫ്രണ്ട് സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.സമരം ഒത്തുതീര്‍ത്തെന്ന എംപ്ളോയീസ് സമരസമിതിയുടെ വാദം കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, പി.ജെ. സോമശേഖരന്‍, എം.എ. മാത്തുക്കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ തള്ളി.
തൊഴിലാളികള്‍ നടത്തിവന്ന സമരം അട്ടിമറിക്കാനും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനും നടത്തുന്ന ശ്രമമാണ് എംപ്ളോയീസ് സമരസമിതി നടത്തുന്നതെന്ന് കോഓഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. 26ന് എറണാകുളത്ത് നടന്ന ചര്‍ച്ചയില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ഒത്തുതീര്‍പ്പായെന്നാണ് കഴിഞ്ഞ ദിവസം എംപ്ളോയീസ് സമരസമിതി അറിയിച്ചിരുന്നത്.
കമ്പനിയെ സ്ക്രാപ്പ് (ആക്രി) എന്ന നിലയില്‍ ആദ്യം വാങ്ങിയ കരാറുകാരന്‍ കെ. രാമഭദ്രന്‍ ഏതാനും തൊഴിലാളികളുമായി നടത്തുന്ന പ്രചാരണമാണ് സമരം അവസാനിപ്പിച്ചെന്ന വാദം. നാലുകോടി മാത്രം നഷ്ടപരിഹാരം എന്ന ഒത്തുതീര്‍പ്പ് വന്നാല്‍ ഓരോ തൊഴിലാളിക്കും ഒരുലക്ഷം രൂപ വരെയാണ് കുറവുവരുക. രാമഭദ്രനില്‍ നിന്ന് കമ്പനി വാങ്ങിയ കെ. മണികണ്ഠനുമായാണ് നഷ്ടപരിഹാരം സംബന്ധിച്ച് യഥാര്‍ഥ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഫാക്ടറിയിലെ അപകടകരമായ സാഹചര്യങ്ങളില്‍ പണിയെടുത്ത് നിത്യരോഗികളായി മാറിയവരാണ് തൊഴിലാളികള്‍.
2011ല്‍ കമ്പനി മണികണ്ഠന് വിറ്റ രാമഭദ്രന്‍ വീണ്ടും അവകാശം സ്ഥാപിക്കുന്നതിനാണ് ആറംഗ തൊഴിലാളി സംഘത്തെ കൂട്ടുപിടിച്ച് ഡിസംബര്‍ 26ന് എഗ്രിമെന്‍റ് ഉണ്ടാക്കിയത്. കരാറുകാര്‍ തമ്മിലെ തര്‍ക്കത്തില്‍ തൊഴിലാളികള്‍ പക്ഷംപിടിക്കാന്‍ ആഗ്രഹിക്കുന്നില്ല. മണികണ്ഠന്‍ കമ്പനികളുടെ ഡയറക്ടറായ ടി.ആര്‍. ഷണ്‍മുഖം ടെസിലിന്‍െറ നിയന്ത്രണം ഏറ്റെടുക്കാന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കമ്പനിയുടെ സാധനങ്ങളൊന്നും രാമഭദ്രന്‍ പുറത്തുകൊണ്ടുപോകരുതെന്ന് താല്‍ക്കാലിക വിധിയും കേസില്‍ സമ്പാദിച്ചു. മണികണ്ഠനുമായി കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ മുന്‍ ഡി.സി.സി പ്രസിഡന്‍റ് കുര്യന്‍ ജോയി, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് ഒപ്പിട്ട കരാര്‍ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കള്ളക്കളികള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും അവര്‍ പറഞ്ഞു.
ജനുവരി രണ്ട് മുതല്‍ ആനുകൂല്യവിതരണം തുടങ്ങുമെന്നാണ് നേരത്തേ എംപ്ളോയീസ് സമരസമിതി അറിയിച്ചിരുന്നത്. ഏകദേശം 670 തൊഴിലാളികളുണ്ടായിരുന്ന ടെസിലില്‍ 265പേര്‍ക്ക് 2011ല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. ബാക്കി 473 തൊഴിലാളികളാണ് ആനുകൂല്യങ്ങള്‍ക്കായി സമരരംഗത്തുള്ളത്. സി.ഐ.ടി.യു നേതാവ് വി.ആര്‍.ഭാസ്കരന്‍െറ നിര്‍ദേശപ്രകാരം കമ്പനി വാങ്ങിയ രാമഭദ്രനുമായി ചര്‍ച്ച നടത്തിയെന്നാണ് ടെസില്‍ എംപ്ളോയീസ് സമരസമിതി അറിയിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com