ചാരുംമൂട്: കണ്‍സ്യൂമര്‍ഫെഡിന്‍െറ നന്മ സ്റ്റോറുകള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചവര്‍ പ്രതിസന്ധിയില്‍. നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിന് ആരംഭിച്ച നന്മ സ്റ്റോറുകള്‍ തുടങ്ങുന്നതിന് ചുനക്കര,വള്ളികുന്നം,താമരക്കുളം,നൂറനാട് പഞ്ചായത്തുകളിലായി അനുമതി ലഭിച്ചവരാണ് അധികൃതരുടെ അനാസ്ഥമൂലം പ്രതിസന്ധിയിലായത്. ആകെ 25 സ്റ്റോറുകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ താമരക്കുളം പഞ്ചായത്തില്‍ അനുവദിച്ച മൂന്ന് സ്റ്റോറുകള്‍ മാത്രമാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
കുടുംബശ്രീ യൂനിറ്റുകള്‍,സംഘങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണ് സ്റ്റോറുകള്‍ തുടങ്ങുന്നതിന് അപേക്ഷ സ്വീകരിച്ചത്. ഇതിനായി കട കണ്ടെത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തശേഷം കഴിഞ്ഞ മേയില്‍ കണ്‍സ്യൂമര്‍ ഫെഡുമായി എഗ്രിമെന്‍റ് വെക്കുകയും ചെയ്തു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റോറുകള്‍ തുടങ്ങുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് കടകള്‍ അഞ്ചുവര്‍ഷത്തേക്ക് വാടകയില്ലാതെ ലഭിക്കണമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് പറയുന്നത്. എന്നാല്‍, വാടകയില്ലാതെ ദീര്‍ഘകാലയളവില്‍ കടകള്‍ നല്‍കാന്‍ ആരും തയാറല്ല. ഇതിനാല്‍ അംഗീകാരം ലഭിച്ചവര്‍ വന്‍തുക അഡ്വാന്‍സും വാടകയും നല്‍കിയാണ് കടകള്‍ തരപ്പെടുത്തിയത്. കണ്‍സ്യൂമര്‍ഫെഡിന്‍െറ നേതൃത്വത്തില്‍ കടകള്‍ പെയ്ന്‍റ് ചെയ്തെങ്കിലും മറ്റ് സൗകര്യം ഒരുക്കിയില്ല. സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങാത്തതിന്‍െറ പേരില്‍ മാസന്തോറും വിവിധ ഇനങ്ങളിലായി ആയിരക്കണക്കിന് രൂപയാണ് അനുമതി ലഭിച്ചവര്‍ അടക്കേണ്ടിവരുന്നത്. കട വാടകയിനത്തില്‍ 1000 മുതല്‍ 2000 രൂപ വരെയും നെറ്റ് കണക്ഷന്‍ ചാര്‍ജ് ഇനത്തില്‍ 500 രൂപയോളവുമാണ് അടച്ചുകൊണ്ടിരിക്കുന്നത്. അനുമതി ലഭിച്ച കുടുംബശ്രീ, സംഘം പ്രവര്‍ത്തകരെ ഇത്തരത്തിലുള്ള സാമ്പത്തിക ബാധ്യതയിലേക്ക് കൊണ്ടെത്തിച്ച കണ്‍സ്യൂമര്‍ ഫെഡിന്‍െറ നടപടി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നന്മ സ്റ്റോറുകളില്‍ ഒരു ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡും ഒരാളെ അനുമതി ലഭിച്ചവരുമാണ് നിയമിക്കേണ്ടത്. ഇതില്‍ താല്‍ക്കാലികമായി അനുമതി ലഭിച്ചയാളെ സ്റ്റോര്‍ ലാഭമാകുന്ന മുറക്ക് അഞ്ചുവര്‍ഷത്തിനുശേഷം സ്ഥിരമാക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ഇതിന് ഉറപ്പുനല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. താല്‍ക്കാലിക നിയമനം ലഭിക്കുന്നയാള്‍ക്ക് ദിവസവേതനമായി 250 രൂപ നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍, വേതനമായി ലഭിക്കുന്ന ഈ തുകയില്‍ നിന്നുവേണം കറന്‍റ് ചാര്‍ജ്, വാടക, മറ്റ് ആവശ്യങ്ങളെല്ലാം നിറവേറ്റണ്ടത്. ഇതും അനുമതി ലഭിച്ചവരെ ബുദ്ധിമുട്ടിലാക്കുന്നു.
പഞ്ചായത്തുകളില്‍ ആവശ്യത്തിലധികം സ്റ്റോറുകള്‍ അനുവദിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പഞ്ചായത്തുകള്‍ വഴി അനുമതി ലഭിച്ചത് കൂടാതെ കണ്‍സ്യൂമര്‍ഫെഡ് നേരിട്ടും അനുമതി നല്‍കിയിട്ടുണ്ട്. ഇതാണ് കൂടുതല്‍ സ്റ്റോറുകള്‍ ഉണ്ടാകാന്‍ കാരണമെന്ന് പറയുന്നു. എന്നാല്‍, ദൂരപരിധി ഇല്ലാതെ പഞ്ചായത്തുകളില്‍ വ്യാപകമായി സ്റ്റോറുകള്‍ അനുവദിക്കുന്നത് സുഗമമായ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്റ്റോറുകള്‍ തുടങ്ങാനുള്ള കാലതാമസം രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വടംവലിയാണെന്നും ആക്ഷേപമുണ്ട്. സി.പി.എം അനുകൂല ഉദ്യോഗസ്ഥര്‍ കൂടുതലുള്ള കണ്‍സ്യൂമര്‍ ഫെഡില്‍ അവര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കിയെന്നാണ് ആരോപണം. എന്നാല്‍,ഇത് അറിഞ്ഞ സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ അവര്‍ക്ക് അനുകൂലമായ ആള്‍ക്കാര്‍ക്കും അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇത് സ്റ്റോറുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കാലതാമസം വരുത്തുന്നതായും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍