കൊച്ചി: മാതാപിതാക്കള്‍ നഷ്ടപ്പെട്ട പ്രണവിന് സഹായ ഹസ്തവുമായി ‘കുക്കു’ ബസ് നിരത്തിലിറങ്ങി. നാട്ടുകാരും ഉത്സാഹത്തോടെ അണിചേര്‍ന്നതോടെ ബസ് യാത്ര മറ്റൊരു മാതൃകയായി. തിങ്കളാഴ്ച ലഭിക്കുന്ന കലക്ഷന്‍ തുക പ്രണവിനായി മാറ്റിവെക്കുമെന്ന് ബസ് ഉടമ ഹക്കീം വ്യക്തമാക്കിയിരുന്നു. പുതുവത്സര ആശംസകളോടെ സാന്താക്ളോസിനൊപ്പം അലങ്കരിച്ച ബസിന്‍െറ യാത്ര രാവിലെ ഒമ്പതിന് ഏലൂരില്‍ നഗരസഭാ ചെയര്‍മാന്‍ ജോസഫ് ആന്‍റണി ഫ്ളാഗ് ഓഫ് ചെയ്തു. തേവര ഫെറി- ഏലൂര്‍ റൂട്ടിലോടുന്ന ബസില്‍ യാത്ര സൗജന്യമായിരുന്നു. എന്നാല്‍, ബസിനുള്ളില്‍ മൂന്ന് പെട്ടികള്‍ സജ്ജീകരിച്ചിരുന്നു. ഇതില്‍ യാത്രക്കാര്‍ പണം നിക്ഷേപിച്ചു. ഇത് ചൊവ്വാഴ്ച നഗരസഭാ ചെയര്‍മാന്‍ ജോസഫ് ആന്‍റണിയുടെ സാന്നിധ്യത്തില്‍ പ്രണവിന്‍െറ വീട്ടിലെത്തിക്കും. ബസില്‍ കയറിയ എല്ലാവരും സഹകരിച്ചതായി ഉടമ അബ്ദുല്‍ ഹക്കീം പറഞ്ഞു. മാതാപിതാക്കള്‍ നഷ്ടപ്പെടുകയും ഏക ആശ്രയമായിരുന്ന ഇളയച്ഛന്‍ മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിക്കുകയും ചെയ്തതോടെയാണ് പ്രണവ് ഒറ്റപ്പെട്ടത്. ഇപ്പോള്‍ മുത്തച്ഛന്‍െറയും മുത്തശ്ശിയുടെയും തണലിലാണ് ചെറായി കോവില്‍ തെക്കേ വളപ്പില്‍ സഗീഷിന്‍െറയും ജിജിയുടെയും മകനായ ഈ നാലുവയസുകാരന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍