12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

തീ അണയാതെ പുന്നോല്‍; പ്രദേശം ആരോഗ്യ ഭീഷണിയില്‍

തലശ്ശേരി: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ പടര്‍ന്ന തീ അണയാത്തത് പ്രദേശ വാസികളില്‍ ഗുരുതര ആരോഗ്യ ഭീഷണിയുയര്‍ത്തുന്നു. ഞായറാഴ്ച രാവിലെയോടെ പടര്‍ന്ന തീ തിങ്കളാഴ്ച രാത്രി തലശ്ശേരി, വടകര എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമമാരംഭിച്ചു. വര്‍ഷങ്ങളായുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ തീ പെട്ടെന്ന് അണയാന്‍ സധ്യതയില്ലെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ വിശദീകരണം.
ആശുപത്രി മാലിന്യങ്ങളും പ്ളാസ്റ്റിക്കുകളും കത്തിയുള്ള പുക രണ്ട് ദിവസങ്ങളിലായി പ്രദേശം മുഴുവന്‍ വ്യാപിക്കുകയാണ്. ഇതു മൂലം പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളില്‍ കടുത്ത ചുമ, കണ്ണെരിച്ചില്‍, ശ്വാസ തടസ്സം, തല കറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പ്രശ്നം ഇത്ര രൂക്ഷമായിട്ടും ന്യൂമാഹി പഞ്ചായത്ത്, തലശ്ശേരി നഗരസഭ, ന്യൂ മാഹി പൊലീസ്, ആരോഗ്യ, റവന്യൂ വകുപ്പ് അധികൃതര്‍ എന്നിവര്‍ തീര്‍ത്തും നിസ്സംഗതയാണ് കാണിക്കുന്നത്. തീപിടിത്തത്തില്‍ നഗരസഭക്ക് ഒരു പങ്കുമില്ലെന്നും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, രണ്ട് ദിവസമായിട്ടും സംഭവത്തില്‍ ന്യൂ മാഹി പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിട്ടും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല.
സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിന്‍െറ തോതും തീരദേശ നിയമ ലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴ്ച ഇവിടെ തീപിടിത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക്ക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് ബോധപൂര്‍വം തീയിട്ടതാണെന്ന സംശയം പ്രദേശ വാസികള്‍ ഉന്നയിച്ചിരുന്നു. പെട്ടിപ്പാലത്തുള്ള മാലിന്യം തള്ളലിനെതിരെ കോസ്റ്റല്‍ സോണ്‍ അതോറിറ്റിയിലും ഓംബുഡ്സ്മാനിലും കേസ് നിലനില്‍ക്കെ, അവ അട്ടിമറിക്കാനാണ് മാലിന്യം കത്തിച്ചതെന്ന് സമരസമിതി നേതാക്കളും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ നിഗമനവും.
ഇത്രയും വിശാലമായ പ്രദേശത്ത് സ്വാഭാവികമായ തീപിടിത്തം സംഭവിക്കില്ലെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തലശ്ശേരി ഫയര്‍ഫോഴ്സ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച വൈകീട്ടും തീയണയാത്തതിനെതുടര്‍ന്ന് പ്രക്ഷോഭം ശക്തമായി.
പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.ടി.എം. സയ്യിദ് സഫിയാസ്, മമ്മൂട്ടി, ജുനൈദ് മുസാവ, ഇഫ്തികര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമരസമിതി നേതാക്കള്‍ വിവമറിയിച്ചതിനെതുടര്‍ന്ന് റവന്യൂ, പൊലീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതരായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് തലശ്ശേരി സബ്കലക്ടര്‍ ടി.വി. അനുപമ, തഹസില്‍ദാര്‍ കെ. സുബൈര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സനല്‍കുമാര്‍, തലശ്ശേരി സി.ഐ എം.പി. വിനോദ് എന്നിവരെത്തിയത്.
പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷറഫ്, സോളിഡാരിറ്റി അസി. സെക്രട്ടറി ജുനൈദ് മുസാവ, മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, കെ.പി. സദീര്‍, ആയിഷ എന്നിവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com