12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

‘സേവനത്തിനുപകരം പണം’ പദ്ധതി

‘സേവനത്തിനുപകരം പണം’ പദ്ധതി

പുതുവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്ന വന്‍പദ്ധതിയെപ്പറ്റി ഗൗരവപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നു. പൊതുസേവനങ്ങളും ക്ഷേമപദ്ധതികളും ‘ആധാര്‍’ (യു.ഐ.ഡി) പദ്ധതി മുഖേന ലഭ്യമാക്കുക, സേവനങ്ങള്‍ക്കു പകരമായി ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുക എന്നിവയാണ് പുതിയ പരിപാടിയുടെ പ്രത്യേകതകള്‍. വാര്‍ധക്യ, വിധവാ പെന്‍ഷനുകള്‍, പ്രസവാനുകൂല്യങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങി നിലവിലുള്ള 31 ക്ഷേമപദ്ധതികള്‍ പുതുവര്‍ഷത്തോടെ ‘ആധാറു’മായി ബന്ധപ്പെടുത്തും. ഇന്ത്യയിലെ 51 ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുക. ധനസഹായങ്ങള്‍ കാര്യക്ഷമമായി വിതരണം നടത്തുന്നത് കൊള്ളാം. അതേസമയം, തെരഞ്ഞെടുപ്പ് വര്‍ഷമായ 2014ഓടെ പൊതുവിതരണ സംവിധാനവും (പി.ഡി.എസ്) ഭക്ഷ്യ-ആരോഗ്യ-ശുശ്രൂഷ-ഇന്ധന-വളം സബ്സിഡികളും കൂടി ഇന്ത്യയിലൊട്ടുക്കുമായി ഇപ്രകാരമാക്കുന്നുണ്ട്. പാവങ്ങള്‍ക്ക് കിട്ടേണ്ട സഹായങ്ങള്‍ ആധാര്‍ മുഖേനയുള്ള പണവിതരണത്തിലൂടെ (എ.ഇ.സി.ടി) ക്രമീകരിക്കും. ഇതിനുവേണ്ടി എല്ലാവരും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങേണ്ടതുണ്ട്. എന്നാല്‍, രാജ്യത്തെ ആറു ലക്ഷത്തിലധികം വരുന്ന ഗ്രാമങ്ങളിലെല്ലാംകൂടി 32,000 ബാങ്കുകളേ ഉള്ളൂ. ഈ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യ ഏജന്‍റുമാരെ (ബാങ്കിങ് കറസ്പോണ്ടന്‍റുമാര്‍ -ബി.സിമാര്‍) നിശ്ചയിക്കും. അവര്‍ പണ്ടത്തെ അഞ്ചല്‍ക്കാരുടെ ഹൈടെക് പതിപ്പുകളായി, കൊണ്ടുനടക്കാവുന്ന കൊച്ചു എ.ടി.എമ്മുകള്‍ കൈയിലേന്തി ഗുണഭോക്താക്കള്‍ക്ക് പണം എത്തിച്ചുകൊടുത്തുകൊണ്ടിരിക്കും. ഈ ബൃഹത്തായ പദ്ധതി മൂന്നു ഘട്ടങ്ങളായി നടപ്പാക്കിക്കഴിയുന്നതോടെ രാജ്യമെങ്ങും സര്‍ക്കാര്‍ സേവനങ്ങളും സബ്സിഡിയും പണമായി ഗുണഭോക്താക്കള്‍ക്ക് കാര്യക്ഷമതയോടെ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. അടുത്ത രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ഇത് ഉതകുമെന്ന് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ഭാരവാഹികളോട് പറഞ്ഞതില്‍നിന്ന്, പദ്ധതിക്കു പിന്നിലെ രാഷ്ട്രീയ താല്‍പര്യം വ്യക്തമാണ്.
ജനങ്ങള്‍ക്ക് കാര്യക്ഷമമായ സേവനവും ഭരണവും പ്രദാനം ചെയ്ത് ഭരണം നിലനിര്‍ത്തുകയെന്നത് മോശമൊന്നുമല്ല. എന്നാല്‍, ഭരണം നിലനിര്‍ത്താനോ നഷ്ടപ്പെടുത്താനോ ഏതിനാണ് ഈ പദ്ധതി സഹായിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വംതന്നെ ആലോചിക്കേണ്ടതുണ്ട്. കാരണം, ചുരുങ്ങിയത് മൂന്നുതരം പ്രശ്നങ്ങളെങ്കിലും ഈ പദ്ധതിക്കുണ്ട്: പ്രായോഗിക തടസ്സങ്ങള്‍, അഴിമതി സാധ്യത, അവകാശനിഷേധ സാധ്യത എന്നിവ. ആധാര്‍ മുഖേന പണം വിതരണം ചെയ്യുന്ന പരിപാടിയിലെ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഗവേഷകരും ആക്ടിവിസ്റ്റുകളും മറ്റുമടക്കം 208 പ്രമുഖര്‍ ചേര്‍ന്ന് കഴിഞ്ഞദിവസം ഇറക്കിയ കുറിപ്പില്‍ കുറേ പ്രശ്നങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇവക്കുപുറമെ, എ.ഇ.സി.ടിയുടെ രണ്ട് പരീക്ഷണ പദ്ധതികള്‍ (പൈലറ്റ് പ്രോജക്ടുകള്‍) ഝാര്‍ഖണ്ഡിലെ രാംഗഢിലും രാജസ്ഥാനിലെ കോട്കാസിമിലും ഒരു വര്‍ഷം മുമ്പ് നടപ്പാക്കിയത് വന്‍ പരാജയങ്ങളായിരുന്നു എന്നത്, പ്രായോഗിക പ്രയാസങ്ങള്‍ക്ക് അടിവരയിടുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള പണം രാംഗഢില്‍ രണ്ടു ശതമാനം ഗുണഭോക്താക്കള്‍ക്കുപോലും എത്തിക്കാനായില്ല. കോട്കാസിമില്‍ മണ്ണെണ്ണ സബ്സിഡി വാങ്ങാന്‍ കഴിഞ്ഞ ഗുണഭോക്താക്കള്‍ 52 ശതമാനം മാത്രം. അവരിപ്പോള്‍ ആവശ്യപ്പെടുന്നത്, പദ്ധതി എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കണമെന്നാണ് -തങ്ങളുടെ പ്രയാസം മറ്റുള്ളവരും അനുഭവിച്ചാലേ മനസ്സിലാകൂ എന്ന്!
അഴിമതിയുടെ വിശാലമായ വാതിലാണ് ഈ പദ്ധതിവഴി തുറക്കുകയെന്ന് സര്‍ക്കാറിലും പുറത്തുമുള്ള ഒട്ടനേകം പേര്‍ കരുതുന്നു. രാജ്യത്തെ 20 ക്ളസ്റ്ററുകളാക്കിയാണ് പദ്ധതി നടപ്പാക്കുക. ഓരോന്നിലും വിതരണച്ചുമതല ഓരോ കമ്പനിയെ ഏല്‍പിക്കും. ലേലം വിളിച്ചാവും കമ്പനികളെ നിശ്ചയിക്കുക. നിലവിലെ പൊതുവിതരണ സംവിധാനവും മറ്റും തകര്‍ത്ത് ഇത്തരമൊരു സ്വകാര്യ ശൃംഖല സ്ഥാപിക്കുമ്പോള്‍ വന്‍തോതില്‍ പണം ചോരുമെന്നുറപ്പാണ്. ആധാര്‍, എന്‍.പി.ആര്‍ തുടങ്ങിയ പദ്ധതികള്‍ക്കു പിന്നിലും കാര്യക്ഷമതയേക്കാള്‍ മറ്റു ചില താല്‍പര്യങ്ങളാണുള്ളതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഇപ്പോള്‍ ലക്ഷ്യമിടുന്ന 51 ജില്ലകളില്‍, മൂന്നില്‍ രണ്ടു പേര്‍ക്കുപോലും ആധാര്‍ നമ്പര്‍ കിട്ടിയിട്ടില്ല; പദ്ധതി നടപ്പാക്കുന്നത് ഗുണഭോക്താക്കളെ ഉദ്ദേശിച്ചായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ. പണം ഗുണഭോക്താക്കള്‍ക്കുതന്നെ കിട്ടിയാല്‍പോലും ദുരുപയോഗസാധ്യത ഏറെയാണ്. പി.ഡി.എസ് വഴി ഭക്ഷ്യസാധനങ്ങള്‍ നല്‍കിയാല്‍ അത് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും; മറിച്ച് ഇപ്പോള്‍ ഉദ്ദേശിക്കുന്നതുപോലെ പണമായോ കൂപ്പണായിപ്പോലുമോ സഹായം നല്‍കുന്നതോടെ ഗുണഭോക്താക്കള്‍ വിപണിയുടെ കളികള്‍ക്കിരയാകും. തന്നെയുമല്ല, പണം കൊടുത്താല്‍ അത് കള്ളുഷാപ്പുകളിലും മറ്റുമായി എത്താനുള്ള സാധ്യതയും ഏറെയാണ്.
സാമൂഹിക-വ്യക്തിഗത അവകാശങ്ങള്‍ ഇല്ലാതാക്കാനും ഈ പദ്ധതി ഇടവരുത്തും. ഇന്ത്യയിലെ പി.ഡി.എസ് തകരുമെന്നതാണ് ഒരു ഫലം. അത് തകര്‍ക്കാന്‍ ഡങ്കല്‍ കരാര്‍ മുതല്‍ ഐ.എം.എഫും ലോകബാങ്കും നിരന്തരം ശ്രമിച്ചിട്ടുണ്ട്. ഓരോ തവണയും ജനകീയ ചെറുത്തുനില്‍പാണ് പി.ഡി.എസിനെ ദുര്‍ബലരൂപത്തിലെങ്കിലും നിലനിര്‍ത്തിയത്. ഇപ്പോഴത്തെ ‘കാഷ് ട്രാന്‍സ്ഫര്‍’ പരിപാടി നടപ്പാകുന്നതോടെ റേഷന്‍കടകള്‍ അല്‍പാല്‍പമായി ഇല്ലാതാകും. അവയുടെ സ്ഥാനത്ത് ബി.സിമാര്‍ എന്ന സ്വകാര്യ ഏജന്‍റുകള്‍ ചൂഷകരായി എത്തും. ബി.സിമാരുടെയും സ്വകാര്യ കമ്പനികളുടെയും ദയക്ക് വിധേയരാവും സാധാരണക്കാര്‍; അവരുടെ വിവേചനങ്ങളും പക്ഷപാതിത്വവുമെല്ലാം വലിയ ദുരുപയോഗസാധ്യത സൃഷ്ടിക്കും. ആധാര്‍, എന്‍.പി.ആര്‍ തുടങ്ങിയവയില്‍ ശേഖരിക്കപ്പെടുന്ന വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാകുമ്പോള്‍ ഉണ്ടാകാവുന്ന മനുഷ്യാവകാശ പ്രശ്നങ്ങളും നിസ്സാരമല്ല. നിയമപരമോ ഭരണഘടനാപരമോ ആയ സാധുത ഇല്ലാതെയാണ് യു.ഐ.ഡി പദ്ധതി തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച 2010ലെ ബില്‍ പരിശോധിച്ച പാര്‍ലമെന്‍റ് സ്ഥിരംസമിതി, അതിന് ദിശാബോധമില്ലെന്നും അത് ആശ്രയിക്കാവുന്നതോ സുരക്ഷിതമോ അല്ലെന്നും വിലയിരുത്തിയിരുന്നു. ജനങ്ങള്‍ക്ക് പ്രയാസവും സര്‍ക്കാറിനു തന്നെയും അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ തലവേദനയുമുണ്ടാക്കാന്‍ പോന്ന ഈ പദ്ധതി നിര്‍ത്തിവെക്കുന്നതാണ് നന്നാവുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com