തിരുവനന്തപുരം: കെ.എസ്.ടി. എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം നേതാവുമായ റഷീദ് കണിച്ചേരിയെ പാര്‍ട്ടി തരംതാഴ്ത്തി. സി.പി.എം പാലക്കാട് കിണാശ്ശേരി ലോക്കല്‍ കമ്മിറ്റിഅംഗമായ ഇദ്ദേഹത്തെ പ്രാഥമിക അംഗത്വമായ ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്. പുതുശ്ശേരി ഏരിയാ കമ്മിറ്റിയുടെ അച്ചടക്ക നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും അംഗീകാരം നല്‍കി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്‍െറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും സി.പി.എം നേതാവുമായ പി. കൃഷ്ണനെതിരെ ആരോപണം ഉന്നയിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പ്രസിഡന്‍റിന് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഒരു പാര്‍ട്ടി അംഗത്തിന് എതിരെ മറ്റൊരു പാര്‍ട്ടിഅംഗം പാര്‍ട്ടിക്ക് പുറത്ത് പരാതി നല്‍കുക, സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ ആളെ ചൈല്‍ഡ് വെല്‍ഫയര്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വഴിയൊരുക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുതുശ്ശേരി ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍ റഷീദ് കണിച്ചേരി പരാജയപെട്ടപ്പോള്‍ മകന്‍ മിഥിന്‍ കണിച്ചേരി ഏരിയാ കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാന സമിതിയില്‍ ക്ഷണിതാവായ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എം.ബി. രാജേഷ് ജാമാതാവുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍