12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

നേതൃത്വം ആത്മവിശ്വാസത്തില്‍; സമ്മര്‍ദം വി.എസിനു മേല്‍

തിരുവനന്തപുരം: മൂന്ന് വിശ്വസ്തരെ പുറത്താക്കി സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ വെല്ലുവിളി വി.എസ്. അച്യുതാനന്ദന്‍ എങ്ങനെ നേരിടുമെന്നതാണ് വരും ദിവസങ്ങളില്‍ നിര്‍ണായകമാവുക. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റി നിലപാട് വരുംവരെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്കൊപ്പം വി.എസും സംയമനം പാലിക്കുമെങ്കിലും സമ്മര്‍ദം അദ്ദേഹത്തിന് മേലായിരിക്കും.
സംസ്ഥാന നേതൃത്വത്തിന്‍െറ നടപടിയില്‍ എന്ത് നിലപാട് സ്വീകരിച്ചാലും ഒറ്റപ്പെടുക വി.എസാവും. സംസ്ഥാന സമിതിയുടെ അച്ചടക്ക നടപടി അംഗീകരിച്ച് സ്റ്റാഫിനെ നീക്കാന്‍ കഴിയില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിക്കുകയും അത് കേന്ദ്ര കമ്മിറ്റി തള്ളുകയും ചെയ്താല്‍ പാര്‍ട്ടിയില്‍ വി.എസിന്‍െറ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. പ്രതിപക്ഷ നേതൃസ്ഥാനം ഉള്‍പ്പെടെ ഒഴിയുന്നത് അദ്ദേഹത്തിന് പരിഗണിക്കേണ്ടിയും വരും.
മറിച്ച് പേഴ്സനല്‍ സ്റ്റാഫിനെ പുറത്താക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്‍െറ നിലപാടിനെ അംഗീകരിക്കുന്ന കേന്ദ്ര കമ്മിറ്റി തീരുമാനം ശിരസ്സാവഹിക്കുകയാണെങ്കില്‍ ഒപ്പം നിന്നവരെ സംരക്ഷിക്കാത്ത നേതാവ് എന്ന ആരോപണം ഒരിക്കല്‍ക്കൂടി വി.എസിന് മേല്‍ ഉറപ്പിക്കപ്പെടും.
കടുത്ത കുറ്റം ചെയ്തുവെന്ന് കമീഷന്‍ കണ്ടെത്തിയവര്‍ക്ക് എതിരെ നടപടി എടുക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്ര നേതൃത്വത്തിന് കൈക്കൊള്ളാനാകില്ലെന്ന് അറിയാവുന്ന സംസ്ഥാന നേതൃത്വം ആത്മവിശ്വാസത്തിലുമാണ്. തനിക്ക് ഏറെ വിശ്വസ്തരായ മൂന്നു പേരുടെ കാര്യത്തില്‍ വി.എസ് എടുക്കുന്ന നിലപാടുകള്‍ അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിനെ ഏറെയൊന്നും അലട്ടുന്നുമില്ല. പുറത്താക്കിയവര്‍ക്ക് പകരം പ്രതിപക്ഷ നേതാവിന്‍െറ പുതിയ സ്റ്റാഫിനെ നിയമിക്കുന്നതടക്കമുള്ളത് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരമെന്ന സാധാരണ പാര്‍ട്ടി നടപടി ക്രമത്തിന് ശേഷം പരിഗണിക്കാമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.
അതേസമയം തന്നെ സി.പി.എമ്മിനുള്ളിലും പുറത്തും രാഷ്ട്രീയ ഗതിവിഗതികള്‍ നിശ്ചയിക്കുന്ന വി.എസ് എന്ന ഒറ്റയാന്‍ പ്രതിഭാസത്തെയും ഒരിടവേളക്ക് ശേഷം സംസ്ഥാന നേതൃത്വം മറികടക്കുന്നതിന്‍െറ വ്യക്തമായ സൂചനകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പാര്‍ട്ടിക്കുള്ളിലുണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. സി.പി.എമ്മിനെ നിയന്ത്രിക്കുന്ന വ്യക്തി കേന്ദ്രീകൃത അവസ്ഥയില്‍ നിന്ന് പാര്‍ട്ടി നയപരിപാടികള്‍ക്ക് മേല്‍ക്കോയ്മ ലഭിക്കുന്ന നിലയിലേക്കാണ് സംസ്ഥാന നേതൃത്വം നടപ്പാക്കുന്നതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്‍െറ ഭാഗമായാണ് വി.എസ് ഉന്നയിച്ചിരുന്ന ഭൂമി പ്രശ്നം ഉള്‍പ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തി സി.പി.എം ഭൂസമരത്തിന് ഒരുങ്ങുന്നത്. മാത്രമല്ല സംസ്ഥാന സര്‍ക്കാറിന് എതിരെ പാര്‍ട്ടി, എല്‍.ഡി.എഫ് എന്ന നിലയില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തുന്നതും ഇതിന്‍െറ ഭാഗമായാണ്. വി.എസിനേക്കാള്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ ഇടത് രാഷ്ട്രീയത്തിന്‍െറ നേതൃസ്ഥാനത്തേക്ക് പ്രത്യക്ഷമായി കടന്ന് വരികയും ഒപ്പം വി.എസിന്‍െറ പാര്‍ട്ടി വിരുദ്ധ വ്യതിയാനങ്ങള്‍ക്ക് കടിഞ്ഞാണിടുകയുമെന്ന തന്ത്രമാണ് നടപ്പാക്കപ്പെടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com