ആഗോളീകരണത്തിന്‍െറയും നിയോലിബറലിസത്തിന്‍െറയും പ്രത്യയശാസ്ത്ര ചിന്തകള്‍ സാധാരണക്കാരന്‍െറ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ ദരിദ്രമാക്കുകയാണ്. എല്ലാ ദിവസവും പത്രങ്ങളില്‍ വരുന്ന വാര്‍ത്ത വിലക്കയറ്റത്തിന്‍േറതാണ്. 2013ല്‍ ഡീസലിന് 10 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് വാര്‍ത്ത. ഡീസലിന് വില കൂടുമ്പോള്‍ ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ എല്ലാ നിത്യോപയോഗ വസ്തുക്കള്‍ക്കും തീവിലയാവും. ദരിദ്രരായ മനുഷ്യര്‍ അതിജീവനത്തിന് പ്രയാസപ്പെടും. ഇത്തരം സാഹചര്യങ്ങളില്‍ കേരളത്തിലെ ജനതക്ക് ആശ്വാസവും അത്താണിയുമായി നിന്നിരുന്ന പ്രസ്ഥാനമാണ് സി.പി.എം. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജീര്‍ണത ബാധിക്കാന്‍ തുടങ്ങി. അതിന്‍െറ ഫലമായി ജനങ്ങളുടെ വിമോചക മുന്നണി എന്ന സ്ഥാനം കൈവിടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയാറായി. എന്നാല്‍, ഇതിനെതിരെ പാര്‍ട്ടിക്കകത്ത് കലാപങ്ങള്‍ ഉയര്‍ന്നു.
ഇടതുപക്ഷം നെഞ്ചേറ്റിയിരുന്ന ഒരുപാട് വിഷയങ്ങള്‍ അത് കൈയൊഴിഞ്ഞു. മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യന് സ്വന്തമായി ഭൂമി, തീണ്ടലും അയിത്തവും റദ്ദുചെയ്തുകൊണ്ട് കീഴാള വിഭാഗങ്ങള്‍ക്ക് സാമൂഹികനീതി, തൊഴിലെടുക്കാന്‍ കഴിവുള്ളവര്‍ക്ക് തൊഴിലും തൊഴിലിന് മാന്യമായ വേതനവും, ദരിദ്രരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസം, ജനങ്ങള്‍ക്ക് സമ്പൂര്‍ണ ആരോഗ്യപരിപാലനം, നീതിപൂര്‍വമായ സാമൂഹിക വികസനം -ഇതെല്ലാം മുന്നില്‍വെച്ച് ദരിദ്രപക്ഷ ജനവിഭാഗങ്ങള്‍ക്ക് മോചനം വാഗ്ദാനം ചെയ്യുന്ന പ്രവര്‍ത്തനമാണ് മുന്‍കാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദിച്ചുയര്‍ന്ന് പുത്തന്‍കൂറ്റുകാരായ നേതാക്കള്‍ അധികാരത്തിന് വിധേയമായപ്പോള്‍ പാവപ്പെട്ടവന്‍െറ വിമോചനം ചെണ്ടകൊട്ടി പറയാനുള്ള പ്രചാരണായുധം മാത്രമായി മാറി. പ്രത്യയശാസ്ത്രപരമായി പാര്‍ട്ടി നേതാക്കള്‍ ഉപരിവര്‍ഗ ചിന്താഗതിക്കാരായി. മണല്‍, ചന്ദന മാഫിയകള്‍ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി. ഗുണ്ടകളും സാമൂഹികദ്രോഹികളും അതിന്‍െറ റിസര്‍വ് ഫോഴ്സായി മാറി. അതിന്‍െറ ഫലമായി പാര്‍ട്ടിതന്നെ അധോലോക സംഘമായി. ആ പരിണാമത്തിന്‍െറ അവസാന ഇരകളില്‍ ഒരാളായിരുന്നു ടി.പി. ചന്ദ്രശേഖരന്‍. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വ്യതിയാനത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ കലാപകാരികളായി. ആ കലാപത്തിന്‍െറ ഊര്‍ജസ്രോതസ്സായി മാറിയ ഒരു നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്‍. പാര്‍ട്ടി എടുത്ത എല്ലാ ജനവിരുദ്ധ നിലപാടുകളെയും അച്യുതാനന്ദന്‍ എതിര്‍ത്തു. അദ്ദേഹത്തിന്‍െറ എതിര്‍പ്പുകള്‍ പാര്‍ട്ടിയില്‍ വലിയ തോതിലുള്ള വിമത നീക്കത്തിന് വഴിയൊരുക്കി. പാര്‍ട്ടിയുടെ ഔദ്യാഗിക നേതൃത്വം അധികാരത്തിലും അഴിമതിയിലും മുങ്ങി. അതിനെ രൂക്ഷമായിത്തന്നെ വി.എസ് വിമര്‍ശിച്ചു. ലാവലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറിക്ക് നേരെത്തന്നെ ആ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നു. മണിച്ചനെപ്പോലുള്ള അബ്കാരികളില്‍നിന്ന് പാര്‍ട്ടി പണം വാങ്ങിയതിനെ വി.എസ് എതിര്‍ത്തു. അതുപോലെത്തന്നെ വര്‍ഗീയ ശക്തികളുമായും പണച്ചാക്കുകളുമായും പാര്‍ട്ടി നടത്തുന്ന രഹസ്യ ഇടപാടുകളെ അദ്ദേഹം ചോദ്യംചെയ്തു. ഇതെല്ലാം പാര്‍ട്ടിയില്‍ ഒരു വിമത ഇടം നിര്‍മിക്കാന്‍ സഹായിച്ചു. സി.പി.എമ്മിന്‍െറ പ്രത്യയശാസ്ത്ര വ്യതിയാനത്തെ തിരുത്താനുള്ള ശ്രമമായിട്ടാണ് ഇതിനെ പൊതുജനം കണ്ടത്. അതുകൊണ്ട് അവരെല്ലാം അദ്ദേഹത്തിനൊപ്പം നിന്നു. അത് പാര്‍ട്ടിക്ക് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
ഈ പ്രശ്ന പരിസരം സി.പി.എമ്മില്‍ പുതിയ യുദ്ധഭൂമി ഒരുക്കുകയും അതില്‍ ഒരു വിഭാഗത്തിനൊപ്പം അച്യുതാനന്ദന്‍ നിലയുറപ്പിക്കുകയും ചെയ്തു. അന്നു മുതല്‍ തുടങ്ങിയ പോരാട്ടത്തിന്‍െറ അവസാനങ്ങളിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഹിതമല്ലാത്തത് ചെയ്യുന്നവരെ വെട്ടിനിരത്തലാണ് പര്‍ജിങ് കൊണ്ട് അര്‍ഥമാക്കുന്നത്. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍െറ ഏകാധിപത്യവാഴ്ച നടന്ന പല സ്ഥലങ്ങളിലും മനുഷ്യര്‍ രാത്രിയുടെ മറവില്‍ അപ്രത്യക്ഷമാകുമായിരുന്നു. എന്നാല്‍, ഭരണകൂടങ്ങള്‍ക്ക് ജനാധിപത്യ സ്വഭാവമുള്ളിടത്ത് ഇത് സാധ്യമായിരുന്നില്ല. അവിടങ്ങളില്‍ പാര്‍ട്ടിയുടെ ഔദ്യാഗിക നിലപാടിന് എതിര് നില്‍ക്കുന്നവര്‍ അനഭിമതരാകും. അവരെ പാര്‍ട്ടി ചുണ്ണാമ്പ് തോണ്ടി അടയാളപ്പെടുത്തും. പിന്നീട് അവരെ വെട്ടിമാറ്റും. അച്യുതാനന്ദന്‍ പലവട്ടം പാര്‍ട്ടിയുടെ അടയാളപ്പെടുത്തലിന് ഇരയായ നേതാവാണ്. ആദ്യഘട്ടത്തില്‍ അദ്ദേഹം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. പിന്നീട് രണ്ടുവട്ടം പരസ്യ ശാസനക്ക് വിധേയമായി. അവസാനം അദ്ദേഹത്തിന് ശാരീരികമായും മാനസികമായും താങ്ങും തണലുമായി വര്‍ത്തിച്ചുവന്ന വിശ്വസ്തരായ കെ. ബാലകൃഷ്ണനേയും വി.കെ. ശശിധരനെയും എ. സുരേഷിനെയും പാര്‍ട്ടിയില്‍നിന്ന് വെട്ടിമാറ്റിയിരിക്കുകയാണ്. അലറുന്ന തിരമാലകള്‍ക്ക് മുന്നില്‍ കൈകാല്‍ ഛേദിച്ച് നിര്‍ത്തിയ മനുഷ്യനോട് നീന്തി രക്ഷപ്പെടാന്‍ ഉപദേശിക്കുന്നതുപോലെയാണ് സ്വന്തം വിശ്വസ്തരെ ഗളഹസ്തം ചെയ്തതിനുശേഷം വി.എസിനോട് പാര്‍ട്ടി നടത്തുന്ന ഉദ്ബോധനങ്ങള്‍.
എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് പാര്‍ട്ടിയുടെ വിധേയനായി മാറിയ വി.എസിനെയാണ് ഇപ്പോള്‍ പാര്‍ട്ടി വീണ്ടും ദുര്‍ബലപ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വന്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത രീതിതന്നെയാണ് വി.എസിന്‍െറ കാര്യത്തിലും പിന്‍തുടരുന്നത്. ആദ്യം ശിഖരങ്ങള്‍ ഛേദിച്ച് തായ്ത്തടിയെ ഒരുക്കിനിര്‍ത്തും. അതിനുശേഷം അത് വെട്ടിമറിക്കും. വി.എസിന്‍െറ കാര്യത്തില്‍ ഇപ്പോള്‍ അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരുന്ന ശാരീരിക സഹായംകൂടി മുറിച്ചു മാറ്റപ്പെട്ടിരിക്കുകയാണ്.
കീഴടങ്ങുന്ന മനുഷ്യര്‍ ഒരു കീഴടങ്ങല്‍കൊണ്ട് അതിജീവനം സാധ്യമാണെന്ന് കരുതുകയാണ് പതിവ്. എന്നാല്‍, എതിരാളി സമ്പൂര്‍ണ വിധേയത്വമാണ് അയാളില്‍നിന്ന് ആവശ്യപ്പെടുന്നത്. ഇത് തിരിച്ചറിയപ്പെടാതെ പോയതാണ് പരാജിതരായ മിശിഹകളുടെ ചരിത്രപാഠങ്ങള്‍. തന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ വാര്‍ത്താ ചോര്‍ച്ചയുടെ പേരില്‍ പുറത്താക്കാന്‍ പാടില്ലെന്ന് അച്യുതാനന്ദന്‍ ശാഠ്യം കാണിക്കുന്നുണ്ടെങ്കിലും ക്രമേണ അവ തണുത്തുപോകാനാണ് സാധ്യത. ഇത് നല്‍കുന്ന സൂചന സി.പി.എമ്മില്‍ പ്രത്യയശാസ്ത്ര പോരാട്ടങ്ങള്‍ അസ്തമിക്കുന്നു എന്നാണ്. ഇടതുപക്ഷ മൂല്യബോധത്തില്‍ അധിഷ്ഠിതമായ നിലപാടുകളില്‍നിന്ന് പാര്‍ട്ടി വഴിതെറ്റുമ്പോള്‍ അത് തിരുത്താനുള്ള മുന്നറിയിപ്പ് ശബ്ദം നിലച്ചുപോകുകയാണെന്നും നാം തിരിച്ചറിയണം. വി.എസിന്‍െറ ചിറകരിയലിന്‍െറ ആപത്സൂചന അതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍