12:30:26
07 Oct 2015
Wednesday
Facebook
Google Plus
Twitter
Rssfeed

ശാസ്ത്രം: നേട്ടവും നഷ്ടവും

ശാസ്ത്രം: നേട്ടവും നഷ്ടവും

ഒരു വര്‍ഷം കൂടി അടരുമ്പോള്‍ 2012ന്‍െറ താളില്‍ ശാസ്ത്രം നേടിയതും നഷ്ടപ്പെടുത്തിയതും മായാതെ കിടക്കുന്നു. ഇല്ലാത്തതൊന്നും കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനാവില്ല. ഉള്ളതിന്‍െറ രൂപം മാറ്റാനും മറഞ്ഞുകിടക്കുന്നതിനെ കണ്ടെത്താനുമേ കഴിയൂ. അതിനുള്ള ശാസ്ത്രത്തിന്‍െറ കൈയിലെ ഉപകരണം മാത്രമാണ് മനുഷ്യന്‍. കണ്ടെത്തിക്കഴിയുമ്പോള്‍ ശാസ്ത്രത്തിന്‍െറ കഥകഴിയുന്നു. പിന്നെ അത് ചരിത്രമാണ്. പിന്‍തലമുറകള്‍ക്കുള്ള വഴികാട്ടികള്‍.
ഇനിയും പൂര്‍ണമായി പിടിതരാത്ത ദൈവകണം, ജീവനുണ്ടെന്ന് പറയുന്ന ചൊവ്വാ ഗ്രഹം തുടങ്ങിയവയെക്കുറിച്ച കണ്ടെത്തലുകളാണ് ഈ വര്‍ഷത്തിലെ അവശേഷിപ്പുകള്‍. ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിന്‍െറ വേര്‍പാട് നഷ്ടവും. തീരുന്നില്ല പട്ടിക.

ദൈവകണത്തിന് ആദ്യതെളിവ്
അരനൂറ്റാണ്ടായി ശാസ്ത്രലോകം തേടിയ പ്രപഞ്ചത്തിലെ പദാര്‍ഥത്തിന്‍െറ പിണ്ഡത്തിന് നിദാനമായ ‘ദൈവകണ’മെന്ന ഹിഗ്സ് ബോസോണുകള്‍ക്ക് ആദ്യതെളിവ് ലഭിച്ചതായി ഗവേഷകര്‍ അറിയിച്ചു. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) നടക്കുന്ന പരീക്ഷണങ്ങളിലാണ് ഇത് വ്യക്തമായത്. ജനീവയ്ക്കു സമീപം സ്വിറ്റ്സര്‍ലന്‍ഡിന്‍െറയും ഫ്രാന്‍സിന്‍െറയും അതിര്‍ത്തിയില്‍ ഭൂമിക്കടയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്‍െറ ലക്ഷ്യങ്ങളിലൊന്ന് 'ദൈവകണം' ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കലാണ്.
എല്‍.എച്ച്.സിയിലെ സി.എം.എസ്., അറ്റ്ലസ് എന്നീ രണ്ടു പരീക്ഷണങ്ങളില്‍, 2011, 2012 വര്‍ഷങ്ങളില്‍ നടന്ന കണികാ കൂട്ടിയിടികള്‍ വിശകലനം ചെയ്തതിന്‍െറ ഫലമാണ് അവതരിപ്പിക്കപ്പെട്ടത്.
പ്രാഥമികഫലം എന്നാണ് സേണ്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കണ്ടെത്തിയത് ഹിഗ്സ് ബോസോണ്‍ തന്നെയാണെന്ന് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിശകലനം വേണം. പുതിയ കണത്തിന്റെസവിശേഷകള്‍ മനസിലാക്കണം. ഹിഗ്സ് ബോസോണിനുള്ള പ്രത്യേകതകള്‍ പുതിയ കണത്തിനുണ്ടോ എന്നറിയണം.
പ്രപഞ്ചത്തിന്‍െറ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' ഭാഗമാണ് ഹിഗ്സ് ബോസോണ്‍ എന്ന 'ദൈവകണം'. നിര്‍ണായകമാണെങ്കിലും ഈ കണം കണ്ടെത്താന്‍ അരനൂറ്റാണ്ടായി ശ്രമിച്ചിട്ടും ശാസ്ത്രലോകത്തിന് സാധിച്ചിരുന്നില്ല.

ക്യൂരിയോസിറ്റി ചൊവ്വയില്‍
ജീവന്റെതെളിവുകള്‍ തേടി ആഗസ്റ്റ് ആറിന് നാസയുടെ ക്യൂരിയോസിറ്റി പര്യവേക്ഷണ വാഹനം ചൊവ്വയിലിറങ്ങി. ചൊവ്വയില്‍ പണ്ട് ജലപ്രവാഹമുണ്ടായിരുന്നു എന്നതിന്‍െറ തെളിവുകള്‍ ഭൂമിയിലേക്കയച്ചു. നേരത്തേ ഒരു അരുവി ഒഴുകിയിരുന്നു എന്നതിന്‍െറ സൂചനകളുള്ള ചിത്രമാണ് അയച്ചത്.
ചൊവ്വയിലെ വരണ്ടുണങ്ങിയ നീര്‍ച്ചാലുകളുടെ ചിത്രങ്ങള്‍ പേടകങ്ങള്‍ നേരത്തേ പകര്‍ത്തിയിട്ടുണ്ട്. ഒരുകാലത്ത് ചൊവ്വ ജലസമൃദ്ധമായിരുന്നു എന്നതിന്‍െറ സൂചനയാണിതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് നീര്‍ച്ചാലുകളുടെ ചിത്രമെടുക്കുന്നത് ആദ്യമാണ്. ചൊവ്വാപ്രതലത്തില്‍ ജീവന്‍െറ അടിസ്ഥാനഘടകങ്ങളിലൊന്നായ കാര്‍ബണിന്‍െറ സാന്നിധ്യം ഉള്ളതായി ക്യൂരിയോസിറ്റി നടത്തിയ പരിശോധനയില്‍ സൂചന ലഭിച്ചു. ഭൂമിയില്‍ ജീവന്‍െറ ഉത്ഭവത്തിന് കാരണമായ ഘടകങ്ങളിലൊന്ന് കാര്‍ബണാണ്.

ആന്‍ഡ്രോയിഡ് ക്യാമറ
29,990 രൂപയുടെ ആന്‍ഡ്രോയിഡ് ക്യാമറയുമായി സാംസങ് നവംബറില്‍ യു.എസ്സിലും മറ്റും വിപണിയിലിറങ്ങി. ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീനിലാണ് പ്രവര്‍ത്തനം. ഇരുപതിനായിരം രൂപക്ക് നിക്കോണ്‍ കൂള്‍പിക്സ് S 800 c ആന്‍ഡ്രോയ്ഡ് ക്യാമറ ആഗസ്റ്റില്‍ ഇറക്കിയിരുന്നു. ആന്‍ഡ്രോയ്ഡ് 2.33 ജിഞ്ചര്‍ ബ്രെഡാണ് ഇതിന്‍െറ ഓപ്പറേറ്റിങ് സിസ്റ്റം. നിക്കോണ്‍ 16 മെഗാപിക്സല്‍, 10 എക്സ് സൂം, 3.5 ഇഞ്ച് ഡിസ്പ്ളേയുമുണ്ട്. ഗ്യാലക്സിയില്‍ 16.3 മെഗാപിക്സല്‍, 20.9 എക്സ് ഒപ്റ്റിക്കല്‍ സൂം, 4.77 ഇഞ്ച് ഡിസ്പ്ളേ ഉണ്ട്. രണ്ടിലും ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ്ങുണ്ട്.

വിന്‍ഡോസ് ഫോണ്‍ 8, വിന്‍ഡോസ് 8, സര്‍ഫസ് ടാബ് ലറ്റ്
ബ്രൗസിങ് വേഗത്തിന് ഇന്‍റര്‍നെറ്റ് എക്സ്പ്ളോറര്‍ 10ഉം വീഡിയോചാറ്റിങ്ങിന് സ്കൈപ്പുമായി മൈക്രോസോഫ്റ്റിന്‍െറ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ 8 ജൂണില്‍ അവതരിപ്പിച്ചു. വിന്‍ഡോസ് ഫോണ്‍ 7.5 എന്ന വേര്‍ഷന്‍െറ പരിഷ്കൃത പതിപ്പാണിത്.
ചതുരക്കള്ളികളുമായി മൈക്രോസോഫ്റ്റിന്‍െറ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 8 ഒക്ടോബറില്‍ വന്നു. സ്റ്റാര്‍ട്ട് ബട്ടണ്‍ ഇല്ലാത്ത പതിപ്പ് മൗസും കീബോര്‍ഡുമുപയോഗിക്കുന്ന ഡെസ്ക്ടോപ്പിനും ടച്ച്സ്ക്രീന്‍ ഉള്ള ടാബ്ലറ്റിനും ഉപയോഗിക്കാം.
സര്‍ഫസ് എന്ന ടാബ്ലറ്റ് കീബോര്‍ഡുള്ള കമ്പ്യൂട്ടറുമായി മൈക്രോസോഫ്റ്റ് രംഗത്തിറങ്ങി. 1975 എപ്രില്‍ നാലിന് സ്ഥാപിതമായ കമ്പനി ഇതുവരെ ഹാര്‍ഡ്വേര്‍ രംഗം ശ്രദ്ധിച്ചിരുന്നില്ല.
വിന്‍ഡോസ് 8 ഒ.എസ് ഉപയോഗിക്കുന്ന ആദ്യ കമ്പ്യൂട്ടറാണിത്. 10.6 ഇഞ്ച് ഡിസ്പ്ളേ, പോറല്‍ വീഴാത്ത ഗോറില്ല ഗ്ള്ശാസ്, ബില്‍ട്ട് ഇന്‍ കിക്ക്സ്റ്റാന്‍ഡ്, മള്‍ട്ടിടച്ച് കീബോര്‍ഡ് എന്നിവയാണ് സവിശേഷതകള്‍.

ആപ്പിള്‍ ഐപാഡ് 3, ഐഫോണ്‍ 5, ഐപാഡ് മിനി, ഐപാഡ് 4
മികച്ച റസല്യൂഷനും 4ജിയുമായി മൂന്നാം തലമുറ ഐപാഡ് മാര്‍ച്ചിലെത്തി. ഹൈഡെഫനിഷന്‍ സ്ക്രീനിന്‍െറ റസല്യൂഷന്‍ 2048 ബൈ 1536 പിക്സല്‍സ് ആണ്. 5 മെഗാപിക്സല്‍ ക്യാമറ സെന്‍സറും ഉണ്ട്. ഐപാഡ് 2 ന് 8.8 മില്ലിമീറ്ററാണ് കനമെങ്കില്‍ പുതിയ ഐപാഡിന് അത് 9.4 മില്ലിമീറ്ററാണ്.
ഒടുവില്‍ നാലിഞ്ച് സ്ക്രീനും, 4ജി കണക്ടിവിറ്റിയുമായി സെപ്റ്റംബര്‍ 21 ന് റെറ്റിന ഡിസ്പ്ളേയുള്ള ഐഫോണ്‍ 5 വന്നു. പഴയ മോഡലിനേക്കാള്‍ കരുത്തേറിയ പ്രൊസസര്‍, എട്ട് മെഗാപിക്സല്‍ ക്യാമറ എന്നിവയുണ്ട്.
വലിപ്പവും വിലയും കുറഞ്ഞ ടാബ്ലറ്റുകളോട് ഏറ്റുമുട്ടാനായി 7.9 ഇഞ്ച് വലിപ്പമുള്ള ആപ്പിളിന്‍റ ചെറു ടാബ്ലറ്റ് ഐപാഡ് മിനി' നാലാംതലമുറ ഐപാഡും ഒക്ടോബറില്‍ അവതരിപ്പിച്ചു.
7.2 മില്ലീമീറ്റര്‍ കനവും 300 ഗ്രാം ഭാരവുമുള്ള ഐപാഡ് മിനിയുടെ അടിസ്ഥാന മോഡല്‍ വൈഫൈ കണക്ടിവിറ്റിയുണ്ട്. 2010 ല്‍ അവതരിപ്പിച്ച ഐപാഡിന്‍െറ വലിപ്പം 9.7 ല്‍ നിന്ന് 7.9 ഇഞ്ചാക്കി കുറച്ചു.2048 x 1536 പിക്സല്‍ റിസല്യൂഷനുള്ള 9.7 ഇഞ്ച് സ്ക്രീനാണ് ഐപാഡ് 4 ന്‍േറത്. ഡ്യുവല്‍ കോര്‍ എ6എക്സ് ചിപ്പ് കരുത്തു പകരും. പിന്‍ഭാഗത്ത് 5 എം.പി ഓട്ടോഫോക്കസ് ക്യാമറയും, ഫെയ്സ് ടൈം സൗകര്യത്തിനായി 1.2 എം.പി.ഫ്രണ്ട് ക്യാമറയും.

ഗാലക്സി എസ് 3, നോട്ട് ടാബ്, നോട്ട് 2, കുഞ്ഞന്‍ എസ് ത്രി
വിപണിയില്‍ സൂപ്പര്‍താരമായി തുടരുന്ന സാംസങ് ഗാലക്സി എസ് 3, 2012 മെയ് മൂന്നിന് ഇറങ്ങി. ആദ്യ നൂറുദിവസത്തിനുള്ളില്‍ രണ്ട് കോടി യൂനിറ്റുകള്‍ വിറ്റഴിഞ്ഞു. സാംസങ് പുറത്തിറക്കിയ മറ്റൊരു സ്മാര്‍ട്ഫോണ്‍ മോഡലും ഇത്ര സ്വീകരിക്കപ്പെട്ടിട്ടില്ല. 4.8 ഇഞ്ച് സ്ക്രീനുള്ള ഇത് 2012ലെ ഫോണെന്ന പേരും നേടിയിട്ടുണ്ട്.
വിപണിയില്‍ വന്‍ ഹിറ്റായ 5.3 ഇഞ്ച് സ്ക്രീനുള്ള ഗാലക്സി നോട്ടിന് ശേഷം ഗാലക്സി നോട്ട് എന്ന പേരില്‍ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ സാംസങ് അവതരിപ്പിച്ചു.
10.1 ഇഞ്ച് വലിപ്പമുള്ള സ്ക്രീനില്‍ ഒരേസമയം ഒന്നിലേറെ ആപ്ളിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ് സ്പ്ളിറ്റ് സ്ക്രീന്‍, ആന്‍ഡ്രോയ്ഡ് 4.0 (ഐസ്ക്രീം സാന്‍വിച്ച്) വെര്‍ഷന്‍ എന്നിവയുണ്ട്. സ്മാര്‍ട്ട്ഫോണും ടാബ്ലറ്റും ചേര്‍ന്ന ഫാബ്ലറ്റായ ഗ്യാലക്സി നോട്ടിന്‍െറ പിന്‍ഗാമിയായ നോട്ട് 2 ആഗസ്റ്റില്‍ ഇറക്കി സാംസങ് വിപണി പിടിച്ചു.
സാംസങ് എസ് ത്രിയുടെ ചെറിയ പതിപ്പ് ഗാലക്സി എസ് ത്രി മിനി ഒക്ടോബറില്‍ ഇറങ്ങി. നാലിഞ്ച് സ്ക്രീന്‍, ഡ്യുവല്‍ കോര്‍ പ്രൊസസര്‍, അഞ്ച് മെഗാപിക്സല്‍ ക്യാമറ, ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ 4.1 ഒ.എസ് എന്നിവയാണുള്ളത്.

ജെല്ലിബീന്‍, നെക് സസ് 7
ആന്‍ഡ്രോയിഡിന്‍െറ പുതിയ വേര്‍ഷനായ 4.1 എന്ന ജെല്ലിബീന്‍ 2012 ജൂലൈ ഒമ്പതിനിറങ്ങി. ജെല്ലിബീനില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഉപകരണമായ ഗൂഗിളിനുവേണ്ടി അസൂസ് നിര്‍മിച്ച നെക്സസ് 7 ടാബ്ലറ്റ് ജൂലൈ 13നും എത്തി. 4.2 അപ്ഡേറ്റഡ് വേര്‍ഷന്‍ ഒക്ടോബര്‍ 29ന് പുറത്തിറക്കി.

നെക് സസ് 4, 10
4.7 ഏഴിഞ്ച് ഡിസ്പ്ളേയുമായി എല്‍.ജി നിര്‍മിച്ച നെക്സസ് 4 സ്മാര്‍ട്ട്ഫോണ്‍, സാംസങുമായി സഹകരിച്ച് നിര്‍മിച്ച നെക്സസ് 10 എന്നിവയുമായി ചുവടുമാറ്റിപ്പിടിക്കാന്‍ ഗൂഗിളെത്തി.
ജെല്ലി ബീന്‍ എന്നറിയപ്പെടുന്ന ആന്‍ഡ്രോയിഡ് 4.2 വേര്‍ഷനിലാണ് പ്രവര്‍ത്തിക്കുക. രണ്ട് ജിബി റാം, എട്ട് എംപി പിന്‍ ക്യാമറ, 1.3 എംപി മുന്‍ ക്യാമറ, വയര്‍ലെസ്സ് ചാര്‍ജിങ് എന്നിവ നെക്സസ് 4ന്‍െറ സവിശേഷതകള്‍. ഒരു ഇഞ്ചില്‍ 300 പിക്സല്‍ റെസല്യൂഷനുള്ള നെക്സസ് 10ന് രണ്ട് ജിബി റാം, പത്ത് മണിക്കൂര്‍ ബാറ്ററി എന്നിവയുണ്ട്.

ആകാശ് രണ്ട്
പരാജയപ്പെട്ട 1500 രൂപയ്ക്ക് ആകാശ് ടാബ്ലറ്റ് പദ്ധതിക്ക് ശേഷം ഒരുവര്‍ഷം കഴിഞ്ഞ് ആകാശ് രണ്ട് എന്ന പുതിയ ടാബ്ലറ്റുമായി കേന്ദ്രസര്‍ക്കാര്‍ വന്നു. ആകാശ് രണ്ടിന് 2,236 രൂപയാണ് വില. വിദ്യാര്‍ഥികള്‍ക്ക് 1,132 രൂപ.
ഏഴിഞ്ച് കപ്പാസിറ്റീവ് ടച്ച്സ്ക്രീനും ഒരു ജിഗാഹെര്‍ട്സ് കോര്‍ടക്സ് എ8 പ്രൊസസറുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്ക്രീം സാന്‍വിച്ചിലാണ് പ്രവര്‍ത്തിക്കുക. പക്ഷേ പുതിയ പദ്ധതിയും വിവാദത്തിലാണ്. കനേഡിയന്‍ കമ്പനിയായ ഡാറ്റാവിന്‍റാണ് പിന്നണിയില്‍. എന്തായാലും നിര്‍മാണപിഴവും സാങ്കേതിക മേന്മ കുറവും പണമടച്ചവര്‍ക്ക് ടാബ്ലറ്റ് നല്‍കാത്തതും അടക്കം വിവാദങ്ങള്‍ ഉയരുന്നുണ്ട്.

ബ്രഹ്മോസ്
രാജസ്ഥാനിലെ പൊക്രാനില്‍ മാര്‍ച്ച് നാലിന് 290 മീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

അഗ്നി 5
മലയാളിയായ ഡോ.ടെസി തോമസിന്‍െറ പങ്കാളിത്തമുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ഏപ്രില്‍ 19ന് വിജയകരമായി പരീക്ഷിച്ചു.

റിസാറ്റ്
ശ്രീഹരിക്കോട്ടയില്‍നിന്ന് ഏപ്രില്‍ 26ന് പ്രഥമ തദ്ദേശ നിര്‍മിത റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ് വണ്‍ വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം
ചന്ദ്രനില്‍ കാലുകുത്തുകയെന്ന ലക്ഷ്യം പുരോഗമിക്കുന്നതിനിടെ ഐ.എസ്.ആര്‍.ഒ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന് കേന്ദ്രാനുമതി തേടി ഏപ്രിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ജി.സാറ്റ്
ഇന്ത്യയുടെ ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ് 10 സെപ്റ്റംബര്‍ 29ന് ഫ്രഞ്ച് ഗയാനയില്‍നിന്ന് വിക്ഷേപിച്ചു.

ഇന്ത്യയുടെ നൂറാം ദൗത്യം
രണ്ട് വിദേശ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി- സി 21 ശ്രീഹരിക്കോട്ടയില്‍ നിന്ന് സെപ്റ്റംബര്‍ ഒമ്പതിന് കുതിച്ചുയര്‍ന്നു. അങ്ങനെ ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നൂറാം ദൗത്യം വിജയംകണ്ടു.

പൃഥ്വി 2
പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ഭൂതല-ഭൂതല ആണവവാഹിനി മിസൈലായ പൃഥ്വി-2 ന്‍െറ ഡിസംബറിലെ പരീക്ഷണ വിക്ഷേപണം വിജയം. ഒക്ടോബറിലും പരീക്ഷണം നടത്തിയിരുന്നു.

വിക്കിപീഡിയക്ക് പത്ത്
മലയാളം വിക്കിപീഡിയ പത്തു തികച്ചതും ഈവര്‍ഷമാണ്.ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന, സൗജന്യമായ, ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ചേര്‍ന്ന് 2001 ജനുവരി 15 ന് ആരംഭിച്ചു. 2002 ഡിസംബര്‍ 21 ന് മലയാളം വിക്കിപീഡിയ തുടങ്ങി. 'മലയാളം അക്ഷരമാല'യായിരുന്നു ആദ്യ ലേഖനം.

നൊബേല്‍ പുരസ്കാരങ്ങള്‍

രസതന്ത്രം
ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങള്‍ പരിസരവുമായി ഇടപഴകുന്നതിന്‍െറ രഹസ്യം കണ്ടെത്തിയതിലൂടെ ഫലപ്രദമായ ഔധപ്രയോഗത്തിന് വഴിയൊരുക്കിയ അമേരിക്കന്‍ ഗവേഷകരായ റോബര്‍ട്ട് ലെഫ്കോവിറ്റ്സ്, ബ്രിയാന്‍ കോബില്‍ക ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടു.1968 ല്‍ ലെഫ്കോവിറ്റ്സ് ആരംഭിച്ച പഠനമാണ് ഇത് സാധ്യമാക്കിയത്. അമേരിക്കയില്‍ ഹൊവാര്‍ഡ് ഹൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് 69കാരനായ ലെഫ്കോവിറ്റ്സ്. സ്റ്റാന്‍ഫഡ് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍പ്രഫസറാണ് 57കാരനായ കോബില്‍ക.

ഭൗതികശാസ്ത്രം
ക്വാണ്ടംഭൗതികത്തില്‍ ദ്രവ്യത്തെയും പ്രകാശത്തെയും മൗലികാവസ്ഥയില്‍ പരിശോധിക്കാനും നിയന്ത്രിക്കാനും ഉപയോഗിക്കാനുമുള്ള മാര്‍ഗമുണ്ടാക്കിയതിന് 2012 ലെ ഭൗതികശാസ്ത്ര നൊബേല്‍ ഫ്രഞ്ചുകാരനായ സെര്‍ജി ഹരോഷെ, യു.എസ്. ഗവേഷകന്‍ ഡേവിഡ് വൈന്‍ലന്‍ഡ് എന്നിവര്‍ പങ്കിട്ടു. ഇരുവര്‍ക്കും 68 വയസ്സാണ്. പാരീസിലെ 'കോളേജ് ഡി ഫ്രാന്‍സ് ആന്‍ഡ് ഇക്കൊലെ നോര്‍മല്‍ സൂപ്പീരിയറിലെ പ്രഫസറാണ് ഹരോഷെ. വൈന്‍ലന്‍ഡ് യു.എസില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകനാണ്.

വൈദ്യശാസ്ത്രം
വിത്തുകോശ ഗവേഷണരംഗത്തെ സംഭാവനകള്‍ക്ക് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ജോണ്‍ ഗര്‍ഡനും ജപ്പാന്‍ ഗവേഷകന്‍ ഷിന്‍യ യമനാകയും 2012 ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു.
തവളയുടെ കുടലിലെ കോശങ്ങളുപയോഗിച്ച് തവളകളെ ക്ളോണ്‍ ചെയ്യമെന്ന് ഗര്‍ഡനും ജീനുകളില്‍ മാറ്റംവരുത്തി കോശങ്ങളെ പുനര്‍പ്രോഗ്രാമിങ് നടത്താമെന്ന് യമനാകയും തെളിയിച്ചു.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് 79കാരനായ ഗര്‍ഡന്‍. ജപ്പാനിലെ ക്യോട്ടോ യൂനിവേഴ്സിറ്റിയിലെ ഗവേഷകനാണ് 50കാരനായ യമനാക.

നഷ്ടങ്ങള്‍

നീല്‍ ആംസ്ട്രോങ്
ചന്ദ്രനില്‍ ഭൂമിയുടെ അടയാളങ്ങള്‍ പതിപ്പിച്ച നീല്‍ ആംസ്ട്രോങ് 82ാം വയസ്സില്‍ ആഗസ്റ്റ് 25ന് അന്തരിച്ചു. 1969ല്‍ അപ്പോളോ 11ലാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. 1966ല്‍ ജെമിനി എട്ടില്‍ ആദ്യ ബഹിരാകാശയാത്ര നടത്തി. 1930ല്‍ ജനനം. നാസയില്‍ ചേരും മുമ്പ് യു.എസ് നേവിയിലായിരുന്നു.

ലാപ്ടോപിന്‍െറ ‘ഉപജ്ഞാതാവ്’
ആദ്യ ലാപ്ടോപുണ്ടാക്കിയ പ്രമുഖ ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ അര്‍ബുദബാധിതനായിരുന്ന ബില്‍ മോഗ്രിഡ്ജ് (69) സെപ്റ്റംബര്‍ എട്ടിന് സാന്‍ ഫ്രാന്‍സിസ്കോയിലെ പരിചരണകേന്ദ്രത്തില്‍ അന്തരിച്ചു. 1979 ല്‍ മോഗ്രിഡ്ജുണ്ടാക്കിയ 'ഗ്രിഡ് കോംപസ്സ്' ആണ് ലാപ്ടോപ്പ് യുഗത്തിന് വഴിതുറന്നത്. 1943 ജൂണ്‍ 25 ന് ലണ്ടനിലാണ് മോഗ്രിഡ്ജ് ജനിച്ചത്.

‘ഡിജിറ്റല്‍ ഇമേജിങിന്‍െറ പിതാവ്’
ആധുനിക ഡിജിറ്റല്‍ ഇമേജ് സെന്‍സറുകളുടെ മുഖ്യഭാഗമായ 'ബേയര്‍ ഫില്‍റ്റര്‍' വികസിപ്പിച്ച മുന്‍ ഈസ്റ്റ്മാന്‍ കൊഡാക്ക് ശാസ്ത്രജ്ഞന്‍ ബ്രൈസ് ബേയര്‍ (83) നവംബര്‍ 13 ന് മെയ്നിലെ ബ്രന്‍സ്വിക്കില്‍ അന്തരിച്ചു. 1976 ല്‍ ബേയര്‍ വികസിപ്പിച്ച കളര്‍ ഫില്‍റ്ററാണ്, ഡിജിറ്റല്‍ ക്യാമറകളും മൊബൈല്‍ഫോണ്‍ ക്യാമറകളും വീഡിയോ ക്യാമറകളിലുമുള്‍പ്പെടെ ഉപയോഗിക്കുന്നത്.

ആദ്യ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ മുറെ
ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയ അമേരിക്കന്‍ പ്ളാസ്റ്റിക് സര്‍ജനും നൊബേല്‍ പുരസ്കാര ജേതാവുമായ ഡോ. ജോസഫ് ഇ. മുറെ ( 93) മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ബോസ്റ്റണില്‍ നവംബര്‍ 26ന് അന്തരിച്ചു. 1954 ഡിസംബര്‍ 23നാണ് ആദ്യ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ആദ്യമായി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതിനാണ് 1990ല്‍ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്.

സാലി റൈഡ്
ശൂന്യാകാശത്തെത്തിയ ആദ്യ അമേരിക്കന്‍ വനിത സാലി റൈഡ് ജൂലൈ 23ന് അന്തരിച്ചു. 1983ല്‍ മുപ്പത്തി രണ്ടാമത്തെ വയസ്സില്‍ ചലഞ്ചര്‍ സ്പേസ് ഷട്ടിലിലായിരുന്നു യാത്ര. നാസയുടെ ചാന്ദ്രപര്യവേക്ഷണ പേടകങ്ങളായ എബ്ബും ഫ്ളോയും ഒരുവര്‍ഷം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഡിസംബറില്‍ ചന്ദ്രന്‍െറ വടക്ക് ഭാഗത്ത് രണ്ടുകിലോമീറ്റര്‍ ഉയരമുള്ള പര്‍വതപ്രദേശത്ത് പതിച്ചു. ഇവിടം സാലി റൈഡിന്‍െറ സ്മാരകമായി അറിയപ്പെടും.

ബാര്‍കോഡിന്‍െറ സഹ ഉപജ്ഞാതാവ്
അള്‍ഷൈമേഴ്സ് ബാധിതനായിരുന്ന ബാര്‍കോഡിന്‍െറ ഉപജ്ഞാതാക്കളിലൊരാളായ നോര്‍മന്‍ ജോസഫ് വുഡ്ലന്‍ഡ് (91) ന്യൂ ജേഴ്സിയിലെ വസതിയില്‍ ഡിസംബര്‍ ഒമ്പതിന് അന്തരിച്ചു. 1940 കളില്‍ വുഡ്ലന്‍ഡും സഹപാഠിയായിരുന്ന ബെര്‍ണാര്‍ഡ് സില്‍വറും ചേര്‍ന്നാണ് ബാര്‍കോഡിനായുള്ള കണ്ടുപിടിത്തം നടത്തിയത്.ന്യൂ ജേഴ്സിയിലെ അറ്റ്ലാന്‍റിക് സിറ്റിയില്‍ 1921 സെപ്റ്റംബര്‍ ആറിനായിരുന്നു ജനനം.

2013ലെ പ്രതീക്ഷകള്‍
2013 മധ്യത്തോടെ മൈ¤്രകാസോഫ്റ്റ് സ്വന്തം ഫോണുമായി വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ചൈനീസ് ഗാഡ്ജറ്റ് നിര്‍മാതാക്കളായ ഫോക്സ്കോണ്‍ ഇന്‍റര്‍നാഷനല്‍ ഹോള്‍ഡിങ്സുമായി മൈ¤്രകാസോഫ്റ്റ് കരാറിലേര്‍പ്പെട്ടെന്നാണ് വിവരം. മടക്കാവുന്ന 4.99 ഇഞ്ച് ഡിസ്പ്ളേയുമായി സാംസങ് ഗ്യാലക്സി എസ് 4, ബ്ളാക്ക്ബെറി 10 ഓപറേറ്റിങ് സിസ്റ്റവുമായി പുതിയ ടച്ച്സ്ക്രീന്‍ ബ്ളാക്ക്ബെറി ഫോണുകള്‍, വഴങ്ങുന്ന സ്ക്രീനുമായി ഫാബ്ലറ്റായ സാംസങ് ഗ്യാലക്സി നോട്ട് 3, മാര്‍ച്ചില്‍ ആപ്പിള്‍ ഐ പാഡ് 5, കനംകുറഞ്ഞ സ്ക്രീനുമായി ആപ്പിള്‍ ഐ ഫോണ്‍ 6, ഏറെ നാളായി പറഞ്ഞുകേള്‍ക്കുന്ന ഫേസ്ബുക്ക് ഫോണ്‍ എന്നിവയാണ് 2013ന്‍െറ പ്രതീക്ഷകള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus