ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ ആദരാഞ്ജലി. ഹോംപേജില്‍ സെര്‍ച്ച് ബോക്‌സിന് താഴെയായി കത്തുന്ന മെഴുകിതിരിയുടെ ചിത്രം നല്‍കിയാണ് ഗൂഗിള്‍ 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ആദരാജ്ഞലി അര്‍പ്പിച്ചിരിക്കുന്നത്. മെഴുകുതിരി നാളത്തിലേക്ക് മൗസ് നീക്കുമ്പോള്‍ 'in memory of the Delhi braveheart' എന്ന സന്ദേശവും ദൃശ്യമാകും. ഗൂഗിളിന്റെ ലോഗോയും മറ്റും സാധാരണ പോലെതന്നെയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ കണക്ടികട്ടിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലും ഗൂഗിള്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
ചരിത്രപ്രാധാന്യമുള്ള ദിവസങ്ങളിലും പ്രത്യേക വാര്‍ഷിക ദിനങ്ങളിലും മാത്രമാണ് ഗൂഗിള്‍ സാധാരണയായി പ്രത്യേക ലോഗോ തയാറാക്കുന്നത്. ഇത്തവണ പതിവിന് വിപരീതമായി ലോഗോക്ക് പകരം സെര്‍ച്ച് ബോക്‌സിന് താഴെയാണ് മെഴുകുതിരിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. ഗൂഗിളിന്റെ ശ്രദ്ധാജ്ഞലി യുവതിയെയും കുടുംബത്തെയും മാത്രമല്ല, രാജ്യത്തിനാകെയുള്ള സമര്‍പ്പണമായാണ് കാണുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ദല്‍ഹി കൂട്ടമാനഭംഗം. സംഭവം നടന്ന 16-ാം തീയതി മുതല്‍ വിവിധ വെബ്‌സൈറ്റുകളും മറ്റ് മാധ്യമങ്ങളും ഇതേക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അറിയാനായി പതിനായിരങ്ങളാണ് ഗൂഗിളിനെ ആശ്രയിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍