Mon, 12/31/2012 - 08:00 ( 24 weeks 2 daysago)
ഭാരമുയര്‍ത്തിയ കൈകള്‍ക്ക് താങ്ങാനാവുന്നില്ല ജീവിതഭാരം
(+)(-) Font Size
ഭാരമുയര്‍ത്തിയ കൈകള്‍ക്ക് താങ്ങാനാവുന്നില്ല ജീവിതഭാരം
മംഗലാപുരം മത്സ്യമാര്‍ക്കറ്റില്‍ പ്‌ളാസ്റ്റിക് കവര്‍ വില്‍ക്കുന്ന ഗീത ബി. പ്രഭു, ഗീത ദേശീയ പവര്‍ലിഫ്റ്റിങ് മത്സരത്തിനിടെ (ഫയല്‍ചിത്രം ഇന്‍സൈറ്റില്‍)

മംഗലാപുരം: മത്സരവേദികളിലെ പ്ളാറ്റ്ഫോമില്‍ ടണ്‍കണക്കിന് ഭാരമുയര്‍ത്തുമ്പോഴൊന്നും  ഗീതാഭായിയുടെ നിലത്തുറപ്പിച്ച കാലുകള്‍ പതറിയിട്ടില്ല. ദേശീയ ചാമ്പ്യനായി മെഡലുകള്‍ മാറിലണിയുമ്പോള്‍ ലോകംവെട്ടിപ്പിടിച്ച ജേതാവിന്‍െറ തിളക്കമാണ് മുഖംനിറയെ. എന്നാല്‍, വിശക്കുന്ന വയറിന്‍െറ പൊറുതികേടിനുമുന്നില്‍  ഗീത ബി. പ്രഭുവെന്ന പവര്‍ ലിഫ്റ്റിങ്ങിലെ ദേശീയ ചാമ്പ്യന്‍ നിസ്സഹായയാവുന്നു. കുടുംബം പുലര്‍ത്താന്‍ മംഗലാപുരം നഗരത്തിലെ മത്സ്യമാര്‍ക്കറ്റില്‍ പ്ളാസ്റ്റിക് കാരി ബാഗുകളുടെ വില്‍പനക്കാരിയായി വേഷമിടുകയാണ് നാട്ടുകാരുടെ ഗീതാഭായി. ദേശീയ  മത്സരങ്ങളില്‍ സ്വന്തമാക്കിയ സ്വര്‍ണം (മൂന്ന്), വെള്ളി (11), വെങ്കല (16) മെഡലുകളും, സൗത് ഇന്ത്യന്‍ മീറ്റുകളിലെ ഒമ്പത് സ്വര്‍ണവുമെല്ലാം അലങ്കാരക്കാഴ്ചകള്‍ മാത്രമായിരിക്കുന്നു.
മംഗലാപുരം തെക്കോട്ട് വാസുകി നഗറിലെ കൊച്ചുകൂരയില്‍ മെഡലുകള്‍ക്കും ട്രോഫികള്‍ക്കും സ്ഥാനമുണ്ടെങ്കിലും കുടുംബപ്രാരബ്ധങ്ങള്‍ അവയുടെ നിറംകെടുത്തുന്ന കഥകളാണ് ഗീതാഭായിക്ക് പറയാനുള്ളത്. നാടിനുവേണ്ടി ഭാരമേന്തിയ ഇവര്‍ക്ക് മാന്യമായ ജോലിനല്‍കാന്‍ പോലും കേന്ദ്ര-കര്‍ണാടക സര്‍ക്കാറുകള്‍ തയാറായില്ല. പ്യൂണ്‍, അറ്റന്‍ഡര്‍ തസ്തികയിലെങ്കിലും ഒരു ജോലിയെന്ന മോഹവുമായി രാഷ്ട്രീയ-ഭരണരംഗത്തെ പല പ്രമുഖരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് മംഗലാപുരം മത്സ്യമാര്‍ക്കറ്റില്‍ പ്ളാസ്റ്റിക് കാരിബാഗ് വില്‍പനയിലേര്‍പ്പെട്ടത്. മംഗലാപുരം സിറ്റി കോര്‍പറേഷന്‍ പ്ളാസ്റ്റിക് വില്‍പന നിരോധിച്ചതോടെ പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഇന്ത്യയുടെ ഈ അഭിമാനതാരം.
 ടെമ്പോ ഡ്രൈവര്‍ പണ്ഡുരംഗപ്രഭുവിന്‍െറയും സുമതിഭായിയുടെയും മകളായി നിര്‍ധന കുടുംബത്തില്‍ ജനിച്ച ഗീതക്ക് ഒമ്പതാം ക്ളാസിലെത്തിയപ്പോഴേക്കും പഠനം നിര്‍ത്തേണ്ടിവന്നു. അച്ഛന്‍െറ മരണത്തോടെ അമ്മയും സഹോദരിയും സഹോദരനുമടങ്ങുന്ന കുടുംബഭാരം ഗീതാഭായി ചുമലിലേറ്റി. അമ്മയോടൊപ്പമാണ് ആദ്യമായി മത്സ്യമാര്‍ക്കറ്റില്‍ കാരിബാഗ് കച്ചവടത്തിനായി എത്തുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയും ഒരു വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖംമൂലം സഹോദരനും മരിച്ചു. സഹോദരന്‍െറ പറക്കമുറ്റാത്ത രണ്ടു മക്കളുടെ സംരക്ഷണമേറ്റെടുത്ത ഗീതാഭായി അവിവാഹിതയാണ്.
സ്കൂളില്‍ കബഡി മത്സരത്തില്‍ തിളങ്ങി, നാട്ടിലെ വടംവലി മത്സരങ്ങളിലെ മികച്ചതാരമായാണ് കായികരംഗത്തേക്ക് കടന്നുവന്നത്. കായികതാരവും പരിശീലകനുമായ സതീഷ് കുതിരോളിയാണ് ഗീതയെ പവര്‍ലിഫ്റ്റിങ് മേഖലയിലേക്ക് നയിച്ചത്. തുടര്‍ന്നങ്ങോട്ട് പവര്‍ ലിഫ്റ്റിങ് മത്സരങ്ങളില്‍ 75, 90  കി.ഗ്രാം വിഭാഗങ്ങളില്‍ ഗീതാഭായിയുടെ വിജയഗാഥയായിരുന്നു.
16 തവണ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ മാത്രമേ ഗീതയെ അനുവദിച്ചുള്ളൂ. ഓരോതവണയും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുമ്പോഴും അധികാരികള്‍ പറയുന്നത് സ്വന്തം കാശ് മുടക്കി മത്സരത്തില്‍ പങ്കെടുക്കാനും പിന്നീട് ആ തുക സര്‍ക്കാര്‍ അനുവദിച്ചുതരും എന്നുമാണ്. പണം സ്വരൂപിക്കാനാകാതെ പല മത്സരങ്ങളില്‍നിന്നും സ്വയം പിന്‍വാങ്ങി. 1999ല്‍  ഫിന്‍ലന്‍ഡില്‍ നടന്ന അന്താരാഷ്ട്ര പവര്‍ ലിഫ്റ്റിങ്ങില്‍ ചാമ്പ്യന്‍ഷിപ്പില്‍ 75 കിലോഗ്രാം വിഭാഗത്തില്‍ തലനാരിഴക്കാണ്  വെങ്കല മെഡല്‍ നഷ്ടപ്പെട്ടത്. വിജയണ്ണ എന്ന ബിസിനസുകാരന്‍െറ സ്പോണ്‍സര്‍ഷിപ്പിലാണ് പങ്കെടുക്കാനായത്.
10ാം ക്ളാസ് പൂര്‍ത്തിയാക്കാത്തതാണ് ജോലിലഭിക്കാന്‍ തടസ്സം.  2011ല്‍ 10ാം ക്ളാസ് പരീക്ഷ എഴുതിയെങ്കിലും മുഴുവന്‍ വിഷയങ്ങളിലും പാസ് മാര്‍ക്ക് നേടാനായില്ല. അടുത്തതവണ രജിസ്റ്റര്‍ ചെയ്ത് വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവര്‍ക്കുള്ളത്. കര്‍ണാടക പൊലീസില്‍ ജോലിചെയ്യുന്ന സുഹൃത്തും പവര്‍ലിഫ്റ്റിങ് താരവുമായ ഡി.കെ. കീര്‍ത്തി എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നത് ഏറെ സഹായകമാണെന്ന് ഗീതാഭായി ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രായം 37 കഴിഞ്ഞെങ്കിലും മംഗലാപുരത്തെ ജിംനേഷ്യത്തില്‍ ദിവസവും നാലു മണിക്കൂര്‍ പവര്‍ലിഫ്റ്റിങ്ങില്‍ പരിശീലനം നടത്തുന്നുണ്ട്. സ്പോണ്‍സര്‍മാരോ സര്‍ക്കാരോ സഹായിച്ചാല്‍ ഇനിയും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം നേടാന്‍തന്നെയാണ് ഈ താരത്തിന്‍െറ മോഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus