മാനവികതയുടെ മുന്നില്‍ മാനം കെട്ട് ഇന്ത്യ തലകുനിച്ചു നില്‍ക്കെ, പൈശാചികത തല്ലിക്കെടുത്തിയ ആ താരുണ്യം നാടിന്‍െറ രക്തസാക്ഷ്യചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അധ്യായം രചിച്ച് ഞായറാഴ്ച സ്വന്തം ചിതയിലമര്‍ന്നു. എന്നാല്‍, ആ പേരറിയാ പെണ്‍മകളുടെ ബലിദാനമുയര്‍ത്തിയ നൊമ്പരത്തീക്കാറ്റ് അത്ര പെട്ടെന്നു കെട്ടടങ്ങാനിടയില്ല; അങ്ങനെ കെട്ടടങ്ങിക്കൂടാ. സ്വതന്ത്ര ഇന്ത്യയില്‍ പിച്ചിച്ചീന്തിയെറിയപ്പെട്ട പെണ്‍ജീവിതങ്ങളുടെ അനേകായിരം അണയാക്കനലുകള്‍ ആളിക്കത്തിച്ചാണ് ദല്‍ഹിയിലെ 23കാരിയുടെ ജീവത്യാഗം. പൊന്നുമോള്‍ നഷ്ടമായെങ്കിലും അവളുടെ മരണം ഇന്ത്യയെ പെണ്‍സുരക്ഷിത രാജ്യമാക്കട്ടെ എന്ന ആ കുടുംബത്തിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയില്‍ നമുക്കും പങ്കുചേരാം, നിസ്സഹായമായ ആ പ്രാര്‍ഥനയെ ഫലവത്താക്കി മാറ്റാനുള്ള പ്രതിജ്ഞയോടെ. ഇന്ത്യയുടെ മഹിമയും ഗരിമയും സംബന്ധിച്ച് കെട്ടിയുയര്‍ത്തിയ എല്ലാ ഊറ്റത്തിന്‍െറയും കാറ്റഴിച്ചുവിട്ട ദിനങ്ങളാണ് കടന്നുപോയത്. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇനിയും ഇന്ത്യക്ക് വിജയിക്കാനായില്ലെന്നു മാലോകരെ ബോധ്യപ്പെടുത്തുന്നതായിരുന്നു തലസ്ഥാനനഗരിയില്‍ നടന്ന അധമസംഭവം. ഒറ്റപ്പെട്ടതല്ല, ഒരായിരം സംഭവങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ പഴയ വീഴ്ചകളെ ചൂണ്ടുന്നതോടൊപ്പം, അളമുട്ടിയപ്പോള്‍ കെട്ടുപൊട്ടി വന്ന ഇപ്പോഴത്തെ പ്രതിഷേധത്തെ അംഗീകരിച്ചേ മതിയാവൂ. അമേരിക്കയില്‍ ചായകുടി പോലെ എന്ന പഴയ നായനാര്‍ഫലിതത്തിന്‍െറ ദുരന്താവര്‍ത്തനമായി ഇന്ത്യയില്‍ പെണ്‍വേട്ട മാറിക്കഴിഞ്ഞിരിക്കെ പെണ്‍മയുടെ പരിരക്ഷക്കു വേണ്ടി ഒരു രാഷ്ട്രത്തെ ഒന്നിച്ചുറക്കെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അധികാരത്തിന്‍െറ അരക്കില്ലങ്ങളെ ഭേദിച്ച ഈ പ്രതിഷേധമാണല്ലോ. ആ വികാരത്തിനു വേലി കെട്ടാന്‍ ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നിന് വലിയ അധ്വാനമൊന്നും വേണ്ടിവന്നില്ല. എന്നാല്‍, സ്വന്തം മൂക്കിനു താഴെ പെണ്‍മക്കള്‍ക്ക് സുരക്ഷിതത്വം തീര്‍ക്കാന്‍ ഉപയുക്തമാകാത്ത ഈ കരുത്ത് ജനകീയപ്രതികരണങ്ങള്‍ക്ക് ചിറകെട്ടാന്‍ ജാഗരൂകമായത് സൈനികജണ്ടയും ജനാധിപത്യഭരണവും തമ്മിലെന്തു വ്യത്യാസം എന്ന ലോകത്തിന്‍െറ പരിഹാസത്തിനിടയാക്കി. രാജ്യത്തിന്‍െറ നാലുപാടു നിന്നുമുയരുന്ന പൗരന്മാരുടെ പ്രതിശബ്ദങ്ങളെ അടക്കിപ്പിടിച്ചു നിറുത്തുന്നതെങ്ങനെ എന്നും അതുവഴി ഇന്ത്യ ലോകത്തിനു കാണിച്ചുകൊടുത്തു. നിരപരാധരായ പൗരന്മാരെ സംശയത്തിന്‍െറ പേരില്‍ വേട്ടയാടാന്‍ രാജ്യരക്ഷാസംവിധാനങ്ങളുടെ ഭീമഭാഗം ചെലവിടുന്ന ഒരു രാജ്യത്ത് പെണ്ണുങ്ങള്‍ക്ക് നടുറോഡിലിറങ്ങിയോ വാഹനത്തില്‍ കയറിയോ യാത്രചെയ്യാനുള്ള സുരക്ഷാമാര്‍ഗം ഒരുക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ട് എന്നു നാം ലോകത്തെ മൂക്കത്തു വിരല്‍വെപ്പിച്ചു. ഈ രക്തസാക്ഷിത്വവും അതുയര്‍ത്തിയ പ്രതികരണക്കൊടുങ്കാറ്റും പാഴാവില്ലെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമൊക്കെ പറഞ്ഞുകഴിഞ്ഞു. അവരും അവരെ തുടര്‍ന്നു രംഗത്തുവന്ന ഇതര രാഷ്ട്ര, രാഷ്ട്രീയനേതാക്കന്മാരുമൊക്കെ സ്വന്തം പെണ്‍മക്കളെ പിടിച്ച് ആണയിട്ടാണിത് പറഞ്ഞത്. രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാവില്ലെന്ന മുന്നനുഭവങ്ങളില്‍ നിന്നാണ് ജനം രാജ്പഥിലേക്കും വിജയ് ചൗക്കിലേക്കുമൊക്കെ ഇരച്ചുകയറിയതെന്ന വസ്തുത അവര്‍ വിസ്മരിക്കില്ലെന്നു കരുതുക.
കേന്ദ്രഭരണത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പുതിയ ബില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണത്രെ. സോണിയ ഗാന്ധിയുടെ താല്‍പര്യത്തില്‍ തയാറാകുന്ന നിര്‍ദിഷ്ട ബില്ലില്‍ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് 30 വര്‍ഷത്തെ തടവുശിക്ഷയും നിര്‍ബന്ധ ഷണ്ഡീകരണവും വരെ ശിപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, നിയമം ഇല്ലാത്തതല്ല, അതു നടപ്പാക്കേണ്ട രാഷ്ട്രീയ, ഭരണനേതൃത്വങ്ങള്‍ക്കു ബാധിച്ച ഷണ്ഡത്വത്തിന് ആര് ആരെ ചികിത്സിക്കും? ദല്‍ഹിയില്‍ മാത്രം 2012ല്‍ 635 മാനഭംഗക്കേസുകളില്‍ ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് തന്നെ പറയുന്നു. ബാക്കിയുള്ളതില്‍ പകുതിയുടെ അന്വേഷണം നടന്നുവരുന്നേയുള്ളൂ. ഇത് സാധാരണ കേസുകളുടെ ഗതി. മാനഭംഗം കലാപങ്ങളില്‍ ഉപാധിയാക്കുന്നതിനും സംഘര്‍ഷപ്രദേശങ്ങളില്‍ ജനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആയുധമാക്കുന്നതിനുമെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയനേതൃത്വത്തിനാവുമോ? ഛത്തിസ്ഗഢില്‍ സോണി സോറിയെ പൊലീസിന്‍െറ കാമവെറിക്കെറിഞ്ഞു കൊടുത്ത അങ്കിത് ഗാര്‍ഗ് എന്ന എസ്.പിക്ക് പൊലീസ് മെഡല്‍ നല്‍കിയ, കശ്മീരില്‍ കൂട്ടമാനഭംഗക്കേസില്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയ ഡിവൈ.എസ്.പി അല്‍താഫ് ഖാന് രാഷ്ട്രപതിയുടെ മെഡലണിയിച്ച അധികാരികള്‍ക്ക് അതിന് ത്രാണിയുണ്ടാവുമോ? സായുധസേന പ്രത്യേകാധികാര നിയമം പോലെ ഭാരതസ്ത്രീകളുടെ മേല്‍ പാഞ്ഞുകയറാന്‍ സൈനികര്‍ക്കു സ്വാതന്ത്ര്യം നല്‍കുന്ന കാടന്‍നിയമങ്ങളില്‍ വല്ല പരിഷ്കരണവും വരുത്തുമോ? അത് സൈന്യത്തിന്‍െറ മനോവീര്യം കെടുത്തുമെന്നു പറഞ്ഞ സേനാനായകന്‍ വി.കെ. സിങ് റിട്ടയര്‍ ചെയ്തപ്പോള്‍ മുഖം മിനുക്കി ദല്‍ഹിയിലെ പ്രതിഷേധറാലിയില്‍ അണിനിരന്നതു കണ്ടുകൂടിയാവണം സൈനികരുടെ പെണ്‍വേട്ടയില്‍ പ്രതിഷേധിക്കാത്തവര്‍ക്കെതിരെ അരുന്ധതിറോയ് ആഞ്ഞടിച്ചത്. ഇങ്ങനെ ഒരു മെഴുകുതിരിയും തെളിയാത്ത ഇരുണ്ട മൂലകള്‍ ഇന്ത്യയില്‍ ഇനിയുമുണ്ട്. എങ്കിലും ആ രോഷങ്ങളെല്ലാം ഇപ്പോള്‍ ആളിക്കത്തിയ പ്രതിഷേധത്തിന് ആവാഹിക്കാനാവും. ശബ്നം ഹാശ്മി പറഞ്ഞതുപോലെ ഭരണകൂടത്തെ കൊണ്ട് ചിലതു ചെയ്യിക്കാനാവും എന്നു വരുത്തിയ ഈ പുതിയ തെരുവുവസന്തത്തിന്‍െറ ഇടിമുഴക്കം നിലനിറുത്താനായാല്‍ ഈ രക്തസാക്ഷിത്വം വെറുതെയാവില്ല. സാമൂഹികസുരക്ഷിതത്വത്തിന് നിയമം പരമപ്രധാനമാണ്. അതു ഏട്ടില്‍ പോരാ, നാട്ടില്‍ പുലരുക തന്നെ വേണം. പൊതുബോധത്തെ സ്വാധീനിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിയമസംവിധാനങ്ങള്‍ക്കു കഴിയും എന്നതിനു ലോകം തന്നെ സാക്ഷി. സ്ത്രീകള്‍ക്കു സമൂഹത്തിലും അതിനെ നിയന്ത്രിക്കുന്ന അധികാരശ്രേണിയിലും ലഭിക്കുന്ന പങ്കാളിത്തവും പ്രധാനഘടകമാണ്. സ്ത്രീസംവരണത്തില്‍ ഇനിയും ഒളിച്ചുകളി തുടരുകയാണ് രാഷ്ട്രീയക്കാര്‍.
ലിംഗപരമായ വേര്‍തിരിവുകളെ വിവേചനത്തിനുള്ള ആയുധമാക്കി മാറ്റുന്ന പ്രവണതക്ക് തടയിടാന്‍ വ്യക്തിതല ശാക്തീകരണവും കൂടിയേ തീരൂ. പുതിയ കാലത്തെയും ലോകത്തെയും ഔിത്യപൂര്‍വം അഭിമുഖീകരിക്കാനും സാഹചര്യങ്ങളെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാനുമുള്ള കരുത്ത് തലമുറക്ക് പകര്‍ന്നുകൊടുക്കണം. പിച്ചയൂന്നിയ മണ്ണില്‍ പുലരാന്‍ പടച്ചതമ്പുരാന്‍ നല്‍കിയ ജന്മാവകാശം മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാനും മറ്റാരുടേതും കവരാതിരിക്കാനുമുള്ള വീറും വിവേകവും ചെറുപ്പം തൊട്ടേ ശീലമാക്കണം. അതിനുതകുന്ന മാനവസൗഹൃദാന്തരീക്ഷം വെര്‍ച്വല്‍ മീഡിയപ്രതലങ്ങള്‍ക്കു വിട്ടുകൊടുക്കാതെ, മാതാപിതാക്കളുടെയും മക്കളുടെയും മുന്‍കൈയില്‍ വീടകങ്ങളില്‍ തന്നെ പണിതുയര്‍ത്തണം. അങ്ങനെ ഓരോരുത്തരും സ്വന്തം കാവലാളായി മാറുമ്പോള്‍ അപരന്‍ കൂടി രക്ഷപ്പെടും. മക്കളും മാതാപിതാക്കളും സഹോദരങ്ങളും ദമ്പതികളുമായി ഓരോരുത്തരും മനുഷ്യത്വം പ്രാപിക്കുമ്പോള്‍ മാത്രമേ മൃഗീയതകളില്‍നിന്ന് എല്ലാവര്‍ക്കും രക്ഷ നേടാനാവൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍