തിരുവനന്തപുരം: കൂടങ്കുളം ആണവനിലയ വിരുദ്ധസമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. കൂടങ്കുളത്ത് ഒരു സുരക്ഷാസംവിധാനവും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ വി.എസ് ആണവനിലയത്തിനെതിരെ വിപുലമായ ജനകീയഐക്യം ഉയരണമെന്നും ആഹ്വാനംചെയ്തു. ‘ആണവ നിരായുധീകരണ സമാധാനസഖ്യം’ സംഘടിപ്പിച്ച ‘അണുശക്തിയും ജനശക്തിയും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആണവനിലയങ്ങള്‍ സംബന്ധിച്ച് തന്‍െറ അഭിപ്രായങ്ങളും ആശങ്കകളും തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കുന്നില്ലെന്നും ഓര്‍മിപ്പിച്ചായിരുന്നു വി.എസിന്‍െറ പ്രസംഗം. സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ നിലയം സ്ഥാപിക്കരുതെന്നും കുടങ്കുളത്തെ ആണവ പാര്‍ക്കാക്കരുതെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും പരിഗണിക്കാതെ നിലയം കമീഷന്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യഗ്രതകാട്ടുകയാണ്. ആശങ്കകള്‍ അവഗണിച്ചും സുരക്ഷാമാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുമാണ് ഈ വ്യഗ്രത. ആണവമാലിന്യം സംസ്കരിക്കാനാവില്ലെന്നതും സുരക്ഷ ഉറപ്പിക്കാനാവില്ലെന്നതും കേന്ദ്ര-തമിഴ്നാട് സര്‍ക്കാറുകളെ അലട്ടുന്നില്ല. സംസ്കരണത്തെപ്പറ്റി സുപ്രീംകോടതി ചോദിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാറിന്‍െറ മറുപടി ‘ബബ്ബബ്ബ’ ആയിരുന്നു.
അതിന് സംവിധാനമില്ലെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞു. കര്‍ണാടകയിലെ സ്വര്‍ണ ഘനികളില്‍ നിക്ഷേപിക്കുമെന്ന് പിന്നീട് സത്യവാങ്മൂലം നല്‍കി. ഒടുവില്‍ അത് പിന്‍വലിക്കേണ്ടി വന്നു. അന്തിമവിധി എന്തുതന്നെയായാലും സുപ്രീംകോടതി ഉന്നയിച്ച ആശങ്കകള്‍ വസ്തുനിഷ്ഠമാണ്. സുരക്ഷ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും കേന്ദ്രത്തിനും തമിഴ്നാടിനും മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
കൃത്യമായ ഉത്തരം വേണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കുക അസാധ്യമാണ്. കാരണം കൂടങ്കുളം നിലയത്തില്‍ പര്യാപ്തമായ സുരക്ഷാസംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നതുതന്നെ.ആണവമാലിന്യം സംസ്കരിക്കുന്നതിനുള്ള ഉപാധി ഒരുരാജ്യവും ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിപുലമായ ജനകീയഐക്യം വളര്‍ത്തിയെടുക്കണം.
കൂടങ്കുളം ജനതയുടെ ധര്‍മസമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന ഈ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് വി.എസ് പ്രസംഗം അവസാനിപ്പിച്ചത്.
സുരക്ഷ സംബന്ധിച്ച് അബ്ദുല്‍ കലാമിനെപ്പോലുള്ളവര്‍ക്ക് ജനങ്ങളോടല്ല പ്രതിബദ്ധതയെന്ന് നൈനാന്‍ കോശി പറഞ്ഞു. ആണവനിലയം പൂര്‍ണ സുരക്ഷിതമമെന്ന വാദം ശാസ്ത്രവിരുദ്ധമാണ്. അത് രാഷ്ട്രീയ പ്രസ്താവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ കരസേനാ മേധാവി അഡ്മിറല്‍ എല്‍. രാംദാസ് അധ്യക്ഷതവഹിച്ചു. പ്രഫുല്‍ ബിധ്വായ്, ആ.വി.ജി മേനോന്‍,പ്രഫ. അച്ചിന്‍ വനേക്, എന്‍. സുബ്രഹ്മണ്യന്‍, ടി.പീറ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍