12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

വി.എസിന്റെ വിശ്വസ്തരെ സി.പി.എം പുറത്താക്കി

വി.എസിന്റെ വിശ്വസ്തരെ സി.പി.എം പുറത്താക്കി
വി.കെ. ശശിധരന്‍, എ. സുരേഷ്, കെ. ബാലകൃഷ്ണന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ പ്രസ് സെക്രട്ടറിയടക്കം പേഴ്സനല്‍ സ്റ്റാഫിലെ മൂന്നുപേരെ വാര്‍ത്ത ചോര്‍ത്തലിന് സി.പി.എം പുറത്താക്കി.
വാര്‍ത്തകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ നിലപാടിന് സംസ്ഥാനസമിതി അംഗീകാരം നല്‍കി. സെക്രട്ടേറിയറ്റിലടക്കം വി.എസ് ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണ് നടപടി. വിശ്വസ്തരായ മൂന്നുപേരെ പുറത്താക്കിയതിനോട് വി.എസ് എങ്ങനെ പ്രതികരിക്കുമെന്നതാവും ഇനി ശ്രദ്ധേയം.
വി.എസിന്‍െറ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍, പേഴ്സനല്‍ അസിസ്റ്റന്‍റ് എ. സുരേഷ് എന്നിവരെയാണ് ഔദ്യാഗിക പദവികളില്‍നിന്നും സി.പി.എമ്മിന്‍െറ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനത്തിനോട് സംസ്ഥാന സമിതിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും യോജിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റിയോട് കൂടി ആലോചിച്ചശേഷമേ നടപടി നടപ്പാക്കാവൂയെന്ന് സംസ്ഥാന സമിതിയില്‍ മൂന്നുപേര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമേ സംസ്ഥാന നേതൃത്വം നടപടി ഔദ്യാഗികമായി അറിയിക്കൂ.
അച്ചടക്കനടപടിക്ക് വിധേയരായ മൂന്നുപേരും സി.പി.എം ബ്രാഞ്ച് അംഗങ്ങളാണ്. കെ. ബാലകൃഷ്ണന്‍ കന്‍േറാണ്‍മെന്‍റ് ഹൗസ് ബ്രാഞ്ച് സെക്രട്ടറിയും വി.കെ. ശശിധരന്‍ മലപ്പുറം പുലാമന്തോള്‍ ബ്രാഞ്ചംഗവും എ. സുരേഷ് പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ചംഗവുമാണ്. ഇവരില്‍ ബാലകൃഷ്ണനും ശശിധരനും 2006ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹത്തിന്‍െറ പേഴ്സനല്‍ സ്റ്റാഫിലെത്തിയത്. സുരേഷ് പത്ത് വര്‍ഷമായി വി.എസിന്‍െറ സന്തത സഹചാരിയാണ്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നുതന്നെ പുറത്താക്കിയതോടെ ഇവര്‍ വഹിക്കുന്ന ഔദ്യാഗിക പദവികളും ഒഴിയേണ്ടിവരും.
2010 ലാണ് അച്ചടക്കനടപടിക്ക് ആധാരമായ വാര്‍ത്താചോര്‍ച്ച ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരടങ്ങുന്ന കമീഷനെ സംസ്ഥാനനേതൃത്വം നിയോഗിച്ചു. കടുത്ത അച്ചടക്കനടപടിക്ക് ശിപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് 2011 ല്‍ തന്നെ കമീഷന്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അന്നുതന്നെ ചര്‍ച്ച ചെയ്തിരുന്നു.
അന്ന് നടന്ന സെക്രട്ടേറിയറ്റിലെ ചര്‍ച്ചയില്‍ തന്‍െറ പേഴ്സനല്‍ സ്റ്റാഫുകള്‍ക്കെതിരായ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി.എസ് വ്യക്തമാക്കിയിരുന്നു. വാര്‍ത്താ ചോര്‍ച്ച നടത്തിയെന്ന കണ്ടെത്തല്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ളതാണെന്നതടക്കം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര കമ്മിറ്റിയെ സമീപിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന്‍െറ ഇടപെടല്‍ കാരണം അച്ചടക്കനടപടി ചര്‍ച്ച ചെയ്യുന്നത് മാറ്റിവെച്ചെങ്കിലും ഡിസംബര്‍ 28ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിഗണിക്കുകയായിരുന്നു. ഇവിടെയും വി.എസ് തന്‍െറ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും ഔദ്യാഗികപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള സെക്രട്ടേറിയറ്റില്‍ മൂന്നുപേരെയും പുറത്താക്കണമെന്ന ധാരണയാണുണ്ടായത്.
തുടര്‍ന്ന് 29ന് ആരംഭിച്ച രണ്ട് ദിവസത്തെ സംസ്ഥാന സമിതിയില്‍ ആദ്യദിവസം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഇന്നലെ ഉച്ചക്ക് ശേഷമുള്ള യോഗത്തില്‍ വിഷയം പരിഗണനക്ക് വെച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com