കൊച്ചി: ജനവിരുദ്ധ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്ന മുസ്ലിം ലീഗിന്‍െറ മുന്നറിയിപ്പിന് പിന്നില്‍ ഭരണം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്തിന്‍െറ പ്രതിഫലനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലീഗ് നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ വരും നാളുകളില്‍ സര്‍ക്കാര്‍ നിലപാടുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി ഭാരതീയ ദിവസിന്‍െറ അവലോകന യോഗത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നണിയിലെ കക്ഷികള്‍ വിമര്‍ശം നടത്തുന്നതും നല്ലതാണ്. ലീഗിന്‍െറ ഭാഗത്തുനിന്നും പോരായ്മകള്‍ ഇല്ലേ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന മുഖ്യമന്ത്രി ഭരണം മെച്ചപ്പെടുത്തണമെന്ന് എല്ലാ ഭാഗത്തുനിന്നും നിര്‍ദേശം ഉണ്ടാകാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്‍െറ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കും. സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ല. എല്ലാ വിഷയങ്ങളും പരിഹരിച്ചുവരികയാണ്. കെ.പി.സി.സി പ്രസിഡന്‍റ് ഇതിനുള്ള ശ്രമത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായി മരിച്ച സംഭവത്തിന്‍െറ പേരില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവിന്‍െറ ആവശ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ആവശ്യമായതൊക്കെ ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പ്രതികരിച്ചു. സര്‍ക്കാര്‍ എന്തൊക്കെ ചെയ്തുവെന്ന് പത്രമെങ്കിലും വായിച്ച് പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും രവി പരിഹസിച്ചു. കേരളത്തില്‍ സൗമ്യ മാനഭംഗത്തിനിരയായി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക കോടതി രൂപവത്കരിച്ച് വിചാരണ വേഗത്തിലാക്കി. പ്രതിയെ പിടികൂടാന്‍ പൊലീസ് ആത്മാര്‍ഥമായി പരിശ്രമിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍