പത്തനംതിട്ട: ആറന്മുളയില്‍ വിദ്യാഭ്യാസ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും വിമാനത്താവളത്തിന്‍െറയും പേരില്‍ വാങ്ങിക്കുട്ടിയ ഭൂമിയില്‍ ജനുവരി ഒന്ന് മുതല്‍ സി.പി.എം നേതൃത്വത്തിലുള്ള ഭൂസംരക്ഷണ സമിതി സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷക സംഘം, കര്‍ഷകത്തൊഴിലാളി യൂനിയന്‍, പട്ടികജാതി ക്ഷേമ സമിതി, ആദിവാസി ക്ഷേമസമിതി എന്നിവ ചേര്‍ന്ന് രൂപവത്കരിച്ച ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്‍െറ ഭാഗമാണിത്. നിയമം ലംഘിച്ച് മുന്നൂറിലധികം ഏക്കര്‍ ഭൂമി വിലയ്ക്കു വാങ്ങിയത് സംസ്ഥാനത്തെ ഏറ്റവും വലിയ കുംഭകോണമാണെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. ജനുവരി ഒന്നിന് രാവിലെ 10 ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ.തോമസ് ഐസക് സമരം ഉദ്ഘാടനം ചെയ്യും. ആറന്മുള ജങ്ഷനില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനുശേഷം മിച്ചഭൂമിയില്‍ പ്രവേശിച്ച് കൊടിനാട്ടി അവകാശം സ്ഥാപിക്കും. ജനുവരി 10 വരെ എല്ലാ ദിവസവും ഭൂസമരം തുടരും.
അതിനുശേഷം ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇക്കൂട്ടത്തില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശത്തിലുള്ളതും പാട്ടക്കാലാവധി തീര്‍ന്നതുമായ ഭൂമിയിലും സമരം നടത്തുമെന്നും അവര്‍ പറഞ്ഞു. പ്രതിദിനം 250 വളന്‍റിയര്‍മാര്‍ ഭൂമിയില്‍ പ്രവേശിക്കും.
കര്‍ഷകസംഘം ജില്ലാ സെക്രട്ടറി അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, പട്ടികജാതി ക്ഷേമസിമിതി ജില്ലാ സെക്രട്ടറി പി.കെ.കുമാരന്‍, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി.ആര്‍. തങ്കപ്പന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍