അരൂര്‍: കോടംതുരുത്ത് പഞ്ചായത്തിലെ എഴുപുന്ന തെക്ക്, വല്ലേതോട്, ചേരുങ്കല്‍ പ്രദേശത്ത് രണ്ടുദിവസമായി ഗുണ്ടാ മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ചേരുങ്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരനും ഒരു വിദ്യാര്‍ഥിക്കും ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവമാണ് ഒടുവിലത്തേത്.
ക്ഷേത്ര ശാന്തിക്കാരന്‍ ഗുണ്ടാസംഘത്തിന്‍െറ പിടിയില്‍ നിന്ന് കുതറിയോടി ക്ഷേത്രത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്ന് എത്തുന്ന ഗുണ്ടാസംഘങ്ങള്‍ വരെ ഈ ഭാഗത്ത് താവളം അടിക്കുന്നുണ്ട്. എന്നാല്‍, കുത്തിയതോട് പൊലീസിന്‍െറ ശ്രദ്ധ ഈ ഭാഗത്ത് എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ശാന്തിക്കാരനെ മര്‍ദിച്ചതിന്‍െറ അടുത്ത ദിവസമാണ് 10ാം ക്ളാസ് വിദ്യാര്‍ഥിയായ കൊണ്ടയില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ തരുണിനെയും (14) സംഘം ആക്രമിച്ചത്. തരുണിനെ തുറവൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വല്ലേതോട്ടിലും ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘടനമുണ്ടായി. കുത്തിയതോട് സ്റ്റേഷനിലെ രണ്ട് പോലീസുകാരെയും ആക്രമിക്കാന്‍ ശ്രമം നടന്നു. അക്രമണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. കെ.ആര്‍. സോമന്‍ അധ്യക്ഷത വഹിച്ചു. 31 നകം കുറ്റവാളികളെ പിടിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കമുള്ള പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു. പി.ഡി. രാജന്‍, കെ.ആര്‍. ഷാജി, പ്രമോദ് രാജന്‍, കെ.എല്‍. കുഞ്ഞുമോന്‍,ബാബു സി. ചേരുങ്കല്‍, കെ.വി. സോമന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍