മണ്ണഞ്ചേരി: പൊലീസിനെ ആക്രമിച്ച പ്രതിയുടെ വീട്ടില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 2000 ലിറ്റര്‍ മണ്ണെണ്ണയും 200 ലിറ്റര്‍ എന്‍ജിന്‍ ഓയിലും മോട്ടോര്‍ അടക്കമുള്ള അനുബന്ധ ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊച്ചുപറമ്പില്‍ കോശിയുടെ വീട്ടില്‍നിന്നാണ് രണ്ടുലക്ഷത്തില്‍പ്പരം രൂപ വിലമതിക്കുന്ന മണ്ണെണ്ണയും എന്‍ജിന്‍ ഓയിലും പിടികൂടിയത്.
അര്‍ത്തുങ്കല്‍ ചെത്തി കടപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ കടലില്‍ കാണാതായ സംഭവത്തില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയാണ് കോശിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ചേര്‍ത്തല ഡിവൈ.എസ്.പി എ.ജി. ലാല്‍, മാരാരിക്കുളം സി.ഐ സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മാരാരിക്കുളത്തെത്തിയത്. വീട്ടിനുള്ളില്‍നിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മണ്ണെണ്ണയും മറ്റും കണ്ടെടുത്തത്.
16 വീപ്പകളിലായാണ് മണ്ണെണ്ണയും എന്‍ജിന്‍ ഓയിലും സൂക്ഷിച്ചിരുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാകേണ്ട റേഷന്‍ മണ്ണെണ്ണയാണ് അനധികൃതമായി സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവയുടെ സാമ്പിള്‍ കോടതിക്ക് കൈമാറി. പ്രതിയെ പിടികൂടിയിട്ടില്ല. അര്‍ത്തുങ്കല്‍, മുഹമ്മ, മാരാരിക്കുളം, മണ്ണഞ്ചേരി എസ്.ഐമാരും സിവില്‍ പൊലീസ് ഓഫിസര്‍മാരും റെയ്ഡില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍