ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ അനിശ്ചിതമായി വിചാരണ കാത്തുകഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയെ ചികിത്സക്കായി പുറത്തുവിടണമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും കര്‍ണാടക സര്‍ക്കാറിന് ഇതിലൊന്നും ചെയ്യാനില്ലെന്നും ആര്‍ക്കു വേണമെങ്കിലും കോടതിയെ സമീപിക്കാമെന്നും പറഞ്ഞൊഴിഞ്ഞിരിക്കുന്നു സംസ്ഥാന മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍. മഅ്ദനിക്ക് ഇപ്പോള്‍തന്നെ മുന്തിയ ചികിത്സ ലഭിക്കുന്നുണ്ടെന്ന് നേരത്തേ കര്‍ണാടക ആഭ്യന്തര സെക്രട്ടറി അവകാശപ്പെട്ടിരുന്നതാണ്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനുവരി മൂന്നിന് കര്‍ണാടക മുഖ്യമന്ത്രിയെ കാണുമ്പോള്‍ മഅ്ദനിയുടെ ചികിത്സക്കാര്യം ഉന്നയിക്കുമെന്ന് ഔദ്യാഗികമായി വ്യക്തമാക്കപ്പെട്ടിരിക്കെയാണ് ഷെട്ടറുടെ മുന്‍കൂര്‍ ജാമ്യം. മഅ്ദനിയുടെ ആരോഗ്യനില പൂര്‍വാധികം മോശമാവുകയും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ഭരണകക്ഷികളും പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും ഒരുപോലെ അടിയന്തര മാനുഷിക പരിഗണന അര്‍ഹിക്കുന്ന പ്രശ്നമെന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നറിയിച്ചത്. അതിനിടെ, മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ച മുതിര്‍ന്ന ന്യൂറോളജിസ്റ്റ് കൂടിയായ എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ പ്രമേഹരോഗം മൂര്‍ച്ഛിച്ച അദ്ദേഹത്തിന്‍െറ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കയാണെന്നും വൃക്കയെയും മറ്റ് ആന്തരാവയവങ്ങളെയും രോഗം ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ബംഗളൂരുവിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ഉടനെ മഅ്ദനിയെ പ്രവേശിപ്പിച്ച് ചികിത്സക്ക് വിധേയമാക്കണമെന്ന തന്‍െറ അഭിപ്രായവും അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിക്കുകയുണ്ടായി.
പക്ഷേ, എലിയെത്ര കരഞ്ഞാലും പൂച്ചയുടെ കണ്ണില്‍ ഒരിറ്റ് കണ്ണീര്‍ പൊടിയില്ലെന്ന് പറഞ്ഞപോലെയാണ് നിലവിലെ അവസ്ഥ. മഅ്ദനിയെ ശാരീരികമായി ഉന്മൂലനം ചെയ്യുന്നതില്‍ പരാജയപ്പെട്ട ദുശ്ശക്തികള്‍ തുടര്‍ന്ന് കോയമ്പത്തൂര്‍ ബോംബ് സ്ഫോടനത്തിന്‍െറ മറവില്‍ ഒമ്പതര വര്‍ഷക്കാലം കാരാഗൃഹത്തിലടച്ച് കോടതിവിധിയിലൂടെ തൂക്കിലേറ്റാന്‍ സകല തന്ത്രവും പയറ്റിയതായിരുന്നു. അതിലും പരാജയപ്പെട്ടപ്പോള്‍ നിരപരാധിത്വം തെളിയിച്ച് ജയില്‍മുക്തനായ മഅ്ദനിയെ എന്ത് ഹീന തന്ത്രവും പ്രയോഗിച്ച് വീണ്ടും ജയിലിലടക്കാന്‍ മിനക്കെട്ടതിന്‍െറ ഫലമാണ് ഇപ്പോഴത്തെ തടങ്കല്‍ജീവിതമെന്ന് എല്ലാവര്‍ക്കുമറിയാം. ഭീകരക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന ഒരു പ്രതിയുടെ, താന്‍ നല്‍കാത്തതെന്ന് അയാള്‍ വിളിച്ചുപറഞ്ഞ ഒരു മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനി പിന്നീട് പ്രതിചേര്‍ക്കപ്പെട്ടത് എന്നതും അനിഷേധ്യവസ്തുത മാത്രം. നീതിന്യായ വ്യവസ്ഥയുടെ പ്രാഥമിക താല്‍പര്യങ്ങള്‍പോലും കാറ്റില്‍പറത്തി, തികച്ചും കൃത്രിമമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടാവുന്ന തെളിവുകളുടെ ബലത്തില്‍ മൂന്നാംവര്‍ഷവും തടവുകാരനായി കഴിയുന്ന വികലാംഗനായ ഒരു രോഗിയെയാണ് സ്വന്തം ചെലവില്‍ ചികിത്സ തേടാമെന്ന കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇരുമ്പഴികള്‍ക്കുള്ളില്‍ പിടിച്ചുവെച്ചിരിക്കുന്നത്. എന്നിട്ടിപ്പോള്‍ കേവലം മാനുഷിക പരിഗണന നല്‍കി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന സര്‍വ മനുഷ്യരുടെയും കൂട്ടായ അപേക്ഷപോലും കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ നിഷ്കരുണം തള്ളിക്കളയുകയാണ്. പറയുന്ന ന്യായമോ? അത് തീരുമാനിക്കേണ്ടത് കോടതിയാണെന്നും! സുപ്രീംകോടതി മഅ്ദനിയുടെ ജാമ്യാപേക്ഷ നിരസിച്ചപ്പോള്‍പോലും ചികിത്സക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. അന്നേരം കുറുക്കുവഴികളിലൂടെ ചികിത്സാ പ്രഹസനം നടത്തി തടിയൂരുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്തത്. മഅ്ദനിയുടെ ജാമ്യാപേക്ഷ കോടതിയിലെത്തുമ്പോഴും ഒരുവിധത്തിലും ഒരു ദിവസവും സോപാധിക ജാമ്യംപോലും അനുവദിക്കാന്‍ പാടില്ലാത്ത കൊടും ഭീകരനാണ് മഅ്ദനിയെന്ന് പ്രോസിക്യൂഷന്‍ സര്‍വശക്തിയുമുപയോഗിച്ച് വാദിച്ചാല്‍ പിന്നെ കോടതി മറിച്ചു ചിന്തിക്കുമെന്നെങ്ങനെ പ്രതീക്ഷിക്കാം! പ്രോസിക്യൂഷന്‍െറ വാദം ഒരിക്കലും സത്യത്തെയോ നീതിബോധത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് എടുത്തുപറയേണ്ടതായിട്ടില്ല. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോടതിയെ തന്നെ സമീപിക്കാന്‍ പറയുമ്പോള്‍ ഈ കള്ളക്കളിയില്‍നിന്ന് പിന്മാറാന്‍ അദ്ദേഹത്തിന്‍െറ സര്‍ക്കാര്‍ തയാറില്ലെന്നാണ് വ്യക്തമാവുന്നത്. അതിനാല്‍, മഅ്ദനി ഇഞ്ചിഞ്ചായി അഗ്രഹാരയിലെ കാരാഗൃഹത്തില്‍ അന്ത്യശ്വാസം വലിക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍, നമ്മുടെ സെക്കുലര്‍ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഒളി അജണ്ടയില്ലെങ്കില്‍ അവര്‍ ഒറ്റക്കെട്ടായി ഗൗരവപൂര്‍വം ഇടപെടേണ്ട സമയമാണ് അതിക്രമിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍