12:30:26
02 Sep 2015
Wednesday
Facebook
Google Plus
Twitter
Rssfeed

ടാ, കുട്ടിത്തടിയാ...നിനക്കും സുന്ദരനാകാം

ടാ, കുട്ടിത്തടിയാ...നിനക്കും സുന്ദരനാകാം

മുമ്പൊക്കെ കോട്ടയത്തുനിന്നിറങ്ങുന്ന പൈങ്കിളി മാസികകളുടെ പുറംകവറില്‍ സ്ഥിരമായ ചില പരസ്യങ്ങളുണ്ടായിരുന്നു. ജീവന്‍ടോണിന്‍്റെയും ശക്തിമാള്‍ട്ടിന്‍്റെയുംമെല്ലാം പരസ്യം. കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും എന്നു പറഞ്ഞ് ഒരു എലുമ്പന്‍്റെയും തടിമാടന്‍്റെയും ചിത്രങ്ങളില്‍ ഒരാളുടെ തന്നെ തലവെട്ടിഒട്ടിച്ച പരസ്യങ്ങള്‍. ആവശ്യത്തിന് തടിയും തൂക്കവും വന്നാല്‍ മരുന്ന് നിര്‍ത്തണമെന്ന ഒരു ഉപദേശവും പരസ്യത്തില്‍ കാണും. ഈ പരസ്യം കണ്ട് ‘സിക്സ് പാക്ക്' ബോഡിയുടെ ഉടമകളാകാന്‍ ഇവ വാങ്ങിക്കഴിച്ചവര്‍ക്ക് കയ്യും കണക്കുമില്ല.
അക്കാലത്ത് എന്റെകുഞ്ഞ് ഒന്നു തടിച്ച് കാണണമേ എന്ന് പ്രാര്‍ഥിക്കാത്ത മാതാക്കളില്ല. മെലിഞ്ഞ കുട്ടികളുമായി ഡോക്ടര്‍മാരുടെയും വൈദ്യന്മാരുടെയും അടുത്ത് പോയി "വിശപ്പുണ്ടാകാന്‍' മരുന്ന് എഴുതി വാങ്ങിയിരുന്ന ശീലവും അടുത്ത കാലം വരെയുണ്ടായിരുന്നു.
എന്നാല്‍ ഇന്ന് കഥയാകെ മാറി. ഇംഗ്ളീഷ് മീഡിയം സ്കുളുകളിലും മറ്റും തടിമാടന്മാരായ കുട്ടികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. അല്‍പം തടികൂടിയ കുട്ടികളെ തടിയനെന്നോ തടിച്ചിയെന്നോ വിളിച്ച് ആരും കളിയാക്കാറില്ല. കരണം സ്കൂളുകളിലെ ഭൂരിപക്ഷം കുട്ടികളും ഇത്തരത്തില്‍ തടിമാടന്മാരാണ്.

പൊണ്ണത്തടി മനസ്സിനെയും ബാധിക്കും
പൊണ്ണത്തടി കുട്ടികളുടെ ശരീരത്തെ മാത്രമല്ല മനസ്സിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് മനശാസ്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മിക്കവരും പൊണ്ണത്തടിയെ ഉള്ളില്‍ ശപിക്കുന്നവരാണ്. കളിയാക്കല്‍ കേള്‍ക്കുമ്പോള്‍ അപകര്‍ഷബോധം ഉള്ളില്‍ നീറാത്തവരില്ല. ബസില്‍ രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞെരുങ്ങിയിരിക്കുമ്പോള്‍, ട്രെയിനിലെ ബെര്‍ത്തില്‍ കയറുമ്പോള്‍ താഴെയിരിക്കുന്നവരുടെ മുഖത്ത് ഭയം നിറയുന്നത് കാണുമ്പോള്‍, എല്ലാം ഒരു തടിമാടന്‍െറ മനസ്സ് അപകര്‍ഷതകൊണ്ട് നീറിക്കൊണ്ടിരിക്കും.
അമിതവണ്ണമുള്ള ശരീരം അപകര്‍ഷത പോലുള്ള വിചാരങ്ങളുടെ മാത്രമല്ല ഗുരുതരമായ അസുഖങ്ങളുടേയും കൂടാരമാണ്.
ഉറച്ച പേശികളുള്ള പ്രായത്തിനും ഉയരത്തിനും ഒത്ത തൂക്കമുള്ള രോഗമില്ലാത്ത ശരീരമാണ് ഉത്തമം. അത് തനിയെ ഉണ്ടാകുന്നതല്ല മറിച്ച് ഓരോരുത്തരും ശ്രദ്ധാപൂര്‍വം ഉണ്ടാക്കിയെടുക്കേണ്ടതാണ്.
കണ്ടതെല്ലാം വാരിവലിച്ചു തിന്നുന്ന ആഹാരശീലങ്ങള്‍, നടക്കാനും ദേഹമനങ്ങി കളിക്കാനുമുള്ള മടി, പിന്നെ ശരീരമനങ്ങാതെയുള്ള ജോലി...അങ്ങിനെ പോകുന്നു പൊണ്ണത്തടിയിലേക്കുള്ള കുറുക്കുവഴികള്‍. പാരമ്പര്യമായി കിട്ടുന്ന തടി ഇതിനെല്ലാം പുറമെയാണ്.

പട്ടിണി കിടക്കാതെ തടികുറക്കാം
തടി കുറക്കല്‍ തീരെ എളുപ്പമല്ലെന്നൊരു ധാരണ പൊതുവേയുണ്ട്. മടിയന്മാരിലും ഭക്ഷണപ്രിയരിലുമാണ് പൊണ്ണത്തടി ഏറെയും കണ്ടുവരുന്നത്. ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കേണ്ടിവരുമോ എന്ന ഭയവും ദേഹമനങ്ങാനുള്ള മടിയുമാണ് ഇത്തരം ധാരണക്ക് പിറകില്‍. ചെറുതായി ശ്രമിച്ചാല്‍ ഒരു പരിധിവരെ പൊണ്ണത്തടി നിയന്ത്രിക്കാനാവും എന്നതാണ് വാസ്തവം.
തന്‍െറ ഇഷ്ടഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ഉപവാസം എന്നപേരില്‍ പട്ടിണി കിടക്കേണ്ടിവരുമല്ലോ എന്ന ആശങ്കമൂലം തടികുറക്കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി കഴിയുന്നവരാണ് പലരും. എന്നാല്‍ ഭക്ഷണം തീരെ ഉപേക്ഷിക്കാതെതന്നെ തടികുറക്കാമെന്നുള്ളതാണ് വാസ്തവം.
എണ്ണ ഒട്ടും പാടില്ല, മധുരം കഴിക്കരുത്, വറുത്തതും പൊരിച്ചതും ഒഴിവാക്കണം എന്നൊക്കെ പറഞ്ഞാല്‍ ഏത് തടിയന്മാരും പേടിച്ചുപോകും. ഇതെല്ലാം മുഴുവനായി നടപ്പാക്കാന്‍ പലപ്പോഴും കഴിയില്ല. ചെറിയ അഡ്ജസ്റ്റ്മെന്‍്റുകള്‍, സൂത്രപ്പണികള്‍..കുറച്ച് നിയന്ത്രണം.ഇത്രയും മതി ഭീമസേനന്മാര്‍ കുചേലനെപ്പോലെയായില്ലെങ്കിലും കൃഷ്ണനെപ്പോലെയാവാന്‍.
മൈദ കൊണ്ടുള്ള പൊറോട്ട, ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കി ഗോതമ്പ്, അരി ഓട്സ് എന്നിവ കൊണ്ടുള്ള അട, ചപ്പാത്തി, ബ്രഡ് മുതലായവ കഴിക്കുക. ഫൈബര്‍ കൂടുതലുള്ളതിനാല്‍ ഇവ കുറച്ചുകഴിച്ചാല്‍ത്തന്നെ വയര്‍ നിറഞ്ഞതായി തോന്നും.
പയര്‍വര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ പരിപ്പിനു പകരം മുഴുധാന്യം തന്നെ ഉപയോഗിക്കുക. ഉദാഹരണത്തിന് കടലയാണെങ്കില്‍ തൊലിയോടെ.
ദാഹിക്കുമ്പോള്‍ കോളകള്‍ പോലുള്ള കൃത്രിമപാനീയങ്ങള്‍ ഒഴിവാക്കി കലോറി കുറവുള്ള ഇളനീരോ, നാരങ്ങവെള്ളമോ കുടിക്കുക. സാന്‍്റ്വിച്ചുകള്‍ കഴിക്കണമെന്ന് തോന്നിയാല്‍ വല്ലപ്പോഴും വെജിറ്റബിള്‍ സാന്‍്റ്വിച്ച് മാത്രം കഴിക്കുക. വറുത്തമീന്‍ ഒഴിവാക്കി ഒവനില്‍ ഗ്രില്‍ചെയ്തോ ചുട്ടെടുത്തോ ഉപയോഗിക്കാം. കൊഴുപ്പുള്ള പാലിന് പകരം കൊഴുപ്പ് നീക്കിയ ടോണ്‍ഡ് മില്‍ക്ക് വാങ്ങുക. പ്രധാന ഭക്ഷണത്തോടൊപ്പം ധാരാളം വെജിറ്റബിള്‍ സലാഡ് കഴിക്കുക.

കുട്ടികളിലെ പൊണ്ണത്തടി കുറക്കാന്‍ ചില കാര്യങ്ങള്‍
കുട്ടികളിലെ പൊണ്ണത്തടി കുറക്കാന്‍ ഇതിനു പുറമെ മറ്റുചില കാര്യങ്ങള്‍കൂടി ശ്രദ്ധിക്കണം. കിട്ടുന്ന പോക്കറ്റ്മണി ഉപയോഗിച്ച് അവര്‍ അടുത്തുള്ള ബേക്കറികളില്‍ പോയി ബര്‍ഗറും പിസ്തായും കോളയും ഐസ്ക്രീമും ലേയ്സുമെല്ലാം കഴിക്കും. സ്കൂള്‍ ബസില്‍ യാത്ര, ട്യൂഷന്‍, വീട്ടിലെ പഠനം, ടി.വി, കമ്പ്യൂട്ടര്‍ ഗൈയിം ഇങ്ങനെ അവരെ മെയ്യനങ്ങാന്‍ വിടാത്ത ജീവിതചര്യ മാറ്റിയെടുക്കണം. ടി.വി. കാണുമ്പോള്‍ ബേക്കറി പലഹാരങ്ങളുടെ "കറുമുറു'തിന്നുന്ന ശീലവും അടിയന്തിരമായി നിര്‍ത്തണം. ഈ ശൈലി തടി മാത്രമല്ല രോഗങ്ങളും സമ്മാനിക്കും.
ഇത്തരം കുട്ടികള്‍ക്ക് പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം എന്നിവ വരാന്‍ സാധ്യത കൂടുതലാണ്.
ദിവസം ഒരു മണിക്കൂറെങ്കിലും കുട്ടികള്‍ വിയര്‍ക്കുന്നത് വരെ ഓടിക്കളിക്കട്ടെ. അല്ലെങ്കില്‍ കുറച്ചുനേരം നന്നായി വ്യായാമം ചെയ്യുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യട്ടെ.
മുതിര്‍ന്ന പൊണ്ണത്തടിയന്മാരിലാകട്ടെ പ്രമേഹവും ഉയര്‍ന്ന രകസ്തസമ്മര്‍ദവും കൊളസ്ട്രോളും ഒരുമിച്ച് പിടികൂടാം. ശരീരഭാരം മൂലം സന്ധിവാത രോഗങ്ങളും വരാം.

പുതിയ ശീലങ്ങള്‍ തുടങ്ങുക
അതുകൊണ്ടുതന്നെ കാര്യങ്ങള്‍ ക്ഷമയോടെ മനസ്സിലാക്കി പൊണ്ണത്തടിയുടെ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട് ദൃഢനിശ്ചയത്തോടെ തടി കുറക്കാനുള്ള ശ്രമങ്ങള്‍ ഘട്ടംഘട്ടമായി തുടങ്ങുക. ഇതൊരു ശിക്ഷയായി കാണാതെ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള പ്രയാണമായി കരുതി സന്തോഷത്തോടെയും ആത്മാര്‍ഥതയോടെയും പുതിയ ശീലങ്ങള്‍ തുടങ്ങുക. സമാന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുമായി കാര്യങ്ങള്‍ പങ്കുവെച്ച് അവരില്‍നിന്ന് പ്രചേദനം നേടുക അഥവാ അവര്‍ക്കുകൂടി പ്രചോദനം നല്‍കുക. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകുക...പൊണ്ണത്തടിയുള്ളവര്‍ തീര്‍ച്ചയായും സുന്ദരന്മാരും സുന്ദരികളുമാകും. തീര്‍ച്ച.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus