12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

കരള്‍ ആരോഗ്യം

കരള്‍  ആരോഗ്യം

കരള്‍ രോഗങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കരള്‍മാറ്റ ശസ്ത്രക്രിയകളെക്കുറിച്ച് ഇടക്കിടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. കരള്‍ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളും കൂടിവരുകയാണ്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. അതിന് ഏകദേശം ആയിരം മുതല്‍ ആയിരത്തി ഇരുനൂറ് വരെ ഗ്രാം ഭാരം കാണും. വയറിന്‍െറ വലത്ത് മുകള്‍ ഭാഗത്താണ് കരളിന്‍െറ സ്ഥാനം.
രാസവസ്തുക്കളുടെ ഒരു വ്യവസായശാല പോലെയാണ് കരളിലെ പ്രവര്‍ത്തനങ്ങള്‍. പലതരത്തിലുള്ള മാംസ്യം, ദഹനരസങ്ങള്‍, മറ്റുചില രാസഘടകങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്‍െറ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മിക്ക പോഷകാംശങ്ങളുടെയും ആഗിരണം നടക്കുന്നത് അങ്ങനെയാണ്. ഗൈ്ളക്കോജന്‍, ചില ജീവകങ്ങള്‍-പ്രത്യേകിച്ച് എ, ഡി, ഇരുമ്പ്, മറ്റുചില ധാതുക്കള്‍ എന്നിവയെ ശേഖരിച്ചുവെക്കാനും കരളിന് കഴിയും.
ശരീരത്തിലെത്തുന്ന ഹാനികരമായ പദാര്‍ഥങ്ങളെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനമാണ് കരളിന്‍െറ ധര്‍മങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. നാം കഴിക്കുന്ന മരുന്നുകളെ ഫലപ്രദമാക്കുന്നതും കരളാണ്. ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കരളിന് സ്വന്തമായി കഴിവുണ്ട്. കരളിന്‍െറ 80 ശതമാനംവരെ നശിച്ചുപോയാല്‍ പോലും അത് വീണ്ടും നിര്‍മിച്ചെടുക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും കരളിന് കഴിയും. അനുകൂല സാഹചര്യങ്ങള്‍ വേണമെന്ന് മാത്രമേയുള്ളൂ.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷിയുണ്ടെങ്കിലും കരളിനെ ബാധിക്കുന്ന പല രോഗങ്ങളുമുണ്ട്. അവയില്‍ ചിലത് പ്രശ്നങ്ങളുമാണ്. ആരോഗ്യം നല്ല നിലയില്‍ സൂക്ഷിക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത്, കരള്‍ ആരോഗ്യത്തോടെയിരിക്കണം എന്നതാണ്.
കരളിനെ ബാധിക്കുന്നതും കൂടുതലായി സാധാരണ കാണുന്നതുമായ രോഗം വൈറസ് ബാധ മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ വൈറസുകളാണ് സാധാരണയായി മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് കാരണമാകാറുള്ളത്. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ ശുദ്ധമല്ലാത്ത ആഹാരം, പാല്‍, പാനീയങ്ങള്‍, ജലം എന്നിവയിലൂടെയാണ് പകരാറുള്ളത്. ഈ വൈറസുകള്‍ മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം ചികിത്സിച്ചാലും ഇല്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാറുന്നതാണ്. ചികിത്സയുടെ ഭാഗമായി ഈ മഞ്ഞപ്പിത്തത്തില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടത് ശുചിത്വവും പൂര്‍ണ വിശ്രമവുമായിരിക്കണം.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നീ വൈറസുകള്‍, രോഗാണു ബാധയുള്ളവരില്‍നിന്ന് രക്തം സ്വീകരിക്കല്‍, രോഗാണു ബാധയുള്ളവരുമായി ലൈംഗിക ബന്ധം, രോഗാണുബാധയുള്ള സിറിഞ്ച്, സൂചി എന്നിവയുടെ ഉപയോഗം എന്നിവ വഴിയാണ് പകരാറുള്ളത്. രോഗാണു ബാധയുള്ള സ്ത്രീകള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗം കൈമാറാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, നീണ്ടകാലം നിലനില്‍ക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. മാത്രമല്ല, കരള്‍വീക്കം, മഹോദരം, കരളില്‍ കാന്‍സര്‍ എന്നിവ സംഭവിക്കാനും സാധ്യത കൂടുതലായിരിക്കും.
സ്വന്തം ആരോഗ്യം സൂക്ഷിക്കാനും നിലനിര്‍ത്താനും സ്വന്തമായിത്തന്നെ ഒരു പരിധിവരെ കരളിന് കഴിയുന്നതാണ്. ഒരുപാട് രോഗങ്ങള്‍ കരളിനെ ബാധിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഈ പ്രശ്നങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതും മരണം സംഭവിക്കുന്നതും. അതുകൊണ്ട് കരളിന്‍െറ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ എല്ലാവരും ഓര്‍ക്കണം.
- മദ്യം കുടിക്കാതിരിക്കണം. എപ്പോഴെങ്കിലും മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളവര്‍ മദ്യം കാണുക പോലും അരുത്.
- ശുചിത്വമില്ലാത്ത ആഹാരം, ജ്യൂസ്, പാല്‍, വെള്ളം എന്നിവ കഴിക്കരുത്.
- പഴം, പച്ചക്കറികള്‍ എന്നിവ നല്ല വെള്ളത്തില്‍ കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. വഴിയരികില്‍ തുറന്നുവെച്ച ആഹാര പദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക.
- സമീകൃതാഹാരം ശീലമാക്കുക. ശരീരത്തിനാവശ്യമായ പോഷകാംശങ്ങള്‍ വേണ്ട അളവില്‍ ലഭിക്കാന്‍ അത് സഹായിക്കും.
- മരുന്നുകള്‍ കഴിക്കേണ്ടി വരുമ്പോള്‍, അത് യോഗ്യതയുള്ള ഡോക്ടറുടെ ഉപദേശമനുസരിച്ച് മാത്രം കഴിക്കുക. ഡോക്ടര്‍ പറയുന്ന അളവിലും സമയങ്ങളിലും കഴിക്കുകയും വേണം. അശാസ്ത്രീയമായി മരുന്നുകള്‍ കഴിക്കുന്നതിന്‍െറ ഫലമായി കരളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- രോഗാണുവിമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കാതിരിക്കുക.
- രക്തം സ്വീകരിക്കേണ്ട സന്ദര്‍ഭം ഉണ്ടാകുമ്പോള്‍, രക്തം തരുന്ന വ്യക്തിയുടെ രക്തം രോഗാണു സംക്രമണം ഇല്ലാത്തതാണെന്ന് ഉറപ്പുവരുത്തണം.
- അതിരുവിട്ട ലൈംഗിക ബന്ധം നല്ലതല്ല.
- പുകവലി, പുകയിലയുടെ മറ്റു തരത്തിലുള്ള ഉപയോഗം എന്നിവയും ഉപേക്ഷിക്കണം.
- അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങളില്‍ കഴിയുന്നത് കഴിയുന്നത്ര കുറക്കുക.
ഇത്രയും കാര്യങ്ങള്‍, കരളിന്‍െറ സംരക്ഷണത്തിന് ധാരാളം മതിയാകുന്നതാണ്. മറ്റ് കുറെയേറെ ആരോഗ്യ പ്രശ്നങ്ങളില്‍നിന്ന് മോചനം നേടാന്‍ കൂടി ഇതൊക്കെ സഹായിക്കും. കരള്‍ ആരോഗ്യമുള്ളതാണെങ്കില്‍ അതിന്‍െറ ഉടമസ്ഥനും ആരോഗ്യമുണ്ടായിരിക്കും. ഒപ്പം നല്ല ഉന്മേഷവും ഊര്‍ജവും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com