ദല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായി കൂട്ട മാനഭംഗത്തിനിരയായ സംഭവം സൃഷ്ടിച്ച പ്രതിഷേധവും രോഷപ്രകടനവും മന്ദീഭവിച്ചത് രാഷ്ട്രീയ-ഭരണ നേതൃത്വത്തിന് ആശ്വാസം പകരുന്നുണ്ടാകാമെങ്കിലും ജനമനസ്സില്‍നിന്ന് ഭീതിയും ഉത്കണ്ഠയും ഇനിയും വിട്ടുമാറിയിട്ടില്ല. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ആരോഗ്യസ്ഥിതി വഷളായി തുടരവെ വിദഗ്ധ ചികിത്സക്കായി സിങ്കപ്പൂരില്‍ എത്തിച്ചിരിക്കയാണല്ലോ. ഒരുപക്ഷേ, ഇതാദ്യമായിരിക്കാം ഒരു ഇരയുടെ ജീവന്‍ രക്ഷിക്കാന്‍ ഭരണകൂടം ഇത്രക്ക് ശുഷ്കാന്തി കാട്ടുന്നത്. കൂട്ട മാനഭംഗത്തെ കുറിച്ച് അന്വേഷിക്കാനും ദല്‍ഹി മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പോംവഴികളെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ജസ്റ്റിസ് ഉഷ മിശ്രയെ കമീഷനായി നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിക്കുകയുണ്ടായി. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിയമവ്യവസ്ഥകള്‍ കര്‍ക്കശമാക്കേണ്ടതുണ്ടോയെന്ന് പഠിക്കാനും അതിവേഗ കോടതിപോലുള്ള പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കാനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. വര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ ഇതിനകം നിയോഗിച്ചിരുന്നു.
ദല്‍ഹിയിലെ സംഭവ വികാസങ്ങള്‍ ഒരു യാഥാര്‍ഥ്യത്തിന് അടിവരയിടുന്നു: ജനങ്ങള്‍ ശക്തമായി പ്രതികരിക്കുന്നതും രോഷം പ്രകടിപ്പിക്കുന്നതും ഭരണ-രാഷ്ട്രീയ നേതൃത്വം ഇപ്പോഴും വല്ലാതെ ഭയപ്പെടുന്നുണ്ട്. ഇന്ത്യാഗേറ്റിനു സമീപവും രാഷ്ട്രപതി ഭവന് മുന്നിലും ജനം തമ്പടിച്ച് രോഷപ്രകടനം നടത്തിയപ്പോള്‍ ജനാധിപത്യ സര്‍ക്കാറിന് അത് അസഹ്യമായി തോന്നാന്‍ കാരണം തങ്ങളുടെ നിലനില്‍പിന് അത് ഏതെങ്കിലും തരത്തില്‍ ഊനം തട്ടിക്കുമോ എന്ന ഭീതിയാവണം. എത്ര പെണ്‍ജീവിതങ്ങള്‍ പരസ്യമായി പിച്ചിച്ചീന്തപ്പെട്ടാലും ഇവിടെ എല്ലാം ഭദ്രമാണെന്ന് വരുത്തിത്തീര്‍ക്കാനും ലോകത്തിന്‍െറ മുന്നില്‍ പ്രതിച്ഛായ മിനുക്കാനുമാണല്ലോ എല്ലാവര്‍ക്കും തിടുക്കം. അതുകൊണ്ടാണ്, റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍െറ സന്ദര്‍ശന വേളയില്‍ പ്രതിഷേധക്കാരെ കാണേണ്ട എന്ന വിചാരത്തോടെ ഇന്ത്യാഗേറ്റ് മേഖലയില്‍നിന്ന് പ്രക്ഷോഭകരെ ബലപ്രയോഗത്തിലൂടെ നീക്കംചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, ഇന്ത്യയുടെ ബലാത്സംഗ സംസ്കാരത്തെ കുറിച്ചും അതിന്‍െറ പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചും ആഗോള മീഡിയ തുടക്കം മുതല്‍ക്കേ ഇഴ പിരിച്ച് ചര്‍ച്ചചെയ്യുന്നുണ്ടായിരുന്നു എന്ന് ഇവര്‍ അറഞ്ഞില്ല. ‘ചാനല്‍ ഫോര്‍’ നടത്തിയ അത്തരമൊരു ചര്‍ച്ചക്കിടയില്‍ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് നടത്തിയ ചില തുറന്നുപറച്ചിലുകള്‍ നമ്മുടെ വ്യവസ്ഥിതിയുടെ യഥാര്‍ഥ മുഖം അനാവരണംചെയ്യാന്‍ മാത്രമല്ല, ഉപരിവര്‍ഗത്തിന്‍െറ കപട മുഖംമൂടി പിച്ചിച്ചീന്താനും ഉപകരിച്ചു. സൈന്യത്തിന്‍െറയും പൊലീസിന്‍െറയും കാര്‍മികത്വത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എണ്ണമറ്റ സ്ത്രീകള്‍ നിത്യേനയെന്നോണം ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ നിസ്സംഗരായി നില്‍ക്കുന്ന മധ്യവര്‍ഗം ദല്‍ഹിയില്‍ ഒരു യുവതിക്കു നേരെയുണ്ടായ അതിക്രമത്തില്‍ മാത്രം പ്രതിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പറയാന്‍ അരുന്ധതി അമാന്തിച്ചില്ല. ഇരയും പ്രതികളും ഭിന്ന സാമൂഹിക പശ്ചാത്തലത്തില്‍നിന്നുള്ളവരായതുകൊണ്ടാണ് ജനം തെരുവിലിറങ്ങിയതെന്നും കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരപരാധികളായ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഇവരാരും ഒരിറ്റ് കണ്ണീര്‍ പൊഴിക്കാറില്ല എന്നുമുള്ള അവരുടെ ധര്‍മരോഷം ബഹളകോലാഹലങ്ങള്‍ക്കിടയിലെ കനത്ത ശബ്ദമായിരുന്നു.
സ്ത്രീകള്‍ക്കുനേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ തടയാന്‍ ഏക പോംവഴി നിയമം കര്‍ക്കശമാക്കുക എന്നതു മാത്രമാണെന്ന വാദം നിരര്‍ഥകമാക്കുന്നതാണ് അരുന്ധതി ചൂണ്ടിക്കാണിച്ച വസ്തുതകള്‍. നിയമത്തിന്‍െറ അഭാവംകൊണ്ടാണോ കശ്മീരില്‍ എണ്ണമറ്റ സ്ത്രീകള്‍ പട്ടാളക്കാരുടെ കാമപൂര്‍ത്തീകരണത്തിന് ഇരയായി പിടഞ്ഞുമരിച്ചത്. മണിപ്പൂരില്‍ രണ്ടുവര്‍ഷം മുമ്പ് സൈന്യം ഒരു ഗ്രാമത്തിലെ സ്ത്രീകളെ മുഴുവന്‍ പിച്ചിച്ചീന്തിയപ്പോള്‍ സ്ത്രീജനത്തിന് തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിക്കാന്‍ വിവസ്ത്രരായി ഒന്നിച്ചു തെരുവിലിറങ്ങേണ്ടിവന്നു. ആ ചിത്രം കണ്ട് ലോകം മൊത്തം ഞെട്ടിയിട്ടും ഇന്ത്യയുടെ ഒരു തെരുവിലും പ്രതിഷേധസ്വരം ഉയര്‍ന്നുകേട്ടില്ല. ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ പൊലീസും വര്‍ഗീയ കശ്മലന്മാരും ചേര്‍ന്ന് എത്രയെത്ര ബില്‍ക്കീസുമാരെ ബലാത്സംഗംചെയ്ത് കൊല്ലുകയോ തെരുവില്‍ ചവച്ചുതുപ്പുകയോ ചെയ്തു. പത്തു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു? ശിക്ഷിക്കപ്പെടണമെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ? ദല്‍ഹിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത് ദേശീയ നാണക്കേടാണ് എന്ന് വാചാടോപം നടത്തുന്ന മന്‍മോഹന്‍ സിങ്ങിനോ പി. ചിദംബരത്തിനോ എന്തുകൊണ്ട് കശ്മീരിലും ഗുജറാത്തിലും ഝാര്‍ഖണ്ഡിലും മിസോറാമിലും ദുര്‍ബല വിഭാഗങ്ങള്‍ ഭരണകൂട മെഷിനറിയുടെ സഹായത്തോടെ ഇരയാക്കപ്പെടുമ്പോള്‍ ലജ്ജ തോന്നുന്നില്ല. ഇതാണ് അരുന്ധതി റോയ് പറഞ്ഞത്, ബലാത്സംഗത്തിനും ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ രാഷ്ട്രീയമുണ്ടെന്ന്. ആ രാഷ്ട്രീയം മുതലെടുത്താണ് പൊലീസും സൈന്യവും സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം നിയമം കാറ്റില്‍ പറത്തുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ചുരുങ്ങിയത് 45 സ്ത്രീകള്‍ കസ്റ്റഡിയില്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഏഷ്യന്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വെളിപ്പെടുത്തുകയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തടസ്സം നിയമമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അത്തരം നിയമവ്യവസ്ഥകള്‍ എടുത്തുകളയുന്നത് പൊലീസിന്‍െറ/ സൈന്യത്തിന്‍െറ മനോവീര്യം തകര്‍ക്കുമെന്ന് വാദിക്കുന്നവരാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം.
കര്‍ശനമായ നിയമം കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ സഹായിക്കുമെന്നതില്‍ പക്ഷാന്തരമുണ്ടാവില്ല. എന്നാല്‍, അത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരായവര്‍ അതിന് യോഗ്യരാണോ എന്നതാണ് പ്രസക്തമായ ചോദ്യം. കുറ്റവാളികളെ കൈകാര്യംചെയ്യേണ്ട നിയമപാലകരെ എങ്ങനെ മനുഷ്യരാക്കാം എന്നതിനെ കുറിച്ചും ജസ്റ്റിസ് വര്‍മ കമ്മിറ്റി ചിന്തിക്കട്ടെ. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പില്ലാത്തതു കൊണ്ടല്ല സ്ത്രീകള്‍ക്ക് ഇവിടെ പീഡനം സഹിക്കേണ്ടിവരുന്നത്. ജാഗരൂകമായ ഒരു സിവില്‍ സമൂഹത്തിന്‍െറ അഭാവത്തിലാണ് നിയമം കാറ്റില്‍ പറത്തപ്പെടുന്നത്. നീതിബോധവും പ്രതികരണശേഷിയുമുള്ള ഒരു സമൂഹത്തിനു മാത്രമേ നിയമം പ്രയോജനപ്പെടുകയുള്ളൂ എന്ന് ആദ്യമായി എല്ലാവരും മനസ്സിലാക്കട്ടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍