Thu, 12/27/2012 - 23:54 ( 24 weeks 5 daysago)
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: പാകിസ്താന് കിരീടം
(+)(-) Font Size
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: പാകിസ്താന് കിരീടം

ദോഹ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്താനോട് പൊരുതിത്തോറ്റു. ലീഡ്നില മാറിമറിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ നാലിനെതിരെ അഞ്ച് ഗോളിനാണ് പാക് ടീം പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ തലനാരിഴക്ക് കിരീടം നഷ്ടമായ പാകിസ്താന് ഇത് മധുരപ്രതികാരം കൂടിയായി. മലേഷ്യക്കാണ് മൂന്നാം സ്ഥാനം.
കലാശപ്പോരാട്ടത്തിന്‍െറ ഏഴാം മിനിറ്റില്‍ പാകിസ്താനാണ് ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് വഖാസ് ടൂര്‍ണമെന്‍റില്‍ 10ാം ഗോള്‍ സ്വന്തമാക്കി.  ഉണര്‍ന്നുകളിച്ച ഇന്ത്യക്കുവേണ്ടി ഒമ്പതാം മിനിറ്റില്‍ സുനില്‍കുമാറും 21ാം മിനിറ്റില്‍ രഘുനാഥും വലകുലുക്കി ആധിപത്യം കൈയടക്കി. പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു രഘുനാഥിന്‍െറ എട്ടാം ഗോള്‍ (2-1). മറ്റൊരു പെനാല്‍റ്റി ലഭിച്ചത് വിജയകരമായി പൂര്‍ത്തിയാക്കാനായില്ലെങ്കിലും ആദ്യ പകുതി ഇന്ത്യ തന്നെ നേടി.
അത്യാവേശകരമായിരുന്നു രണ്ടാം പകുതി. 42ാം മിനിറ്റില്‍ ഷഫഖത് റസൂലിലൂടെ പാകിസ്താന്‍ സമനില പിടിച്ചു. ഉടനെത്തി പാകിസ്താന്‍െറ അടുത്ത അടി. പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മുഹമ്മദ് ഇര്‍ഫാന്‍ 48ാം മിനിറ്റില്‍ ടീമിനെ വീണ്ടും മുന്നിലെത്തിച്ചു (2-3). എന്നാല്‍, ഗുര്‍വീന്ദര്‍ സിങ് ചാണ്ഡിയുടെ അവസരോചിത നീക്കം 55ാം മിനിറ്റില്‍ ഇന്ത്യക്ക് ഒരിക്കല്‍കൂടി സമനില നേടിക്കൊടുത്തു. രണ്ട് മിനിറ്റിനകം വഖാസിലൂടെ പാകിസ്താന്‍ ലീഡ് തിരിച്ചുപിടിച്ചു.
59ാം മിനിറ്റില്‍ ഇന്ത്യയുടെ ഊഴമായിരുന്നു. രൂപീന്ദര്‍പാലിലൂടെ സ്കോര്‍ സമനിലയിലാക്കി ടീം പ്രതീക്ഷ നല്‍കി (4-4). പിന്നാലെ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ പക്ഷേ ഇന്ത്യക്ക് നിരാശ സമ്മാനിച്ചു. 64ാം മിനിറ്റിലെ പെനാല്‍റ്റിയും പാക് ഗോളില്‍ കലാശിച്ചു (4-5). കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ വീണ്ടും പിറകിലായ ഇന്ത്യ പൊരുതിനോക്കി. 66ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിനുവേണ്ടി ടീം വാദിച്ചെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട ടീം താമസിയാതെ തിരിച്ചുവന്നെങ്കിലും തോല്‍വി സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന പ്രഥമ ടൂര്‍ണമെന്‍റില്‍ പാകിസ്താനെ 4-2ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. റൗണ്ട് റോബിന്‍ ലീഗ് റൗണ്ടിലെ അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഇക്കുറി ഫൈനലില്‍ പ്രവേശിച്ചത്. 12 പോയന്‍േറാടെ മുന്നേറിയ ടീം പക്ഷേ അവസാന കളിയില്‍ മലേഷ്യയോട് 3-5ന്‍െറ തോല്‍വി ഏറ്റുവാങ്ങി. ചൈന (4-0), ജപ്പാന്‍ (3-1), ഒമാന്‍ (11-0), പാകിസ്താന്‍ (2-1) എന്നീ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അവസാന മത്സരത്തില്‍ ജപ്പാനെ 5-3ന് തകര്‍ത്ത് പാകിസ്താന്‍ കലാശക്കളിക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയ ടീം ഒമാനെ 8-3ന് വീഴ്ത്തുകയും മലേഷ്യയോട് 3-3ന് സമനില വഴങ്ങുകയും ചെയ്തു. പാകിസ്താനും മലേഷ്യയും 10 പോയന്‍റുമായി ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍, ഗോള്‍ ശരാശരി പാക് സംഘത്തിന് തുണയാവുകയായിരുന്നു.
ഒന്നിനെതിരെ മൂന്ന് ഗോളിന് ചൈനയെ തോല്‍പിച്ചാണ് മലേഷ്യയുടെ വെങ്കലനേട്ടം. അഞ്ചാം സ്ഥാനത്തിനുവേണ്ടി നടന്ന മത്സരത്തില്‍ ഒമാന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജപ്പാനെ മറികടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus