ഏറെ സന്ദിഗ്ധതകള്‍ക്കൊടുവില്‍ ഈജിപ്തില്‍ പുതിയ ഭരണഘടന നിലവില്‍വന്നു. നാടിന്‍െറ ശാപമായിരുന്ന സ്വേച്ഛാധിപത്യത്തെ തൂത്തെറിഞ്ഞ ‘ജനുവരി 25 വിപ്ളവ’ത്തെ പൂര്‍ണതയില്‍ എത്തിക്കുന്നതാണ് ഈജിപ്തിന്‍െറ ചരിത്രത്തിലാദ്യമായി ജനകീയ ഹിതപരിശോധനയിലൂടെ രൂപപ്പെട്ട പുതിയ ഭരണഘടന. 63.8 ശതമാനം പേരും ഭരണഘടനയെ അനുകൂലിച്ച് വോട്ടുചെയ്തതായി തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞ ദിവസം ഔദ്യാഗികമായി അറിയിക്കുകയായിരുന്നു. കമീഷന്‍െറ പ്രഖ്യാപനം വന്ന ശേഷം പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി ഭരണഘടന പ്രാബല്യത്തില്‍ വരുന്നതായ ഉത്തരവില്‍ ഒപ്പുവെച്ചു. വിപ്ളവത്തിന് തൊട്ടുടനെ രാജ്യം ഭരിച്ച സൈനിക കൗണ്‍സിലും പിന്നീട് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്‍റും പുറപ്പെടുവിച്ച ഉത്തരവുകളെല്ലാം ഇതോടെ അപ്രസക്തമാവും. ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി പാര്‍ലമെന്‍റിന്‍െറ ഉപരിസഭയായ ശൂറാ കൗണ്‍സില്‍ രൂപപ്പെടുത്തുന്ന നിയമങ്ങളായിരിക്കും ഇനി ഈജിപ്തിനെ മുന്നോട്ടുനയിക്കുക. രണ്ട് മാസത്തിനകം പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും.
ജനാധിപത്യത്തിലും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിരതയിലും താല്‍പര്യമുള്ള ആരെയും ആഹ്ളാദിപ്പിക്കുന്ന അനുഭവമാണിത്. സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ രാജാധിപത്യത്തിലോ പട്ടാള ആധിപത്യത്തിലോ ആയിരുന്നു ഈജിപ്ത് എക്കാലവും. ഈ പാരമ്പര്യത്തിന് അന്ത്യംകുറിച്ചാണ് 2011ലെ മഹത്തായ വിപ്ളവം ഈജിപ്തില്‍ അരങ്ങേറുന്നത്. പ്രക്ഷോഭത്തിലൂടെ, ക്രൂരനായ ഹുസ്നി മുബാറകിനെ പുറത്താക്കാന്‍ ഈജിപ്ഷ്യന്‍ ജനതക്ക് എളുപ്പം സാധിച്ചെങ്കിലും ശേഷമുള്ള അധികാരമാറ്റത്തിന്‍െറ കാലം സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു. വിപ്ളവത്തിനുശേഷം അധികാരത്തില്‍ വന്ന സൈനിക കൗണ്‍സില്‍ വിപ്ളവലക്ഷ്യങ്ങളെ അട്ടിമറിക്കുമോ എന്ന ആശങ്ക എങ്ങുമുണ്ടായിരുന്നു. എന്നാല്‍, ജാഗ്രത്തായ ജനകീയ ഇടപെടലുകള്‍ അത്തരം ആശങ്കകളെ അസ്ഥാനത്താക്കി. തുടര്‍ന്ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും പ്രസിഡന്‍റ് തെരഞ്ഞെടുപ്പും ഭംഗിയായി നടന്നു.
രാജ്യത്തെ ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി അധികാരത്തിലേറിയെങ്കിലും സൈനിക കൗണ്‍സിലിന്‍െറ അധികാരങ്ങള്‍ പഴയപടി നിലനില്‍ക്കുകയായിരുന്നു. സിവിലിയന്‍ ഭരണത്തിന്‍െറ ഗുണഫലങ്ങള്‍ ഈജിപ്ത് അനുഭവിക്കാനിടയില്ല എന്ന് ആശങ്കിച്ചവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, നയപരമായ നീക്കത്തിലൂടെ സൈന്യത്തിന്‍െറ ചിറകരിയാനും സിവിലിയന്‍ ഭരണകൂടത്തിന്‍െറ അപ്രമാദിത്വം സ്ഥാപിക്കാനും മുര്‍സിക്ക് കഴിഞ്ഞു.
അപ്പോഴും ജുഡീഷ്യറിയും എക്സിക്യൂട്ടിവും പഴയ മുബാറക് ഭക്തരെക്കൊണ്ട് നിറഞ്ഞുനില്‍ക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റിനെ നിസ്സാര സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് കോടതി പിരിച്ചുവിട്ടു. അങ്ങനെയാണ്, പാര്‍ലമെന്‍റിനാല്‍ സ്ഥാപിതമായ ഭരണഘടനാ നിര്‍മാണ സമിതിയെ കോടതി ഇടപെടലുകളില്‍നിന്ന് മുക്തമാക്കിക്കൊണ്ടുള്ള പ്രത്യേക ഉത്തരവ് മുര്‍സി പ്രഖ്യാപിക്കുന്നത്. ജനകീയ സര്‍ക്കാറിനെ പരിഹസിക്കുന്ന ജുഡീഷ്യല്‍ ഇടപെടലുകള്‍ക്കെതിരെയുള്ള മുന്‍കൂര്‍ നീക്കമായിരുന്നു ഇത്. എന്നാല്‍, ജനാധിപത്യത്തെക്കുറിച്ച് ആണയിടുന്ന സെക്കുലറിസ്റ്റുകളും ഇടതുപക്ഷവും മുബാറകിന്‍െറ ഭാര്യ സൂസെന്‍ മുബാറകിനാല്‍ നിയമിതരായ ജഡ്ജിമാരോടൊപ്പം നില്‍ക്കുകയായിരുന്നു. അവര്‍ മുബാറക് അനുകൂലികളുമായി ചേര്‍ന്ന് രാജ്യമാകെ അക്രമസമരങ്ങള്‍ നടത്തി. മുസ്ലിം ബ്രദര്‍ഹുഡിന്‍െറയും ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെയും ആസ്ഥാനമന്ദിരങ്ങള്‍ വരെ അഗ്നിക്കിരയാക്കി.
അതിനിടെ, ഭരണഘടനാ സമിതി ഒരു വര്‍ഷക്കാലം നീണ്ട യത്നങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ രൂപവത്കരണം എന്ന അവരുടെ ജോലി പൂര്‍ത്തിയാക്കി. നൂറംഗ സമിതിയിലെ 80 പേരും പിന്തുണച്ച പ്രസ്തുത ഭരണഘടനയെ ജനകീയ ഹിത പരിശോധനക്ക് വിധേയമാക്കാന്‍ ഭരണകൂടം തീരുമാനിച്ചു. എന്നാല്‍, ഹിതപരിശോധനക്കെതിരെ തെരുവുപ്രക്ഷോഭങ്ങള്‍ നടത്താനാണ് ‘ഇടതു’പക്ഷവും ‘ജനാധിപത്യ’വാദികളും തീരുമാനിച്ചത്. ഇച്ഛാശക്തിയോടെ ഹിതപരിശോധനാ തീരുമാനവുമായി പ്രസിഡന്‍റ് മുര്‍സി മുന്നോട്ടുപോയി. ഡിസംബര്‍ 15, 22 തീയതികളിലായി അത് നടന്നു. അപ്പോള്‍പിന്നെ, ഹിതപരിശോധനയില്‍ ക്രമക്കേടുകള്‍ നടന്നതായി എതിരാളികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അവരുടെ പരാതികള്‍ പരിശോധിച്ചതിനുശേഷം ഫലം പുറത്തുവിട്ടാല്‍ മതിയെന്ന് ഹൈ ഇലക്ഷന്‍ കമീഷന്‍ തീരുമാനിച്ചു. അങ്ങനെയാണ് തിങ്കളാഴ്ച പുറത്തുവിടേണ്ടിയിരുന്ന ഫലം ചൊവ്വാഴ്ച വൈകി പുറത്തുവരുന്നത്.
ജനാധിപത്യത്തെക്കുറിച്ച് വലിയ വര്‍ത്തമാനങ്ങള്‍ പറയുന്ന സെക്കുലര്‍ പക്ഷം മുസ്ലിം ലോകത്തെ ജനാധിപത്യത്തിന്‍െറ കാര്യത്തില്‍ എന്നും പുലര്‍ത്തിയ ഇരട്ടത്താപ്പാണ് ഈജിപ്തിലും കണ്ടത്. ഫലസ്തീനിലെയും അല്‍ജീരിയയിലെയും തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിക കക്ഷികള്‍ വിജയിച്ചപ്പോള്‍ അതിനെ അംഗീകരിക്കാന്‍ വിസമ്മതിച്ച അതേ നയം തന്നെയാണ് ഈജിപ്തിന്‍െറ കാര്യത്തില്‍ ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നത്. ഭരണഘടനക്കെതിരെ പ്രക്ഷോഭം തുടരുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിപ്ളവാനന്തരം പുതിയ വ്യവസ്ഥ രൂപപ്പെടുന്ന ഏത് രാജ്യത്തും സംഘര്‍ഷങ്ങളുണ്ടാവും. ലോകത്ത് മറ്റു പല രാജ്യങ്ങളിലും നടന്ന സംഘര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈജിപ്തിലേത് തുലോം ലഘുവാണ്. പുതിയ ജനകീയ ഇസ്ലാമിക സര്‍ക്കാറിനെ മുളയിലേ അസ്ഥിരമാക്കാന്‍പറ്റുമോ എന്ന ശ്രമമാണ് അവിടെ ചിലര്‍ നടത്തിയത്. ഇസ്രായേല്‍ അടക്കമുള്ള വിദേശശക്തികളുടെ സഹായവും അവര്‍ക്കതിന് ലഭിച്ചു. പക്ഷേ, അത്തരം ശക്തികളെയെല്ലാം പരാജയപ്പെടുത്തി പുതിയ പ്രഭാതത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള പക്വത ഈജിപ്ഷ്യന്‍ ജനത കാണിച്ചിരിക്കുന്നു. ചരിത്രാതീത കാലം മുതലുള്ള നാഗരികതയുടെ കളിത്തൊട്ടിലായ ഈജിപ്തിലെ മാറ്റം ലോകരാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുകതന്നെ ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍