ഓസ്കറിലേക്ക് കണ്ണുനട്ട് എട്ടു ചിത്രങ്ങള്‍

ലോസ്ആഞ്ജലസ്: പരമോന്നത ചലച്ചിത്രപുരസ്കാരമായ ഓസ്കറിന് പരിഗണിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളുടെ പട്ടികയുമായി ബി.ബി.സി. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള ചിത്രങ്ങളുടെ ഷോര്‍ട്ട്ലിസ്റ്റ്, മോഷന്‍ പിക്ചേഴ്സ് അക്കാദമി ജനുവരി 10ന് പ്രഖ്യാപിക്കാനിരിക്കെ, പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഏതാനും ചിത്രങ്ങളുടെ പട്ടികയും അവയുടെ സാധ്യതകളുമാണ് ബി.ബി.സി അവതരിപ്പിച്ചത്. ഫെബ്രുവരി 24ന് ലോസ് ആഞ്ജലസിലെ ഹോളിവുഡില്‍ ഡോള്‍ബി തിയറ്ററിലാണ് 85ാം അക്കാദമി അവാര്‍ഡ് നിശ. പട്ടിക ഇനി പറയുന്നു:
അഗ്രോ: 1979ല്‍ ഇറാനില്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളെ ബന്ദികളാക്കിയ സംഭവത്തെ ആസ്പദമാക്കി ബെന്‍ അഫ്ളെക് സംവിധാനംചെയ്ത അമേരിക്കന്‍ ത്രില്ലര്‍. മികച്ച തിരക്കഥക്കുള്ള 1998ലെ അക്കാദമി അവാര്‍ഡ് പങ്കിട്ട അഫ്ളെക്കിന്‍െറ മൂന്നാം സംവിധാനസംരംഭമാണ് ‘അഗ്രോ’. മികച്ച സാധ്യതയാണ് സിനിമക്ക് ബി.ബി.സി കല്‍പിക്കുന്നത്.
ജാന്‍കോ അണ്‍ചെയ്ന്‍ഡ്: അടിമത്ത കാല അമേരിക്കന്‍ കഥ പറയുന്ന ചിത്രം ക്വന്‍റിന്‍ ടറന്‍റിനോ ആണ് സംവിധാനം ചെയ്തത്. മോചിപ്പിക്കപ്പെട്ട ഒരു അടിമയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
ലൈഫ് ഓഫ് പൈ: ഓസ്കര്‍ പുരസ്കാര ജേതാവായ ചൈനീസ് സംവിധായകന്‍ ആങ് ലിയുടെ ത്രീഡി വിസ്മയമായ ലൈഫ് ഓഫ് പൈ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയാണ്.
ലിങ്കണ്‍: ‘അഗ്രോ’ക്ക് കടുത്ത മത്സരം നേരിടേണ്ടിവരുക, വിഖ്യാത ചലച്ചിത്രകാരന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഒരുക്കിയ ‘ലിങ്കണു’മായായിരിക്കും. അമേരിക്കന്‍ പ്രസിഡന്‍റ് അബ്രഹാം ലിങ്കന്‍െറ തന്നെ കഥയാണിത്.
ദി മാസ്റ്റര്‍: പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ സംവിധാനം ചെയ്ത ഈ അമേരിക്കന്‍ ചിത്രം രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്‍െറ തുടര്‍ജീവിതം വിവരിക്കുകയാണ്.
ലെ മിസറെബ്ള്‍: നാട്ടില്‍ ഏറെ പ്രശസ്തമായ ഒരു സംഗീതശില്‍പത്തിന്‍െറ അഭ്രാവിഷ്കാരമാണ് ഈ ബ്രിട്ടീഷ് ചിത്രം. സംവിധാനം: ടോം ഹൂപ്പര്‍. നിരവധി ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാര നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.
സില്‍വര്‍ലൈനിങ്പ്ളേബുക്: ഇതേ പേരിലുള്ള നോവലിന്‍െറ ആവിഷ്കാരം. ഡേവിഡ് റസ്സലാണ് ഈ റൊമാന്‍റിക് കോമഡി ഒരുക്കിയത്.
സീറോ ഡാര്‍ക് തേര്‍ട്ടി: ഉസാമ ബിന്‍ലാദിനെ വേട്ടയാടിപ്പിടിച്ച കഥ. പിടികൂടിയവരെ സി.ഐ.എ ഏജന്‍റുമാര്‍ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയതിന്‍െറ പേരില്‍ യു.എസ് അധികൃതര്‍ ചിത്രത്തെ വിമര്‍ശിച്ചിരുന്നു. കാതറിന്‍ ബിഗലോവാണ് സംവിധാനം നിര്‍വഹിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus