12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ദല്‍ഹി ക്ഷോഭിക്കുമ്പോള്‍

ദല്‍ഹി ക്ഷോഭിക്കുമ്പോള്‍

നീതിനിഷേധത്തിനും സാമൂഹിക അരക്ഷിതത്വത്തിനും അറുതി തേടി യുവസഹസ്രങ്ങള്‍ രാഷ്ട്രതലസ്ഥാനത്ത് തീര്‍ത്ത 'ജനകീയ ഉപരോധം' അഭൂതപൂര്‍വമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണ്. ജനത്തിന്റെ ജീവനും മാനവും സംരക്ഷിക്കാനുള്ള പ്രാഥമികബാധ്യത നിര്‍വഹിക്കാനാവാതെ നാണംകെട്ട ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയ, ഭരണനേതൃത്വം അതിനെതിരായി ഉയരുന്ന ജനവികാരത്തെ എങ്ങനെ ചിറകെട്ടി നിര്‍ത്തുമെന്നറിയാത്ത പ്രതിസന്ധിയിലാണ്. രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഓഫിസും ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന മേഖല, തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അണപൊട്ടിയൊഴുകിയ ക്ഷുഭിതയൗവനത്തിന്റെ പ്രതിഷേധത്തിരത്തള്ളലില്‍ മുങ്ങിപ്പോയി. ശതകോടികളുടെ സുരക്ഷാക്രമീകരണങ്ങളുടെയും പ്രതിരോധപ്പടകളുടെയും ചെലവില്‍ സംരക്ഷിച്ചുനിര്‍ത്തുന്ന അധികാരത്തിന്റെ അരക്കില്ലങ്ങളിലേക്കാണ് യുവജനരോഷം അടിച്ചുകയറിയത്.
പ്രതിഷേധത്തിന്റെ രണ്ടാം നാള്‍ പിന്നിടുമ്പോഴും അതിനെ എങ്ങനെ നേരിടുമെന്നു കേന്ദ്രസര്‍ക്കാറിനു തന്നെ ഒരു നിശ്ചയവുമില്ല. ദല്‍ഹി മെട്രോറെയിലിന്റെ എട്ട് സ്റ്റേഷനുകള്‍ അടച്ചിട്ടു. പ്രതിഷേധം തലസ്ഥാനത്തെ സ്ഥിരം സമരമൂലകളിലൊതുക്കാന്‍ മറ്റിടങ്ങളിലെല്ലാം നിരോധാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ സ്വന്തം കാര്‍ക്കശ്യങ്ങളില്‍ സര്‍ക്കാര്‍ അയവുവരുത്തുന്നതാണ് പിന്നീട് കണ്ടത്. സമരക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തുവന്നു. ആഭ്യന്തര സഹമന്ത്രി ദല്‍ഹി ബസില്‍ രാത്രിയാത്ര നടത്തി. ഞായറാഴ്ച സോണിയയും രാഹുല്‍ഗാന്ധിയും ഒന്നര മണിക്കൂര്‍ നേരം ഏഴംഗ യുവസംഘത്തോട് ചര്‍ച്ച നടത്തി. ഇതൊന്നും ഇളകിയ യുവജനക്കൂട്ടത്തെ മെരുക്കിയിട്ടില്ല. രാഷ്ട്രത്തിന്റെ വിദൂരദിക്കുകളില്‍ ഇരകളുടെ പ്രക്ഷോഭങ്ങളെ ആയുധബലത്തില്‍ അടിച്ചമര്‍ത്തുകയാണ് ഇന്ത്യയിലെ പതിവുരീതി. എന്നാല്‍ മധ്യവര്‍ഗം ഇളകിവശായ, ലോകം ഉറ്റുനോക്കുന്ന തലസ്ഥാനത്ത് ആ ശൈലി സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ആവുന്നില്ല.
ജനാധിപത്യസംവിധാനങ്ങളുടെ പേരില്‍ ഊറ്റം കൊള്ളുന്നതിലപ്പുറം അതിനെ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ വിജയിക്കാനാവുന്നില്ല എന്നല്ല, പലപ്പോഴും ജനതാല്‍പര്യങ്ങളെ ഹനിക്കുന്ന തരത്തില്‍ ആ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഇന്ത്യയുടെ പരാജയം. വരേണ്യരുടെ കാര്യത്തില്‍ ചടുലമാകുന്ന ഔദ്യോഗികസംവിധാനങ്ങള്‍ സാധാരണക്കാരുടെ വിഷയത്തില്‍ ചത്തും ചടച്ചുമാണിരിക്കുന്നതെന്നറിയാന്‍ സ്ത്രീപീഡനക്കേസുകളുടെ ഗതിതന്നെ തെളിവ്. നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഒടുവിലെ കണക്കനുസരിച്ച് 2010-11 വര്‍ഷങ്ങളില്‍ രേഖപ്പെട്ട പീഡനക്കേസുകള്‍ 1,26,753 ആണ്. ഇതില്‍ ആറിലൊന്ന് അഥവാ, 21,489 കേസുകളില്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയായത്. 5,724 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. 82.8 ശതമാനം കേസുകളും എങ്ങുമെത്താതെ കിടക്കുന്നു. ഈ മാനഭംഗക്കേസുകളില്‍ മിക്കതിലും പ്രതികള്‍ അജ്ഞാതരായിരുന്നില്ല. ക്രൈം റെക്കോഡ്സ് ബ്യൂറോ പറയുന്നത് 2011ല്‍ രേഖപ്പെട്ട കേസുകളിലെ 24,206 ഇരകളില്‍ 22,549 പേര്‍ക്കും കുറ്റവാളിയെ അറിയാമെന്നായിരുന്നു. ഈ 93.1 ശതമാനത്തില്‍ 7835 പേര്‍ സ്വന്തം അയല്‍വാസികളാണ്. 1560 പേര്‍ ബന്ധുക്കളും 267 കേസുകളിലെ നരാധമന്മാര്‍ പിതാക്കളുമായിരുന്നു. ബാക്കി 12,887 പേര്‍ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ആണ്. ഡിസംബര്‍ 16ന് ദല്‍ഹിയില്‍ ബസില്‍ നടന്ന കൂട്ടബലാത്സംഗം നാണംകെട്ട ദേശീയദുരന്തത്തിലെ ഒരു ചിത്രം മാത്രമാണെന്നു ചുരുക്കം. അതിനെച്ചൊല്ലിയുള്ള ബഹളത്തിനിടയിലും ദല്‍ഹിയില്‍ തന്നെ പ്ലേ സ്കൂളില്‍ മൂന്നു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു.
മാനഭംഗം സംഘര്‍ഷപ്രദേശങ്ങളില്‍ ജനവികാരമൊതുക്കാനുള്ള ഭരണകൂട ആയുധമായും പരിണമിച്ചിരിക്കുന്നു ഇന്ത്യയില്‍. 2011 ഒക്ടോബറില്‍ ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ അറസ്റ്റിലായ സോണി സോറി എന്ന ആദിവാസി അധ്യാപിക വിസ്താരത്തിനിടയിലാണ് പൊലീസിന്റെ കൂട്ടബലാത്സംഗത്തിനിരയായത്. അന്താരാഷ്ട്രതലത്തില്‍ മുറവിളികളുയര്‍ന്നിട്ടും സോണിക്കിനിയും പരിരക്ഷ കിട്ടിയില്ല. പീഡിപ്പിച്ചവര്‍ക്ക് അധികാരികള്‍ പ്രമോഷന്‍ പ്രതിഫലമായി നല്‍കുകയും ചെയ്തു. ബലാത്സംഗം ഭരണകൂട ഭീകരതയുടെ ആയുധമാകുകയും അതിന്റെ പരിരക്ഷക്ക് കാടന്‍ നിയമങ്ങള്‍ തല്ലിക്കൂട്ടുകയും ചെയ്തതിനെതിരെ മണിപ്പൂരിലെ ഇറോം ശര്‍മിള 12 കൊല്ലത്തിനു ശേഷവും നിഷ്ഫലമായി നിരാഹാരം തുടരുകയാണ്. ജമ്മു-കശ്മീരിലെ കുനാന്‍ പൊഷ്പോറ എന്ന ഗ്രാമത്തിലെ സ്ത്രീകളൊന്നടങ്കം 1991ല്‍ സൈനികരുടെ കാമവെറിക്കിരയായി. 2009ല്‍ ഷോപിയാനില്‍ രണ്ടു സഹോദരിമാരെ സൈനികര്‍ പീഡിപ്പിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചവരെ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു പട്ടാളവും പൊലീസും. 2004 ജൂലൈ 11ന് മണിപ്പൂരില്‍ മനോരമദേവിയെന്ന സ്ത്രീയെ അസം റൈഫിള്‍സ് സേന കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നതിനെതിരെ 40 വനിതകള്‍ ഉടുതുണിയഴിച്ച് പ്രതിഷേധിച്ചത് ആഗോളതലത്തില്‍ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും ന്യൂദല്‍ഹി അനങ്ങിയില്ല. 1973ല്‍ മുംബൈയില്‍ നഴ്സായിരിക്കെ തൂപ്പുകാരന്റെ വെറിക്കിരയായ അരുണ ഷാന്‍ബാഗ് എന്ന കര്‍ണാടകക്കാരി 63ാം വയസ്സിലും ദുരിതക്കട്ടിലില്‍ ചലനമറ്റു കിടന്നു മടുത്തു ദയാവധത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ഇത്രയൊക്കെയാണ് ജനാധിപത്യ ഇന്ത്യയിലെ പെണ്ണനുഭവങ്ങള്‍.
എന്നിരിക്കെ അധികാര കേന്ദ്രങ്ങളെ ജനം ഏതളവില്‍ വിശ്വസിക്കും? ഈ അവിശ്വാസത്തില്‍ നീറിപ്പുകഞ്ഞ അമര്‍ഷമാണ് ബസിലെ കൂട്ടബലാത്സംഗ കേസിനെ തുടര്‍ന്ന് ദല്‍ഹിയിലെ വിവിധ കാമ്പസുകളില്‍ നിന്നു അണപൊട്ടിയൊഴുകിയതും ഒരു കൊടിയും പിടിക്കാതെ, ആരും തെളിക്കാതെ ആര്‍ത്തലച്ചെത്തിയ ആയിരങ്ങള്‍ അധികാരകേന്ദ്രങ്ങളെ വിറകൊള്ളിച്ചതും. ആഗോള സാമ്പത്തികശക്തികളുടെയും രാജ്യത്തിനകത്തെ വന്‍കിട കോര്‍പറേറ്റുകളുടെയും കൈകാര്യക്കാരായി മാറിയ ഭരണകൂടവും അവരുടെ ഉപകരണങ്ങളായ വന്‍കിട മാധ്യമവണിക്കുകളും എല്ലാം ഉള്ളം കൈയില്‍ ഭദ്രമാണെന്നു ധരിച്ചുവശായിട്ടുണ്ട്. എന്നാല്‍ വണക്കത്തിന്റെയും വിധേയത്വത്തിന്റെയും പഴയ രീതികള്‍ വിട്ട് ജനാധിപത്യാവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സ്വന്തം വഴികള്‍ തേടാന്‍ ജനം പഠിച്ചുകഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ തന്നെ ക്ഷോഭിക്കുന്ന തെരുവുകള്‍ പുതുകാല പ്രവണതയാണ്. നീതിനിഷേധത്തിനും ജനാധിപത്യധ്വംസനത്തിനുമെതിരെ, അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ജനം സ്വന്തം വഴി തേടുന്ന ക്ഷോഭത്തെരുവുകളുടെ സന്ദേശം ദല്‍ഹിപ്രക്ഷോഭത്തിലും ഉള്ളടങ്ങിയിട്ടുണ്ട്. ആ തിരിച്ചറിവിന്റെ കരുതലില്‍ പ്രതിഷേധത്തിന്റെ മുനയൊടിക്കുന്നതിനു പകരം പൗരന്മാരുടെ പ്രശ്നങ്ങളെ നേരാംവണ്ണം അഭിമുഖീകരിക്കാന്‍ തയാറാകുകയാണ് ഭരണകൂടത്തിന്റെ മുന്നിലുള്ള ഒരേയൊരു വിവേകത്തിന്റെ വഴി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com