സ്വത്വപ്രതിസന്ധിയുടെ നാനാര്‍ഥങ്ങള്‍

സ്വത്വപ്രതിസന്ധിയുടെ  നാനാര്‍ഥങ്ങള്‍

‘കാട്ടുപൂക്കള്‍ക്ക് ആരുടെയും പരിചരണം കിട്ടുന്നേയില്ല. എന്നിട്ടും യാതൊന്നും കൊതിക്കാതെ, കാമിക്കാതെ, ദൈവസ്പര്‍ശമേറ്റ ആ പൂക്കള്‍ ഭൂമിയില്‍ വിരിഞ്ഞുകൊണ്ടേയിരിക്കുന്നു.’

‘വവ്വാലുകളുടെ വഴികള്‍’ എന്ന തന്‍െറ പുതിയ കഥാസമാഹാരത്തിന്‍െറ ആമുഖത്തില്‍ കഥാകൃത്ത് പറഞ്ഞത് ഒരര്‍ഥത്തില്‍ തനിക്കുതന്നെ സംഭവിച്ച വിധിവൈപരീത്യത്തിന്‍െറ നിയോഗമാണ്.
‘വവ്വാലുകളുടെ വഴികള്‍’ എന്ന സമാഹാരം, സമകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധയര്‍ഹിക്കുന്നത്, കേരളത്തിലുണ്ടായ ആസൂത്രിതമായ ചില കലാപങ്ങളും വേട്ടയാടപ്പെട്ട മുസ്ലിം സ്വത്വങ്ങളുമടക്കം ഇരകളാക്കപ്പെടുന്ന നിസ്സഹായ സമൂഹത്തിന്‍െറ സാമൂഹിക പശ്ചാത്തലം ആവിഷ്കരിക്കുന്ന കഥകളുടെ പ്രസക്തികൊണ്ടാണ്. ‘നടത്തം’, ‘മേജര്‍ ടാര്‍ഗറ്റ്’, ‘മൂന്നാംലോക ഭീകരനും പുതിയ രാസായുധവും’, ‘അനുഭൂതികളുടെ പുതിയ ആല്‍ബം’, ‘വവ്വാലുകളുടെ വഴികള്‍’ തുടങ്ങിയ സമാഹാരത്തിലെ മിക്ക കഥകളിലും കേരളീയ- ഭാരതീയ പശ്ചാത്തലത്തിലെ സമകാലിക ജീവിതാവസ്ഥകളുടെ ഭീതിദമായ വശങ്ങള്‍ ആവിഷ്കരിക്കുന്നുണ്ട്.
ഭാരതീയനായിരിക്കുമ്പോഴും പൗരത്വത്തില്‍ സംശയിക്കപ്പെടുകയും ദേശീയതയുടെ വ്യവഹാരങ്ങള്‍ക്കപ്പുറത്തേക്ക് സ്വത്വത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്ന പീഡിതവര്‍ഗത്തിന്‍െറ ആശങ്കകള്‍ പങ്കുവെക്കുകയാണ് ‘നടത്തം’ എന്ന കഥ. വൈകീട്ടത്തെ പതിവു നടത്തത്തിനിടയില്‍ ബീരാവുവും ചങ്ങാതി ഗോപാലന്‍ നായരും പറഞ്ഞുപോകുന്ന നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ കടന്നുപോകുന്ന ഉപകഥയിലൂടെയാണ് ദേശസ്നേഹവും കൂറും ബോധ്യപ്പെടുത്തേണ്ട നിസ്സഹായതയും ചോദ്യം ചെയ്യപ്പെടുന്ന സ്വത്വരാഷ്ട്രീയവുമൊക്കെ കടന്നുവരുന്നത്.
ഗ്രാമത്തില്‍നിന്ന് അങ്ങാടിയിലേക്കുള്ള നടത്തത്തിനിടയില്‍ ബീരാവു ഓര്‍ക്കുന്നു - ‘പണ്ട് കുണ്ടും കുഴിയും കാടും പൊന്തയും കെട്ടിക്കിടന്നിരുന്ന വന്യമായൊരു ഇടവഴിയായിരുന്നു ഈ റോഡ്. കാലത്തിനൊപ്പം നടന്ന് നടന്ന് വൃത്തിയും വെളിച്ചവുമായി...’ എന്നിട്ടും, പുതിയ കാലത്തിന്‍െറ അരക്ഷിതാവസ്ഥ രണ്ടുപേരെയും വല്ലാത്തൊരു ഭയത്തോടെ പിന്തുടരുന്നുണ്ട്. ‘മ്മള് മനുഷ്യമ്മാരുടെ മനസ്സിലെ കാട് വെട്ടിത്തെളിക്കാന്‍ ഇനി ഏത് ഗാന്ധ്യാവോ വര്വാ?’ എന്ന ചോദ്യത്തോടെ ആ ആധിക്ക്, ബീരാവുവിന്‍െറ ഉള്ളിലെ കൊത്തിവലിക്കുന്ന ഭീതിക്ക്, ജനാധിപത്യരാഷ്ട്രീയത്തില്‍ ഇടം കിട്ടാതെ പോവുന്ന നിസ്സഹായന്‍െറ ചിത്രത്തിന്‍െറ പൂര്‍ണത കൈവരിക്കുകയും ചെയ്യുന്നു.
രണ്ടു മനസ്സുകളുടെ മതാതീതമായ കൂട്ടുകെട്ടുകള്‍ക്കുമേല്‍ അധികാരം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും പ്രണയത്തെ വിചാരണ ചെയ്യുകയുമാണ് ലൗ-ജിഹാദിലൂടെ നിര്‍വഹിക്കപ്പെട്ടത്. അതുപോലും രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായിരുന്നുവെന്നത് ജനാധിപത്യത്തെ കശാപ്പുശാലയാക്കിയതിന്‍െറ ഉദാഹരണമായിരുന്നു. ‘വവ്വാലുകളുടെ വഴികള്‍’ എന്ന കഥ ഈ പശ്ചാത്തലം കാണിച്ചുതരുകയും വായനക്കാരനെ വല്ലാത്തൊരു ഞെട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു.
ഇതോട് ചേര്‍ത്തുവായിക്കേണ്ട രണ്ടു കഥകള്‍ കൂടിയുണ്ട് ഈ സമാഹാരത്തില്‍. ‘മേജര്‍ ടാര്‍ഗറ്റും’ ‘മൂന്നാം ലോക ഭീകരനും പുതിയ രാസായുധവും.’ ഒന്ന്, ആക്ഷേപഹാസ്യത്തിലൂടെ (സറ്റയര്‍) നമ്മുടെ മനസ്സും മണ്ണും ഉഴുതുമറിക്കുകയും മലനിരകളും ഭൂപ്രദേശങ്ങളും തരിശാക്കി പോക്കറ്റ് വീര്‍പ്പിക്കുകയും ചെയ്യുന്ന സാമ്രാജ്യത്വഭീകരരുടെ അജണ്ട തിരിച്ചറിയപ്പെടാതെ പോകുന്നതിനെതിരെയുള്ള ശക്തമായ താക്കീത് ആണെങ്കില്‍ മറ്റൊന്ന് (മേജര്‍ ടാര്‍ഗറ്റ്), വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ന്യൂനപക്ഷമായിപ്പോയ ഒരു സമൂഹവും പ്രദേശവും അപഹസിക്കപ്പെടുന്നതും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതും എങ്ങനെയാണെന്നും എന്തിനാണെന്നും സംവാദത്തിന് വെക്കുന്നു. ഒന്നില്‍ ലോകരാഷ്ട്രീയത്തെ വിമര്‍ശത്തിനു വിധേയമാക്കുമ്പോള്‍ മറ്റൊന്നില്‍ പ്രാദേശികമായ രാഷ്ട്രീയഭീതികളാണ് ചര്‍ച്ചചെയ്യുന്നത്.
അബുവിന്‍െറ കഥകളില്‍ നിരന്തരം ആവര്‍ത്തിച്ചു കാണുന്നതാണ് സ്ത്രീ ഉടലുകള്‍. അവക്ക് മിക്കപ്പോഴും പുരുഷകേന്ദ്രീകൃതമായ കാമഭാവമാണ് താനും. എന്നാല്‍, ഈ സമാഹാരത്തിലെ രണ്ടു കഥകള്‍ സ്ത്രീപക്ഷത്തു നിന്നുള്ള ശക്തമായ പ്രതിരോധ കഥകളായി മാറി വരുന്നുണ്ട്. സ്ത്രീകളെക്കുറിച്ചുള്ള, പ്രത്യേകിച്ചും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള പുരുഷഭാവനകളുടെ മേല്‍ സ്ത്രീ വരിക്കുന്ന വിജയത്തെ ഊട്ടിയുറപ്പിക്കുന്നു ‘മയൂരനൃത്തം’, ‘ഭീകരജന്തു’എന്നീ കരുത്തുറ്റ രണ്ടു കഥകള്‍. അനാഥത്വം പേറുന്ന സ്ത്രീകള്‍ സ്വന്തം ജീവിതത്തിനു മാത്രമല്ല, ശരീരത്തിനുകൂടി കാവലാളാവേണ്ടി വരുന്നുണ്ട് പരിഷ്കൃതസമൂഹത്തില്‍ എന്ന് ഇക്കഥകളിലൂടെ കഥാകൃത്ത് ഓര്‍മിപ്പിക്കുന്നു.
സുഖം, സുഖജീവിതം, പണം, പ്രശസ്തി, ആഡംബരം ഇവയൊക്കെ നേടിയെടുക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇല്ലാതായിപ്പോകുന്ന ആധി ‘അനുഭൂതികളുടെ പുതിയ ആല്‍ബം’ എന്ന കഥയില്‍ കാണാം.
‘രാച്ചിറകുകളില്‍ പ്രണയം: അഭിഷാമാരാര്‍’ എന്ന കഥ, കഥയെഴുത്തിനെക്കുറിച്ചുള്ള ഒരു കഥയെന്ന് തോന്നിയേക്കാമെങ്കിലും നിലവിലുള്ള സാമൂഹിക - രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ഒളിയജണ്ട കൂടി ഉന്നംവെക്കുന്നുണ്ട്. വെറും കഥയില്ലായ്മകളായിത്തീരുന്ന ഓണപ്പതിപ്പുകളും പെണ്ണെഴുത്തുകാരികളുടെ രതിയുടെ തുറന്നെഴുത്തുകള്‍ എഴുത്തിന്‍െറ മുഖ്യ ഇടങ്ങളിലേക്ക് കയറി വരുന്നതുമൊക്കെ പരിഹാസ്യേന വിമര്‍ശവിധേയമാക്കാന്‍ കഥാകൃത്ത് ശ്രമം നടത്തുന്നു. എഴുത്തിലെ ജാതീയമായ കടന്നുകയറ്റങ്ങളും പരിഗണനകളും നിലവിലെ സാംസ്കാരികതയോട് പുലര്‍ത്തുന്ന കൂറിനെയും ഈ കഥ ചോദ്യം ചെയ്യുന്നു.
അബു ഇരിങ്ങാട്ടിരിയുടെ കഥകളുടെ അന്തര്‍ധാര, നഷ്ടപ്പെട്ടുപോകുന്ന ദേശത്തിന്‍െറയും സ്നേഹത്തിന്‍െറയും വൈകാരികമായ ഓര്‍മകള്‍ക്കുമേലുള്ള വേദനകളാണ്. ഉപജീവനം എന്നതിലപ്പുറം അതിജീവനത്തിന്‍െറ രാഷ്ട്രീയമാണ് പ്രവാസം ചര്‍ച്ചചെയ്യുന്നത് എന്ന് അബുവിന്‍െറ കഥകളെക്കുറിച്ചുള്ള ‘വായനയുടെ ഭൂപടം’ എന്ന പഠനത്തില്‍ കെ.പി. ജയകുമാര്‍ അടിവരയിടുന്നതും വെറുതേയല്ല എന്ന് ഈ സമാഹാരത്തിലെ പന്ത്രണ്ടു കഥകളും നമ്മെ ബോധ്യപ്പെടുത്തും. പി. സക്കീര്‍ ഹുസൈന്‍ കഥാകൃത്തുമായി നടത്തിയ ‘കഥാപാത്രം (കത്തിയുമായി) ഹാജരുണ്ട്’ എന്ന അഭിമുഖവും ഹൃദ്യമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus