12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

സോറി, സോണീ...

സോറി, സോണീ...

ദല്‍ഹിയിലെ ബസില്‍ ഒരു പെണ്‍കുട്ടി കാട്ടാളന്മാരുടെ കിരാതകാമനകള്‍ക്കിരയായപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നു. തലസ്ഥാനനഗരിയില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. അതീവസുരക്ഷാമേഖലയിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തിയത്. അതിസുരക്ഷാമേഖലയില്‍ ഇത്രയും ശക്തമായ പ്രക്ഷോഭം നടക്കുന്നത് ഇതാദ്യം. രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭം സഹജീവിയുടെ സഹനങ്ങളില്‍ അനുതാപമുണരുന്ന മാനവികതയുടെ ഉന്നതമായ പ്രകാശനം തന്നെയാണ്. ജലപീരങ്കികള്‍ക്കും ഗ്രനേഡുകള്‍ക്കും മുന്നില്‍നിന്ന് പൊലീസിനോട്, ‘ഞങ്ങളെ തടയാന്‍ നിങ്ങള്‍ ആയിരം പേരുണ്ട്, അവളെ രക്ഷിക്കാന്‍ നിങ്ങള്‍ പത്തുപേര്‍ മതിയായിരുന്നു’വെന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചുപറയുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരും പങ്കുചേരും. ജീവിച്ചിരിക്കാനുള്ള ആ പെണ്‍കുട്ടിയുടെ ആഗ്രഹം അത്രമേല്‍ തീവ്രമാണ്, അതുകൊണ്ടാണ് അഞ്ച് ശസ്ത്രക്രിയകളെയും രക്തത്തിലെ അണുബാധയെയും അവള്‍ അതിജീവിച്ചത്. ഒറ്റരാത്രികൊണ്ട് ശരീരവും മനസ്സും പിളര്‍ന്നെറിയപ്പെട്ട ആ പെണ്‍കുട്ടിയുടെ സമാനതകളില്ലാത്ത സഹനങ്ങളോടും അവള്‍ക്കുവേണ്ടിയുള്ള സമരങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ നമ്മള്‍ മറക്കരുത്, മറ്റൊരു യുവതിയെ. ആംനസ്റ്റ് ഇന്‍റര്‍നാഷനല്‍ എന്ന രാജ്യാന്തര മനുഷ്യാവകാശസംഘടന അവളെ വിളിച്ചത് ‘മന$സാക്ഷിയുടെ തടവുകാരി’ എന്ന്. അവളുടെ പേര് സോണി സോറി.
ദല്‍ഹി ബസിലെ സംഭവത്തെക്കുറിച്ച് പാര്‍ലമെന്‍റ് അന്വേഷണവും നടപടിയും ആവശ്യപ്പെടുമ്പോള്‍ ഛത്തിസ്ഗഢിലെ ഗോത്രവനിത സോണി സോറി പൊലീസിന്‍െറ ക്രൂരകാമനകള്‍ക്കിരയായി നരകിക്കുകയാണിപ്പോഴും. മനുഷ്യാവകാശപ്പോരാളിയും അധ്യാപികയുമൊക്കെയാണെങ്കിലും ഛത്തിസ്ഗഢ് പൊലീസിന് അവര്‍ മാവോയിസ്റ്റാണ്. ആ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് പൊലീസ് അവളെ ആസക്തികള്‍ തീര്‍ക്കാനുള്ള ഉപകരണമാക്കി. ഇര ഒരേസമയം പെണ്ണും ദലിതയുമാണ്. അവള്‍ക്കുമേല്‍ നടന്നത് പുരുഷാധികാരത്തിന്‍െറയും സ്റ്റേറ്റിന്‍െറ രാഷ്ട്രീയാധികാരത്തിന്‍െറയും ജാതിമേല്‍ക്കോയ്മയുടെയും നഗ്നവും പ്രാകൃതവുമായ ഉപയോഗം. ഒരുപക്ഷേ, ഛത്തിസ്ഗഢ് പൊലീസിലെ നരാധമന്മാരോടു മത്സരിക്കുകയായിരുന്നോ ഒരു പാവം പെണ്‍കുട്ടിയെ പിളര്‍ന്നെറിഞ്ഞ ബസിലെ കാപാലികര്‍? സംശയം തോന്നും. അത്രക്കുണ്ട് സാമ്യം അവരുടെ ചെയ്തികളില്‍. അവര്‍ അവളുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡുകയറ്റി ആന്തരാവയവങ്ങള്‍ വരെ മുറിപ്പെടുത്തി. നിയമപാലകരാവട്ടെ സോണിയുടെ ജനനേന്ദ്രിയത്തില്‍ വലിയ കല്ലുകളും പാറക്കഷണങ്ങളും കടത്തി. 2011 ഒക്ടോബറില്‍ അറസ്റ്റു ചെയ്യപ്പെട്ട് കസ്റ്റഡിയില്‍ നിഷ്ഠുരമായി പീഡിപ്പിക്കപ്പെട്ട് വാദം കേള്‍ക്കലോ ജാമ്യമോ ഇല്ലാതെ ഇന്നും ജയിലില്‍ നരകിക്കുകയാണ് ഈ യുവതി. അവളുടെ ശരീരദ്വാരങ്ങളിലേക്ക് കല്ലുകയറ്റാന്‍ ഉത്തരവിട്ട എസ്.പി അംഗിത് ഗാര്‍ഗിന് ധീരതക്കുള്ള അവാര്‍ഡു നല്‍കിയത് പടിയിറങ്ങിയ രാഷ്ട്രപതി. ഒരു ജൂനിയര്‍ പൊലീസ് ഓഫിസര്‍ തന്നെ നഗ്നയാക്കി വൈദ്യുതാഘാതമേല്‍പിച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കുമ്പോള്‍ അതു കണ്ടുനില്‍ക്കുകയും പീഡനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയുമായിരുന്നു അംഗിത് ഗാര്‍ഗ് എന്ന് സോണി പറഞ്ഞിട്ടുണ്ട്. തന്‍െറ മാനം കവര്‍ന്നെടുക്കപ്പെടുമ്പോള്‍ കസേരയിലിരുന്ന് അസഭ്യം ചൊരിയുകയായിരുന്നു അയാള്‍ എന്ന് സോണി അഭിഭാഷകര്‍ക്ക് എഴുതി. സോണിയുടെ ഗുദദ്വാരത്തിലും ജനനേന്ദ്രിയത്തിലും കല്ലുകള്‍ കണ്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നുവെന്ന് അഭിഭാഷകര്‍. സോണിയെ ജയിലില്‍ പീഡിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നോം ചോംസ്കി കത്തെഴുതുകയുണ്ടായി.
അപ്പോള്‍ അരുന്ധതി റോയ് പറയുന്നത് നാം ശ്രദ്ധിച്ചുകേള്‍ക്കണം. സോണിയെ ഓര്‍മിക്കാന്‍, സോണിയെപ്പോലെയുള്ള ആയിരങ്ങളെ ഓര്‍മിക്കാന്‍ ഒരുപക്ഷേ നമ്മെ അതു പ്രേരിപ്പിച്ചേക്കും. ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ അരുന്ധതി റോയ് ഇങ്ങനെ പറയുന്നു: ‘ദല്‍ഹിയിലെ കൂട്ട ബലാത്സംഗത്തിനെതിരായി ഉയരുന്ന പ്രതിഷേധത്തിന് ഒരു സ്വഭാവമുണ്ട്. ആരും ആഹ്വാനം ചെയ്യാതെയും ആരുടേയും നേതൃത്വമില്ലാതെയുമാണ് ഉപരി-മധ്യ വര്‍ഗയുവാക്കളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നത്. ദല്‍ഹി ബലാത്സംഗ കേസിലെ പ്രതികള്‍ ദരിദ്രരായ കുറ്റവാളികള്‍ (criminal poor) എന്ന പരികല്‍പനക്കകത്തു വരുന്നവരാണ്. ഡ്രൈവര്‍മാരും പച്ചക്കറിക്കച്ചവടക്കാരുമൊക്കെയാണ് ഇവിടെ പ്രതിസ്ഥാനത്തുള്ളത്. അവര്‍ ബലാത്സംഗം ചെയ്തതാവട്ടെ മധ്യവര്‍ഗത്തില്‍പെട്ട ഒരു പെണ്‍കുട്ടിയെയും.അവര്‍ക്കെതിരെ ഇത്തരത്തില്‍ വന്‍ പ്രതിഷേധമുയരുന്നതിന്‍െറ പ്രധാന കാരണവും ഇതുതന്നെയാണ്. മറിച്ച് മേല്‍ജാതിക്കാരും പട്ടാളവും പൊലീസുമെല്ലാം ബലാത്സംഗത്തെ അധീശത്വത്തിനുള്ള ഉപകരണമാക്കുന്ന കേസുകളിലൊന്നും ഇവര്‍ ശിക്ഷിക്കപ്പെടുന്നുപോലുമില്ല. മിക്കവാറും ദലിത് സ്ത്രീകളാണ് ഇത്തരം അക്രമത്തിന് ഇരയാകുന്നതെന്നതും ശ്രദ്ധേയമാണ്. പൊലീസുകാര്‍ തന്നെ കുടിലുകള്‍ക്ക് തീയിട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളിലൊന്നും ഒരു നിയമവും നടപ്പാവാറില്ലെന്നത് എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. ഇത്തരം നൂറുകണക്കിന് സ്ത്രീകളുടെ അനുഭവങ്ങള്‍ ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ കൊല്ലപ്പെട്ട നിരവധി സ്ത്രീകളെ എനിക്കറിയാം. ഛത്തിസ്ഗഢിലും കശ്മീരിലും മണിപ്പൂരിലുമെല്ലാം ബലാത്സംഗത്തെ ആയുധമായി ഉപയോഗിക്കുന്നത് ഭരണകൂടം തന്നെയാണ്. പട്ടാളവും പൊലീസും നിരന്തരം ഇത് ചെയ്യുമ്പോള്‍ ഇവരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമങ്ങള്‍ തന്നെയുണ്ട്.’
ഛത്തിസ്ഗഢിലെ ബഡേ ബദ്മയില്‍ 1975ലാണ് സോണി സോറി ജനിച്ചത്. അച്ഛന്‍ അവളെ നഴ്സിങ് പരിശീലനത്തിന് അയച്ചെങ്കിലും ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയുടെ തൊഴില്‍ തെരഞ്ഞെടുക്കുകയായിരുന്നു സോണി. മഹാരാഷ്ട്രക്കാരനായ അനില്‍ ഫുത്തേന്‍ ആണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്. രണ്ടു വ്യത്യസ്ത കേസുകളിലാണെങ്കിലും ഭാര്യയും ഭര്‍ത്താവും ഇപ്പോള്‍ ജയിലിലാണ്. മൂന്നു മക്കളും ഇപ്പോള്‍ സോണിയുടെ പിതാവിന്‍െറയും സഹോദരന്‍െറയും സംരക്ഷണയില്‍ കഴിയുന്നു. ദന്തേവാഡയിലെ ജബേലി സ്കൂളില്‍ പഠിപ്പിക്കുന്നതിനിടെയാണ് സോണിയെ പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു അറസ്റ്റ്. മൈനിങ് കമ്പനിയായ എസ്സാര്‍ ഗ്രൂപ്പില്‍നിന്ന് മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി അപഹരിച്ച 15 ലക്ഷം രൂപ കൈമാറാനുള്ള വാഹകയായി പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് ആരോപിച്ച കുറ്റം. എസ്സാര്‍ ഗ്രൂപ്പും സോണിയും മാവോയിസ്റ്റുകളും ഈ കുറ്റം നിഷേധിച്ചിരുന്നു. ദന്തേവാഡയിലെ പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് സോണിക്ക് അതിക്രൂരമായ പീഡനങ്ങളും മാനഭംഗവും നേരിടേണ്ടിവന്നത്. കെട്ടിച്ചമച്ച കുറ്റത്തിനെതിരെ സോണി നിരാഹാരസമരം നടത്തി.സോണിയെ ലൈംഗികമായി പീഡിപ്പിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ തയാറായി. സോണിയെ പീഡിപ്പിച്ച അംഗിത് ഗാര്‍ഗിന് 2012ലെ റിപ്പബ്ളിക് ദിനത്തില്‍ ധീരതക്കുള്ള പൊലീസ് മെഡല്‍ സമ്മാനിച്ചതിനെതിരെ ആക്ടിവിസ്റ്റുകള്‍ രംഗത്തിറങ്ങി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ സോണിയെ മന$സാക്ഷിയുടെ തടവുകാരി എന്നു വിളിച്ചു. സോണിയെ നിരുപാധികം വിട്ടയക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നോം ചോംസ്കി, അരുന്ധതി റോയ്, ആനന്ദ് പട്വര്‍ധന്‍, മീന കന്ദസ്വാമി, അരുണ റോയ്, ഹര്‍ഷ് മന്ദര്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി 250 ഓളം ധിഷണാശാലികള്‍ സോണി സോറിയുടെ പ്രശ്നത്തില്‍ ആശങ്ക അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതി. സോണിയുടെ ആരോഗ്യസ്ഥിതി വഷളായി വരുകയായിരുന്നു. കഴിഞ്ഞ മേയ് പത്തിന് സോണി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കപ്പെട്ടു. ജനനേന്ദ്രിയത്തില്‍ മാരകമായ പൊള്ളലേറ്റിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. മകളുടെ അറസ്റ്റിനെ തുടര്‍ന്ന് അധികം വൈകാതെ സോണിയുടെ അമ്മ മരിച്ചു.
പത്രങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളില്‍ പ്രത്യക്ഷപ്പെടാതെ പോവുന്ന നിന്നെപ്പോലുള്ള ആയിരങ്ങളുടെ നിശ്ശബ്ദസഹനങ്ങള്‍ക്ക് ഈ വാക്കുകള്‍ കൊണ്ടെങ്കിലും കടംവീട്ടട്ടെ. സോറി, സോണീ...!


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com