കാലിഫോര്‍ണിയയില്‍ രവിശങ്കര്‍ അനുസ്മരണം

കാലിഫോര്‍ണിയയില്‍ രവിശങ്കര്‍ അനുസ്മരണം

ലോസ് ആഞ്ജലസ് (യു.എസ്): സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്‍െറ ഓര്‍മയില്‍ കാലിഫോര്‍ണിയയില്‍ ഒരു ഒത്തുചേരല്‍. രവിശങ്കറിന്‍െറ ഭവനം സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയയിലെ എന്‍സിനിറ്റാസിനടുത്തായിരുന്നു ചടങ്ങ്.
രവിശങ്കറും, തന്‍െറ ഭര്‍ത്താവും ‘ബീറ്റില്‍സ്’ ഗായകനുമായ ജോര്‍ജ് ഹാരിസണും സഹോദരന്മാരെപ്പോലെയായിരുന്നു എന്ന് ഒലിവിയ ഹാരിസണ്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള സ്നേഹസൗഹൃദങ്ങളെക്കുറിച്ച് വാചാലയായ അവര്‍, ഹാരിസണ്‍ രവിശങ്കറില്‍നിന്ന് സംഗീതത്തെക്കുറിച്ച് ഒരുപാടു കാര്യങ്ങള്‍ പഠിച്ചിരുന്നെന്നും അതിനുശേഷം അദ്ദേഹത്തിന്‍െറ സംഗീതത്തില്‍ കാതലായ മാറ്റങ്ങളുണ്ടായെന്നും അനുസ്മരിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ സംഗീതത്തിന്‍െറ ഏകീഭാവമാണ് രവിശങ്കര്‍ വഴി ഉണ്ടായതെന്ന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ചടങ്ങില്‍ രവിശങ്കറിന്‍െറ ഭാര്യ സുകന്യയും, മക്കളും സംഗീതജ്ഞരുമായ അനുഷ്കയും നോറ ജോണ്‍സും സന്നിഹിതരായിരുന്നു. ഗായകന്‍ പീറ്റര്‍ ഗബ്രിയേല്‍, സിനിമാസംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സിസ്, സംഗീതജ്ഞന്‍ സുബിന്‍ മേഹ്ത തുടങ്ങിയവരും രവിശങ്കറിനെ അനുസ്മരിച്ചു.
അമേരിക്കയിലെ ആശുപത്രിയില്‍വെച്ചായിരുന്നു രവിശങ്കറിന്‍െറ അന്ത്യം. ഇന്ത്യന്‍ സംഗീതത്തിന്‍െറ, പ്രത്യേകിച്ചും ഹിന്ദുസ്ഥാനി സംഗീതത്തിന്‍െറ മികവുകള്‍ പാശ്ചാത്യ സംഗീതത്തിനു പരിചയപ്പെടുത്തിയ രവിശങ്കര്‍ അമേരിക്കയിലെ ബീറ്റില്‍സ് ട്രൂപ്പുമായി പുലര്‍ത്തിയ ബന്ധം ഇരു സംഗീതലോകങ്ങളിലേക്കുള്ള പാലമായി മാറിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus