ഇന്ത്യ ഭരിക്കുന്ന മുന്നണിയുടെ അമരത്തിരിക്കുന്നത് ഒരു സ്ത്രീയാണ്. അവര്‍തന്നെയാണ് രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷയും. മാസങ്ങള്‍ക്കുമുമ്പുവരെ രാഷ്ട്രപതിഭവനിലിരുന്നതും ഒരു സ്ത്രീതന്നെ. ദല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഭരണചക്രം തിരിക്കുന്നതും മങ്കമാരാണ്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചതും സ്ത്രീകരുത്തായിരുന്നു. പാര്‍ലമെന്‍റിലും നിയമസഭകളിലും ബ്യൂറോക്രസിയിലും അക്കാദമിക സ്ഥാപനങ്ങളിലുമെല്ലാം താരതമ്യേന മെച്ചപ്പെട്ടനിലയില്‍ സ്ത്രീ പ്രാതിനിധ്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പകുതി സ്ത്രീകളുടെ അധീനതയിലാണ്. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ സ്ത്രീജനം വന്‍മുന്നേറ്റം നടത്തിയതായാണ് കണക്കുകള്‍ പറയുന്നത്. ഇങ്ങനെ സ്ത്രീശാക്തീകരണ വഴിയില്‍ നമ്മുടെ രാജ്യം വമ്പിച്ച പുരോഗതി കൈവരിച്ചതിന്‍െറ തെളിവുകള്‍ എത്ര വേണമെങ്കിലും നിരത്താം. എന്നാല്‍, സമൂഹം ഇന്നും സ്ത്രീജന്മങ്ങളെ നോക്കിക്കാണുന്നത് കാമപൂര്‍ത്തീകരണത്തിനുള്ള ഉപാധിയായി മാത്രമാണോ എന്ന് സംശയിക്കേണ്ടിവരുന്ന സംഭവപരമ്പരകളാണ് ദിനേന നമ്മുടെ കണ്‍മുന്നില്‍ കെട്ടഴിഞ്ഞുവീഴുന്നത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ ഞായറാഴ്ച രാത്രി, ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ ജീവന്മരണ പോരാട്ടം നടത്തുന്ന ഇരുപത്തിമൂന്നുകാരിയുടെ കരളലിയിപ്പിക്കുന്ന അനുഭവം സ്ത്രീയായി ജനിച്ചതിന് നമ്മുടെ രാജ്യത്ത് ഇത്രമാത്രം സഹിക്കേണ്ടിവരുകയോ എന്ന് മന$സാക്ഷിയുള്ളവരുടെ ഉള്ളുലക്കുകയാണ്.
സ്ത്രീപീഡനവും മാനഭംഗവും മറ്റു ലൈംഗികാതിക്രമങ്ങളും വാര്‍ത്താമൂല്യം നഷ്ടപ്പെട്ട സംഭവങ്ങളായി സമീപകാലത്ത് മാറിയത് അവയുടെ ആവര്‍ത്തന വൈപുല്യം കൊണ്ടാണെങ്കില്‍ രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നിഷ്ഠുരത നമ്മുടെ മനസ്സുകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നത് ഓടുന്ന ബസില്‍ ആറ് യുവാക്കള്‍ പുറത്തെടുത്ത കാപാലികതയുടെ ക്രൗര്യം ഒരു മണിക്കൂറോളം ഏറ്റുവാങ്ങേണ്ടിവന്ന ആ യുവതിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ ഓര്‍ത്താണ്. സ്വന്തം കുടിലില്‍ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്‍മക്കളുമുള്ള മനുഷ്യമൃഗങ്ങളാണ് നിസ്സഹായയായ ആ പെണ്‍കുട്ടിയെ കാമാര്‍ത്തരായി പിച്ചിച്ചീന്തിയത്. കുടലടക്കമുള്ള ആന്തരാവയവങ്ങള്‍ ചതഞ്ഞരഞ്ഞ് ഇനി ജീവിക്കാന്‍ വയ്യാത്തവിധം ആ ശരീരത്തെ ചവച്ചുതുപ്പിയ കാട്ടാളന്മാര്‍ക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥ എന്തു ശിക്ഷയാണ് നല്‍കാന്‍ പോകുന്നത് എന്ന ചോദ്യത്തിന് മുന്നില്‍ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന് കൃത്യമായ ഉത്തരമില്ല. തെരുവുകളിലും പാര്‍ലമെന്‍റിനകത്തും പുറത്തുമെല്ലാം കത്തിയാളുന്ന പ്രതിഷേധാഗ്നി കണ്ട് ഭയന്ന് പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കര്‍ക്കശ നടപടി എടുക്കുമെന്നൊക്കെ വാചാടോപം നടത്തുന്നവര്‍ മാധ്യമങ്ങളില്‍നിന്ന് വിഷയം അപ്രത്യക്ഷമാകുന്നതോടെ എല്ലാം മറക്കുമെന്നുറപ്പാണ്. അതാണ് ഇത$പര്യന്ത അനുഭവം.
ദല്‍ഹി സംഭവം സൃഷ്ടിച്ച നടുക്കവും ധാര്‍മിക രോഷവും ബലാത്സംഗകേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വരെ മുറവിളി ഉയര്‍ത്താന്‍ ചിലരെ പ്രേരിപ്പിച്ചിട്ടുണ്ട്. നിയമത്തിന്‍െറ അഭാവം കൊണ്ടുമാത്രമാണോ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി പെരുകുന്നത്? വിഷയത്തെ ആഴത്തില്‍ വിശകലനം ചെയ്തു സമൂഹത്തെ മാരകമായി ഗ്രസിച്ച ഈ രോഗത്തിന് പ്രതിവിധി കാണാന്‍ ഏതെങ്കിലും തലത്തില്‍ നീക്കമുണ്ടായിട്ടുണ്ടോ? ഇല്ല. സ്ത്രീപീഡനത്തിന്‍െറ ആസ്ഥാനമായാണ് നമ്മുടെ തലസ്ഥാന നഗരി ഇന്ന് അറിയപ്പെടുന്നത്. നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2011ല്‍ രാജ്യത്ത് മൊത്തമുണ്ടായ ബലാത്സംഗ കേസില്‍ 17.6 ശതമാനം ദല്‍ഹിയിലാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ 13.3 ശതമാനം (2011ല്‍ 4489 കേസുകള്‍ ) വരും ദല്‍ഹിയുടെ പങ്ക്. കുറ്റകൃത്യങ്ങളുടെ ദേശീയ ശരാശരി 2.9 ആണെങ്കില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 12.4 ആണ് ഇന്ദ്രപ്രസ്ഥത്തിലേത്. ഭരണമേലാളന്മാര്‍ വിഹരിക്കുന്ന ഒരു മഹാനഗരി എന്തുകൊണ്ട് കുറ്റവാളികളുടെ പറുദീസയായി എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ചിറങ്ങിയാല്‍ അവസാനം ചെന്നെത്തുക രാഷ്ട്രീയ-ഭരണ വര്‍ഗത്തിന്‍െറ അരമനയിലായിരിക്കും. ഭരണകൂടത്തിന്‍െറ തണലിലാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നതും നിയമവാഴ്ച നിശ്ചലമാകുന്നതും. ദല്‍ഹിക്ക് തൊട്ടടുത്ത് കിടക്കുന്ന ഹരിയാന സ്ത്രീപീഡനങ്ങളുടെ ഉല്‍സവപ്പറമ്പാണിന്ന്. കൂട്ട ബലാത്സംഗങ്ങളും തട്ടിക്കൊണ്ടുപോക്കും ദാരുണമരണങ്ങളും അവിടെ വാര്‍ത്തയേ അല്ലാതായിരിക്കുന്നു.
രാജ്യത്തിന്‍െറ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് ദിനേന എത്തുന്ന സ്ത്രീപീഡന വാര്‍ത്തകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍െറ വിഭാത വേളയിലും രാജ്യത്തെ സ്ത്രീകള്‍ ഉയിരും ഉടലും സംരക്ഷിക്കുന്നതില്‍ എത്ര ദയനീയമായാണ് പരാജയപ്പെടുന്നത് എന്ന് കാണിച്ചുതരുന്നു. വിദ്യാഭ്യാസവും പരിഷ്കാരവും കൂടുന്തോറും സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ കൂടിക്കൂടി വരുന്ന വിചിത്രമായ കാഴ്ച കേരളാവസ്ഥയില്‍ പോലും നടുക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ വര്‍ധിച്ചിരിക്കുന്നത് കേരളത്തിലാണെന്ന് നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2011ലെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കേരളം 44 ശതമാനത്തിന്‍െറ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ദല്‍ഹി 37ഉം അസം 36.6 ശതമാനവും വര്‍ധനയാണ് കാണിച്ചത്. പിഞ്ചു കുഞ്ഞുങ്ങള്‍പോലും വീട്ടകങ്ങളില്‍ സ്വന്തം പിതാക്കന്മാരാല്‍പോലും പീഡിപ്പിക്കപ്പെടുന്ന ഭീതിദാവസ്ഥ ലൈംഗിക മനോവൈകൃതം എന്തുമാത്രം വ്യാപകമായിട്ടുണ്ട് എന്നതിന്‍െറ സൂചനയാണ്.
പുരുഷന്‍െറ മേധാശക്തി സ്ഥാപിക്കപ്പെടാനുള്ള ജന്മങ്ങളല്ല സ്ത്രീകളുടേത് എന്ന അടിസ്ഥാനബോധം വളര്‍ത്താന്‍ ഇവിടെ ആര്‍ക്കാണ് സാധിക്കുക എന്നതാണ് പ്രസക്തമായ ചോദ്യം. നിലവിലെ രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതി ഇതില്‍ പരാജയപ്പെട്ടിരിക്കയാണ്. ഉപഭോഗസംസ്കാരം സ്ത്രീയെയും ആ കണ്ണോടെ കാണാന്‍ മാത്രമേ ശീലിപ്പിക്കുന്നുള്ളൂ. സ്ത്രീത്വത്തിന്‍െറ മഹത്വത്തെക്കുറിച്ച് ബോധമുള്ള ഒരു സമൂഹത്തിന്‍െറ ഉയിര്‍പ്പിന് മത-സാംസ്കാരിക കൂട്ടായ്മകള്‍ക്ക് വല്ലതും ചെയ്യാന്‍ സാധിക്കുമെങ്കില്‍ എന്നാശിച്ചുപോകുന്നു. അവശ വിഭാഗങ്ങളുടെ സുരക്ഷ സമൂഹത്തിന്‍െറ മൊത്തം ബാധ്യതയായി കണ്ട് ആ ദിശയില്‍ ശക്തമായ ചുവടുവെപ്പുകള്‍ക്ക് തുടക്കം കുറിക്കാന്‍ സമയം വൈകി.അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ മനുഷ്യാധമന്മാരുടെ ബലിഷ്ഠകരങ്ങളില്‍ ഞെരിഞ്ഞമരുന്ന പെണ്‍ജന്മങ്ങളുടെ വിലാപം കേട്ട് മനുഷ്യത്വമുള്ളവര്‍ക്ക്് ഇവിടെ ജീവിക്കാന്‍ കഴിയാതെ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍