12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

നരേന്ദ്ര മോഡിയുടെ ഹാട്രിക് വിജയം

നരേന്ദ്ര മോഡിയുടെ ഹാട്രിക് വിജയം

അട്ടിമറി വിജയമോ തിരിച്ചുവരവോ കോണ്‍ഗ്രസ് പോലും പ്രതീക്ഷിച്ചില്ലെന്നിരിക്കെ ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ വിജയം അപ്രതീക്ഷിതമല്ല. പോളിങ്ങിനുശേഷം പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ 120-140വരെ സീറ്റുകള്‍ ബി.ജെ.പിക്ക് പ്രവചിച്ചിരുന്നതാണല്ലോ. അത്രത്തോളം സീറ്റുകളോ കഴിഞ്ഞതവണ നേടിയ 49.12 ശതമാനം വോട്ടുകളോ പോളിങ് ശതമാനം ഗണ്യമായി വര്‍ധിച്ചിട്ടും ബി.ജെ.പിക്ക് നേടാന്‍ കഴിയാതെപോയതും ഇത്തവണ രണ്ടു സീറ്റുകള്‍ അധികം നേടാനായതും കോണ്‍ഗ്രസില്‍ ആശ്വാസം പകരുന്നു എന്നാണ് കരുതേണ്ടത്. നരേന്ദ്ര മോഡി എന്തുകൊണ്ട് ഹാട്രിക് വിജയം നേടി വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ പോവുന്നു എന്ന ചോദ്യത്തേക്കാള്‍ കോണ്‍ഗ്രസിന് എന്തുകൊണ്ട് തിരിച്ചുവരാനോ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍പോലുമോ സാധിക്കാതെപോയി എന്നതാണ് കൂടുതല്‍ പ്രസക്തമായ ചോദ്യം. ദേശീയതലത്തില്‍ നിരന്തരം വന്‍ അഴിമതി ആരോപണശരങ്ങളേറ്റ് എരിപൊരികൊള്ളുന്ന യു.പി.എ സര്‍ക്കാര്‍, റെക്കോഡ് തകര്‍ക്കുന്ന വിലക്കയറ്റം, ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന ശാഠ്യം ക്ഷണിച്ചുവരുത്തിയ ജനരോഷം, മനുഷ്യാവകാശ ലംഘനങ്ങളുടെ വജ്രായുധമായിമാറിയ കരിനിയമങ്ങള്‍ വീണ്ടും വീണ്ടും കൊണ്ടുവരാനുള്ള തീവ്രശ്രമം തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്‍െറ പ്രതിച്ഛായ ഏറ്റവും മോശമായ സാഹചര്യങ്ങളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ജനസമ്മതിയോ സംഘാടകശേഷിയോ മെച്ചപ്പെട്ട പ്രതിച്ഛായയോ അവകാശപ്പെടാവുന്ന ഒരു നേതാവുപോലും പാര്‍ട്ടിക്കില്ലതാനും. മത്സരരംഗത്തുണ്ടായിരുന്ന മൂന്നു നേതാക്കളില്‍ രണ്ടു പേരും -അര്‍ജുന്‍ മോധ്വാഡിയയും സിദ്ധാര്‍ഥ പട്ടേലും- തോറ്റമ്പിയതില്‍നിന്ന് സംഗതി വ്യക്തമാണ്. കഷ്ടിച്ച് ജയിച്ചുകയറിയ ശങ്കര്‍സിങ് വഗേലയാകട്ടെ സ്ഥാനമാനങ്ങളെച്ചൊല്ലി ബി.ജെ.പിയോട് തെറ്റിപ്പിരിഞ്ഞ ആര്‍.എസ്.എസുകാരന്‍ തന്നെയാണുതാനും. വികസനത്തില്‍ മോഡി പരാജയപ്പെട്ടു എന്ന ഒരേയൊരു ബിന്ദുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കോണ്‍ഗ്രസ് ഒതുക്കിയപ്പോള്‍ നഗരവോട്ടര്‍മാരെ തെല്ലും സ്വാധീനിക്കാന്‍ പാര്‍ട്ടിക്കായില്ല. കാരണം വ്യക്തം. യു.പി.എയുടെ അതേ വികസനനയമാണ് കൂടുതല്‍ ഫലപ്രദമായി നരേന്ദ്ര മോഡി ഗുജറാത്തില്‍ നടപ്പാക്കിയത്.
മോഡിയെ പ്രഥമവും പ്രധാനവുമായി പ്രതിക്കൂട്ടില്‍ കയറ്റേണ്ട വംശീയ-വര്‍ഗീയ നിലപാടിനെക്കുറിച്ച് മതേതര മുഖമുള്ള കോണ്‍ഗ്രസ് ഒരക്ഷരം ഉരിയാടിയില്ലെന്നു മാത്രമല്ല അദ്ദേഹം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അഹ്മദ് പട്ടേലിന്‍െറ പേര് ഉപയോഗിച്ച് നടത്തിയ വര്‍ഗീയപ്രചാരണത്തോട് പ്രതികരിക്കാന്‍പോലും പാര്‍ട്ടി വിസമ്മതിച്ചു. ഗുജറാത്തിലെ ഭൂരിപക്ഷ മനസ്സുകള്‍ അഭൂതപൂര്‍വമായി ഹിന്ദുവത്കരിക്കപ്പെട്ടു എന്ന ബോധ്യത്തിന്‍െറ ഫലമായിരുന്നു അത്. മറ്റൊരു മാര്‍ഗവും മുമ്പിലില്ലാത്തതിനാല്‍ 10 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷം കോണ്‍ഗ്രസിനുതന്നെ വോട്ടു ചെയ്യും എന്ന ആത്മവിശ്വാസത്തിന്‍െറ ഫലംകൂടിയാവാം ഇത്. എന്നാല്‍, നിസ്സഹായരായ മുസ്ലിംകളില്‍ ഒരുവിഭാഗം മോഡിയുടെ പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്ന പ്രവണത കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ തന്നെ ആരംഭിച്ചിരുന്നു. അത് നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്നു എന്നാണ് മനസ്സിലാവുന്നത്. ഇത്തവണ നരേന്ദ്ര മോഡിയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പ്രാധാന്യം നിയമസഭ തെരഞ്ഞെടുപ്പിനുണ്ട്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ പ്രധാനമന്ത്രി നോമിനിയായി തന്നത്താന്‍ അവതരിപ്പിക്കാന്‍ ഈ വിജയം അദ്ദേഹത്തിന് അവസരം നല്‍കുന്നു എന്നുള്ളതാണത്. തീര്‍ച്ചയായും ആര്‍.എസ്.എസും ബി.ജെ.പിയില്‍ ഒരുവിഭാഗവും അതാഗ്രഹിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി താനിനി പ്രധാനമന്ത്രിപദത്തിലേക്കില്ലെന്ന് സൂചിപ്പിച്ചത് മോഡിയുടെ സാധ്യത വര്‍ധിപ്പിച്ചതായി നിരീക്ഷകര്‍ കരുതുന്നു. പക്ഷേ, ഇന്ത്യ മൊത്തം ഗുജറാത്തല്ല. ബി.ജെ.പി ഒറ്റക്ക് അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ സാധ്യത വിരളമാണുതാനും. സ്വാഭാവികമായും എന്‍.ഡി.എയിലെ നിലവിലുള്ളതോ ഇനി ചേരാനിരിക്കുന്നതോ ആയ കക്ഷികളുടെ നിലപാട് ഈ വിഷയത്തില്‍ സുപ്രധാനമാണ്. മതേതര പ്രതിച്ഛായ തീര്‍ത്തും നഷ്ടമായ ഒരു പ്രധാനമന്ത്രി നോമിനിയെ ന്യൂനപക്ഷ-മതേതര വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു പാര്‍ട്ടിയും പിന്താങ്ങാനിടയില്ല. അതിനാല്‍, കണക്കുകൂട്ടുംപോലെ ശോഭനമല്ല നരേന്ദ്ര മോഡിയുടെ സാധ്യത. എന്നുവെച്ച് തീര്‍ത്തും നിരാകരിക്കാവുന്നതുമല്ല അനുദിനം വലത്തോട്ട് ചാഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ മോഡിയെപ്പോലുള്ള ഒരാളുടെ പ്രധാനമന്ത്രി സ്ഥാനാരോഹണം.
കേരളത്തെപ്പോലെ ഓരോ അഞ്ചു വര്‍ഷവും ഭരണമാറ്റം സാധാരണമായ ഹിമാചല്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസിന്‍െറ ഊഴമാണ് പുലര്‍ന്നിരിക്കുന്നത്. 68 സീറ്റുകളില്‍ 36ഉം നേടിയ പാര്‍ട്ടിക്ക് ആശ്വാസംപകരുന്നതാണീ വിജയം. കടുത്ത അഴിമതിയുടെ കാര്യത്തില്‍ ആരാണ് മുമ്പന്‍ എന്ന ചോദ്യമേ ഹിമാചലില്‍ പ്രസക്തമായിരുന്നുള്ളൂ. അക്കാര്യത്തില്‍ വ്യത്യാസം കണ്ടുപിടിക്കാന്‍ പ്രയാസപ്പെട്ട ജനങ്ങള്‍ തല്‍ക്കാലം ബി.ജെ.പി ഭരണത്തിനെതിരെ വിധിയെഴുതി. അതില്‍ കോണ്‍ഗ്രസിന് ഏറെ ആഹ്ളാദിക്കാനൊന്നും വകയില്ലെന്നതാണ് വസ്തുത.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com