12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

മഹാരാജ്ഞി ഉപവിഷ്ടയായപ്പോള്‍

മഹാരാജ്ഞി ഉപവിഷ്ടയായപ്പോള്‍

ഡിസംബര്‍ 18ന് ബ്രിട്ടനില്‍ ഒരു മഹാവിശേഷമുണ്ടായി. രാഷ്ട്ര ഭരണാധികാരിയായ എലിസബ്ധ് രാജ്ഞി ബ്രിട്ടീഷ് കാബിനറ്റ് യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ കസേരയിലാണ് മഹാറാണി ഇരുന്നതത്രെ. രണ്ടാംലോക യുദ്ധകാലത്ത് എലിസബ്ധിന്റെ അച്ഛനായ ജോര്‍ജ് ആറാമന്‍ കാബിനറ്റ് യോഗത്തില്‍ പങ്കെടുത്തതാണ് ഏറ്റവും ഒടുവിലത്തേത്. സമാധാനകാലത്ത് ഒരു ബ്രിട്ടീഷ് രാജഭരണാധികാരി അവസാനമായി കാബിനറ്റ് യോഗത്തില്‍ പങ്കെടുത്തത് 1781ലാണ് -ജോര്‍ജ് മൂന്നാമന്‍. അങ്ങനെ നൂറ്റാണ്ടുകള്‍ക്കു ശേഷമുണ്ടായ മഹാസംഭവംതന്നെയാണിത്. ബ്രിട്ടനിലെ മാധ്യമങ്ങള്‍ ഇത് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കാബിനറ്റിന് വരുമ്പോള്‍ രാജ്ഞി ധരിച്ച വസ്ത്രത്തിന്റെ നിറത്തെയും ഡിസൈനിങ്ങിനെയും കുറിച്ച ഗവേഷണ പ്രബന്ധങ്ങളൊക്കെ വന്നുകൊണ്ടിരിക്കുന്നുണ്ട്. രാജ്ഞിയുടെ വരവ് ബി.ബി.സി അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ഒരുകണക്കിന് ആലോചിക്കുമ്പോള്‍ ബഹുരസമാണ് ബ്രിട്ടനിലെ കാര്യം. ആധുനിക ജനാധിപത്യം, പാശ്ചാത്യ പുരോഗമന രാജ്യം എന്നൊക്കെയുള്ള ബഡായികള്‍ വിടുമെങ്കിലും സംഗതി അടിസ്ഥാനപരമായി ഒരു രാജഭരണകൂടമാണ്. യുനൈറ്റഡ് കിങ്ഡം എന്നതാണല്ലോ രാജ്യത്തിന്റെ പേരുതന്നെ. ഗോഡ് സേവ് ദ ക്വീന്‍ (ദൈവം രാജ്ഞിയെ കാക്കട്ടെ) എന്നു പറഞ്ഞുതുടങ്ങുന്ന രാജഭക്തിഗാനമാണ് ദേശീയഗാനം. സൈന്യത്തിന്റെ പരമോന്നത കമാന്‍ഡര്‍ രാജ്ഞി/രാജാവ് ആണ്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ സ്വീകരിക്കുന്നതും അവര്‍തന്നെ. അതിലുപരി, മതഭരണത്തിന്റെയും പരമോന്നത ഉത്തരവാദി കൊട്ടാരംതന്നെയാണ്. ആര്‍ച്ച് ബിഷപ്പിന്റെയും ബിഷപ്പുമാരുടെയും നിയമനോത്തരവ് കൊട്ടാരത്തില്‍ നിക്ഷിപ്തമാണ്. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ മതപരവും മതേതരവുമായ സര്‍വ അധികാരങ്ങളുടെയും കേന്ദ്രമാണ് രാജ്ഞി. മതരാഷ്ട്രത്തിന്റെ ചേരുവകള്‍ ഈ സംവിധാനത്തില്‍ നന്നായുണ്ട്. എന്നിട്ടും ആധുനിക, മതേതര, ജനാധിപത്യ രാജ്യമെന്ന് ബ്രിട്ടനെ നാമെല്ലാം വിശേഷിപ്പിക്കും. മൂന്നാം ലോകത്തെ ജനാധിപത്യത്തെക്കുറിച്ച് ബ്രിട്ടീഷുകാര്‍ പ്രബോധനം നടത്തുകയും ചെയ്യും!
രാജഭക്തി ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംഗതി വേണ്ടതിലധികം നമ്മുടെ നാട്ടിലുമുണ്ട്. ബ്രിട്ടന്റെ കോളനിയായതുകൊണ്ടായിരിക്കണം, ഈ ശീലം നമ്മള്‍ കൈവിടാത്തത്. കോഴിക്കോട് സാമൂതിരി കുടുംബ്ധില്‍ പെട്ടവരെയും തിരുവനന്തപുരത്ത് ഉത്രാടം തിരുനാള്‍ കുടുംബ്ധില്‍ പെട്ടവരെയും മഹാരാജാവ് എന്നും ഹിസ് ഹൈനസ് എന്നും വിളിക്കാനാണ്, ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കുവരെ താല്‍പര്യം. എന്നല്ല, ചിലപ്പോഴെങ്കിലും ഔദ്യോഗിക പരിപാടികളിലെ മുഖ്യാതിഥികളായി പഴയ ഫ്യൂഡല്‍ രാജകുടുംബങ്ങളുടെ ഈ അവശിഷ്ടങ്ങള്‍ പങ്കെടുക്കാറുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും ഈ രാജാധികാരത്തിന്റെ മഹത്ത്വമാണ് ഉയര്‍ന്നുനില്‍ക്കുന്നത്. പുരാവസ്തുക്കളില്‍ സ്റ്റേറ്റിനുള്ള അധികാരമല്ല, നിധിക്കുമേല്‍ രാജാവിനുള്ള അധികാരമാണ് പലരും ഉയര്‍ത്തിപ്പിടിക്കുന്നത്. രാജാവിന്റെ അധികാരത്തെക്കുറിച്ച് സംശയങ്ങളുന്നയിക്കുന്നതുതന്നെ രാജ്യദ്രോഹമാണെന്ന മട്ടില്‍ ചിലര്‍ വാദിക്കുന്നുമുണ്ട്. നിധിശേഖരത്തിന്റെ കാര്യത്തില്‍ സ്റ്റേറ്റിന്റെ പക്ഷത്തുനിന്ന് നിലപാടെടുത്ത് നിയമസഭയില്‍ പ്രസംഗിച്ച ജമീല പ്രകാശം എം.എല്‍.എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍വരെ ഹിന്ദു ഐക്യവേദിക്കാര്‍ മെനക്കെട്ടുകളഞ്ഞു.
ഈജിപ്തില്‍ നടക്കുന്ന ഭരണഘടനാ സംവാദങ്ങളുടെ അന്തരീക്ഷത്തില്‍, ബ്രിട്ടീഷ് അനുഭവത്തെ വിശകലനം ചെയ്യുന്നത് കൗതുകകരമായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനാല്‍ രൂപവത്കൃതമായ ഒരു ഭരണഘടനാ സമിതിയാണ് ഈജിപ്തില്‍ കരട് ഭരണഘടന തയാറാക്കിയിരിക്കുന്നത്. അതാകട്ടെ, ജനഹിതപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നു. അതിനെതിരെയാണ് ഈജിപ്തിലെ ലിബറല്‍, ഇടതുപക്ഷങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിലെ പുരോഗമനവാദികളും ഈ കരട് ഭരണഘടനക്കെതിരെ, പ്രക്ഷോഭകാരികളോടൊപ്പം ചേര്‍ന്ന് രംഗത്തിറങ്ങിയിട്ടുണ്ട്. ബഹുകക്ഷി തെരഞ്ഞെടുപ്പ്, അഭിപ്രായ സ്വാതന്ത്രൃം, പ്രകടന സ്വാതന്ത്രൃം, അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ എന്നിവയെയെല്ലാം പരിരക്ഷിക്കുന്നതാണ് ഈജിപ്തിലെ കരട് ഭരണഘടന. പിന്നെയെന്തിന് എതിര്‍ക്കുന്നുവെന്നല്ലേ്ള? നിയമനിര്‍മാണത്തിന്റെ അടിസ്ഥാനം ശരീഅത്ത് തത്ത്വങ്ങളായിരിക്കും എന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ട്. രാജാവും രാജ്ഞിയുമൊന്നും രാഷ്ട്രത്തിന്റെയും മതത്തിന്റെയും സൈന്യത്തിന്റെയും സര്‍വാധിപതിയാവുന്നതില്‍ കുഴപ്പമില്ലാത്ത 'ആധുനിക, പുരോഗമന, മതേതര' പക്ഷമാണ് ധാര്‍മിക, സനാതന മൂല്യങ്ങളുടെ സമാഹാരമെന്ന് രാജ്യത്തെ മഹാഭൂരിപക്ഷം വിശ്വസിക്കുന്ന നിയമസംഹിതയെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാനമാക്കിയതിനെതിരെ ബഹളം വെക്കുന്നത്. ആ ഭരണഘടന ജനഹിതപരിശോധനക്ക് വിടാന്‍ പോലും പാടില്ലെ്ളന്നാണ് അവരുടെ വാശി. ആധുനിക, ലിബറല്‍ രാഷ്ട്രീയത്തിന്റെ പരിഹാസ്യത വെളിപ്പെടുത്തുന്നതാണ് ഒരേസമയം ഈജിപ്തിലെയും ബ്രിട്ടനിലെയും അനുഭവങ്ങള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com