മഞ്ഞുപെയ്യുകയും നക്ഷത്രങ്ങള്‍ കണ്ണുചിമ്മുകയും ചെയ്യുന്ന ക്രിസ്മസ് കാലത്തെ രാവുകള്‍ ശാന്തമായ സംഗീതത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. വെസ്റ്റേണ്‍ സംഗീതത്തിന്‍്റെ സൗന്ദര്യവും സാന്ത്വനവും നമുക്കു പകര്‍ന്നു തന്നിട്ടുള്ളത് ക്രിസ്തീയഗാനങ്ങളാണ്. ആല്‍ബം എന്ന സംഗീതശില്‍പങ്ങള്‍ ഇറങ്ങിയ കാലം മുതല്‍ കേരളത്തില്‍ ക്രിസ്തീയഗാനങ്ങളും ക്രിസ്മസ് ഗാനങ്ങളും ഇറങ്ങുന്നു.
മലയാള സിനിമാ ഗാനങ്ങളിലും അതിശക്തവും മനോഹരങ്ങളുമായ ക്രിസ്തീയ ഗാനങ്ങള്‍ ഇറങ്ങിയിണ്ട്. സിനിമയുടെ ആദ്യകാലം മുതല്‍ നിരവധി ക്രിസ്തീയ പശ്ചാത്തലത്തിലുള്ള സിനിമകളിറങ്ങി. ബൈബിള്‍ കഥകളെ അധികരിച്ചും സിനിമകളുണ്ടായി. അന്നത്തെ പ്രമുഖ ഗാനരചയിതാക്കളായ വയലാറും ഒ.എന്‍.വിയും യൂസഫലിയുമൊക്കെയായിരുന്നു ഗാനങ്ങളെഴുതിയത്.
എക്കാലവും മലയാളം ഓര്‍മിക്കുന്ന മനോഹരങ്ങളായ ക്രിസ്തീയ ഗാനങ്ങളെഴുതിയത് വയലാര്‍ തന്നെയായിരുന്നു. ‘സ്നാപകയോഹന്നാന്‍’ എന്ന ചിത്രത്തിനു വേണ്ടി എഴുതിയ ‘തിരികൊളുത്തുവിന്‍ ചക്രവാളങ്ങളെ, വഴിയൊരുക്കുവിന്‍ മാലാഖമാരേ’ യേശുവിന്‍്റെ വരവറിയിക്കുന്ന വയലാറിന്‍െറ അതിശക്തമായ രചനയാണ്. ബ്രദര്‍ ലക്ഷ്മണനായിരുന്നു സംഗീതം
അരനാഴികനേരത്തിലെ ‘ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന്‍ വന്നു’ എന്ന വയലാര്‍ ഗാനം പി.സുശീല പാടി അനശ്വരമാക്കിയതാണ്. നദി എന്ന ചിത്രത്തിലെ ‘നിത്യവിശുദ്ധയാം കന്യാമറിയമെ നിന്‍നാമം വാഴ്ത്തപ്പെടട്ടെ’എന്ന ഗാനം വയലാറിന്‍്റെ രചനാവൈഭവം വിളിച്ചോതുന്നതാണ്. യേശുദാസ് പാടിയ ഈ ഗാനം ഇന്നും ജനമനസുകളില്‍ സജീവമാണ്.
റബേക്കയിലെ ‘യെരുശലേമിന്‍ നായകനെ എന്നുകാണും’ എന്ന സുശീല പാടിയ ഗാനത്തിന് ഈണം പകര്‍ന്നത് രാഘവന്‍ മാഷ്. ‘അവളല്‍പം വൈകിപ്പോയി’ എന്ന ചിത്രത്തിലെ ‘വെള്ളിക്കുടക്കീഴെ അല്ലിക്കുടക്കീഴെ പള്ളിയില്‍പോകും മേഘങ്ങളെ’.. എന്ന വയലാര്‍ ഗാനത്തിന് ഈണം പകര്‍ന്നത് ദേവരാജനാണ്. ‘കന്യാതനയാ കരുണാനിലയാ കൈവെടിയരുതേ മിശിഹായേ’ എന്ന നിണമണിഞ്ഞ കാല്‍പ്പാടുകളിലെ ഗാനത്തിന് ഈണം പകര്‍ന്നത് ബാബുരാജ്. ‘ലില്ലിപ്പുവിനുമല്ലിപ്പൂവിനുമിന്നു പിറന്നാള്...’ ബി.വസന്ത പാടിയ ഈ ഗാനം സൂസി എന്ന ചിത്രത്തിനുവേണ്ടി എഴുതിയത് വയലാര്‍. സംഗീതം ദേവരാജന്‍. പ്രശസ്തമായ ‘ജിംഗിള്‍ ബെല്‍സ്.. ജിംഗിള്‍ ബെല്‍സ്’ എന്ന പാശ്ചാത്യ ഗാനത്തിന്‍െറ ചുവടുപിടിച്ചാണ് ദേവരാജന്‍ മാഷ് ഈ ഗാനത്തിന് ഈണമൊരുക്കിയത്.
ആദ്യകാല ഗാനരചയിതാവായ അഭയദേവ് എഴുതിയ ‘കനിവോലും കമനീയ ഹൃദയം’ എന്ന ഗാനത്തിന് ഒട്ടേറെ പ്രത്യേകതയുണ്ട്. പി.ലീല പാടിയ ഈ ഗാനം തീര്‍ത്തും കര്‍ണാടിക് രീതിയിലാണ് ദക്ഷിണാമൂര്‍ത്തി സംഗീതം ചെയ്തത്. ഗാനം എങ്ങനെ സ്വീകരിക്കപ്പെടും എന്ന കാര്യത്തില്‍ അന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ചിത്രമിറങ്ങിയതോടെ ഗാനം വന്‍ ഹിറ്റാവുകയായിരുന്നു. ക്രിസ്തീയ രീതിയിലുള്ള സംഗീതം തേടിപ്പോകാതെ ഇവിടത്തെ തനതു രീതിയിലാണ് ബ്രദര്‍ ലക്ഷ്മണനും പാട്ടൊരുക്കിയത്. ‘മറിയക്കുട്ടി’ എന്ന ചിത്രത്തിനുവേണ്ടി പി.ലീല പാടിയ ‘ദൈവപുത്രനേ വാ.. യേശുനാഥനെ വാ’ എന്ന ഗാനം തിരുനൈനാര്‍ കുറിച്ചിയാണ് എഴുതിയത്.
യൂസഫലി കേച്ചേരി എഴുതി കെ.ജെ ജോയി ഈണം പകര്‍ന്ന ‘കാലിത്തൊഴുത്തില്‍ പിറന്നവനെ’ എന്ന ഗാനം ഇന്നും പള്ളികളിലെ ക്വയര്‍ ഗാനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നതാണ്. ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലിലെ ‘വാതില്‍ തുറക്കൂനീ കാലമേ’ പുതിയ കാലത്തെ ഏറ്റവും ശ്രദ്ധേയമായ ക്രിസ്തീയ ഗാനമാണ്. അന്തരിച്ച രവി ബോംബെയായിരുന്നു ഇതിന്‍്റെ സംഗീതം.
ഉല്ലാസയാത്ര എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനത്തിന് ഈണം പകര്‍ന്നത് എം.എസ്.വിശ്വനാഥനായിരുന്നു; ‘ക്രിസ്മസ് സ്വപ്നം വിടര്‍ന്നു ഒരു സ്വപ്നം കൂടിയുണര്‍ന്നു’. ആശ്രയം എന്ന ചിത്രത്തിനുവേണ്ടി പൂവച്ചല്‍ ഖാദറെഴുതിയ ‘നിത്യനായ മനുഷ്യനുവേണ്ടി വീഥിയൊരുക്കുക നാം’ എന്ന ഗാനത്തിന് ഈണം നല്‍കിയത് എം.ബി ശ്രീനിവാസനാണ്. ‘യെരുശലേമിന്‍്റെ നന്ദിനീ..’ എന്ന തെക്കന്‍ കാറ്റിലെ ഗാനം ഭരണിക്കാവ് ശിവകുമാര്‍ എഴുതി എ.ടി.ഉമ്മര്‍ ഈണമിട്ടതാണ്.
ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകര്‍ന്ന ‘നോക്കത്തൊദൂരത്ത് കണ്ണും നട്ട്’എന്ന ചിത്രത്തിലെ ക്രിസ്മസ് പശ്ചാത്തലത്തിലുള്ള ‘ലാത്തിരിപ്പുത്തിരിപുഞ്ചിരിച്ചെപ്പോ’ അക്കാലത്ത് ഏറെ ഹിറ്റായിരുന്നു.
ഒ.എന്‍.വിയും നിരവധി ശ്രദ്ധേയമായ ക്രിസ്തീയ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ‘ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി’ എന്ന കാതോടു കാതോരത്തിലെ ഗാനം ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലുള്ളതായിരുന്നു. ആകാശദൂതിലെ ‘ശുഭയാത്രാ ഗീതങ്ങള്‍ പാടുകയല്ളോ’ എന്ന ഗാനവും ഒരു പ്രാര്‍ഥനാഗീതം പോലെ മനോഹരമാണ്. ഒൗസേപ്പച്ചന്‍്റെതാണ് സംഗീതം. മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ ‘ആദിയില്‍ ഏദനില്‍വച്ചു നാം കണ്ടു’എന്ന ഗാനം എം.ബി.ശ്രീനിവാസനാണ് സംഗീതം പകര്‍ന്നത്. ‘നിലാവും കിനാവും തളിര്‍ക്കുന്ന രാവില്‍’ എന്ന ഒ.എന്‍.വിയുടെ ‘സായാഹ്നത്തിന്‍്റെ സ്വപ്നം’ എന്ന ചിത്രത്തിലെ ഗാനവും ക്രിസ്മസ് ആഘോഷത്തിന്‍്റെ പശ്ചാത്തലത്തിലുള്ളതാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍