12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

പട്ടികജാതി-വര്‍ഗങ്ങളുടെ പ്രമോഷന്‍ ക്വോട്ട

പട്ടികജാതി-വര്‍ഗങ്ങളുടെ പ്രമോഷന്‍ ക്വോട്ട

പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് ഉദ്യോഗക്കയറ്റത്തില്‍ സംവരണം വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷത്തിന് പാസാക്കിയതോടെ രാജ്യത്തെ ആദിവാസി, ദലിത് വിഭാഗങ്ങളുടെ ശാക്തീകരണത്തെ സംബന്ധിച്ചേടത്തോളം സുപ്രധാന നിയമനിര്‍മാണത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്. സമാജ്വാദി പാര്‍ട്ടി മാത്രമാണ് ബില്ലിനെ എതിര്‍ക്കാനുണ്ടായത് എന്നതുകൊണ്ട് ലോക്സഭയും ആവശ്യമായ ഭൂരിപക്ഷത്തോടെ അത് പാസാക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. തുടര്‍ന്ന് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രമോഷനില്‍ സംവരണം പ്രാബല്യത്തില്‍ വരും. എസ്.പിയുടെ എതിര്‍പ്പിന്‍െറ യഥാര്‍ഥ പ്രേരണ പട്ടികജാതി-വര്‍ഗങ്ങളുടെ പ്രമോഷന്‍ സംവരണത്തോടുള്ള വിയോജനമല്ല, മുഖ്യ പ്രതിയോഗി മായാവതിയുടെ വന്‍ വിജയമായി സംഭവം കൊട്ടിഘോഷിക്കപ്പെടുമെന്ന ഭീതിയാണെന്ന് എല്ലാവര്‍ക്കുമറിയാം. യു.പിയില്‍ മായാവതി മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന എസ്.സി-എസ്.ടി പ്രമോഷന്‍ ക്വോട്ട അലഹബാദ് കോടതി ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് റദ്ദാക്കിയതാണ് ഇപ്പോള്‍ ഇങ്ങനെയൊരു ഭരണഘടനാ ഭേദഗതിക്ക് യു.പി.എ സര്‍ക്കാറിനെ അവര്‍ നിര്‍ബന്ധിച്ചതിന്‍െറ പശ്ചാത്തലം. ചില്ലറ വ്യാപാരരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുത്താന്‍ സര്‍ക്കാറിന് മായാവതിയുടെ പിന്തുണ അനുപേക്ഷ്യമായിരുന്നു. ഈ നിര്‍ബന്ധിതാവസ്ഥയില്‍നിന്ന് യഥോചിതം മുതലെടുത്താണ് ഇപ്പോള്‍ രാജ്യസഭയില്‍ അവര്‍ ലക്ഷ്യം സാധിച്ചതെന്ന് വ്യക്തം. മായാവതിയുടെ മുഖ്യശത്രു മുലായംസിങ് യാദവിന്‍െറ പിന്തുണകൂടി സര്‍ക്കാറിന് ആവശ്യമായിരുന്നെങ്കിലും രാജ്യസഭയില്‍ അതവഗണിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പ്രമോഷന്‍ ബില്‍ പാസാക്കിയാല്‍ യു.പി.എ സര്‍ക്കാറിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് മുലായം ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്‍െറ അന്തിമ തീരുമാനം ദുരൂഹമാണ്. ബില്‍ ലോക്സഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ തല്‍ക്കാലം മുസ്ലിം സംവരണാവശ്യം ഉയര്‍ത്തിക്കാട്ടി സഭ സ്തംഭിപ്പിക്കാനാണ് എസ്.പി തുനിഞ്ഞത്. ദലിത് വോട്ട് ബാങ്ക് നഷ്ടപ്പെട്ടാല്‍ മുസ്ലിംവോട്ട് ഉറപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രം എന്നതില്‍ക്കവിഞ്ഞ മാനം അതിനില്ല. മുസ്ലിം ന്യൂനപക്ഷത്തിന് സംവരണം എന്ന ചിരകാലാവശ്യത്തെ ബി.ജെ.പി കഠിനമായെതിര്‍ക്കുമെന്ന് മുലായം സിങ്ങിന് അസ്സലായറിയാം. മതത്തിന്‍െറ അടിസ്ഥാനത്തില്‍ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പിയും ജുഡീഷ്യറിയും. സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയാണ് ഭരണഘടന പ്രകാരം സംവരണത്തിനടിസ്ഥാനം എന്നിരിക്കെ, രണ്ട് നിലകളിലും പിന്നാക്കമായ മുസ്ലിം ന്യൂനപക്ഷത്തിന് അതിനുള്ള അര്‍ഹത സച്ചാര്‍ കമ്മിറ്റിയും രംഗനാഥ് മിശ്ര കമീഷനും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പിന്നാക്ക സമുദായങ്ങളുടെ സംവരണം കോടതിയും സര്‍ക്കാറുകളും അംഗീകരിച്ചതുമാണ്. പക്ഷേ, പിന്നാക്കക്കാരുടെ ക്വോട്ടയില്‍നിന്ന് ഒരു നിശ്ചിത ശതമാനം ദരിദ്ര മുസ്ലിംകള്‍ക്ക് നീക്കിവെക്കാനുള്ള ആന്ധ്ര സര്‍ക്കാറിന്‍െറ തീരുമാനം പോലും കോടതി റദ്ദാക്കുകയാണ് ചെയ്തത്.
വസ്തുനിഷ്ഠമായി വിഷയത്തെ അപഗ്രഥിക്കുമ്പോള്‍ സംവരണം സംബന്ധമായി ഇന്ത്യയിലെ ജുഡീഷ്യറിയുടെ സാമാന്യ നിലപാട് നിര്‍ഭാഗ്യകരവും സാമൂഹിക നീതി സംസ്ഥാപിക്കുന്ന മാര്‍ഗത്തിലെ തടസ്സവുമാണെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. ഇതിന്‍െറ മൗലിക കാരണങ്ങളിലൊന്ന് നീതിന്യായ ശ്രേണികളിലെ പിന്നാക്ക സമുദായ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ അങ്ങേയറ്റം അപര്യാപ്തമായ പ്രാതിനിധ്യംതന്നെ. സ്വാതന്ത്ര്യം നേടി ആറര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യയില്‍ ഇന്നും നാനാജാതി മതസ്ഥരുടെ സന്തുലിത പുരോഗതിയും അവസര സമത്വവും സ്വപ്നം മാത്രമായവശേഷിക്കാന്‍ കാരണം രാജ്യത്ത് ആഴത്തില്‍ വേരൂന്നിയ സവര്‍ണ മനോഭാവത്തിന്‍െറയും അസഹിഷ്ണുതയുടെയും ശാഠ്യങ്ങളാണ്. എന്നെങ്കിലും ഒരുനാള്‍ വിവേചനങ്ങള്‍ അവസാനിച്ച് കേവലം മെറിറ്റ് അടിസ്ഥാനമാക്കി വിദ്യാലയ പ്രവേശവും നിയമനങ്ങളും നടക്കണമെങ്കില്‍പോലും അധ$സ്ഥിത വിഭാഗങ്ങള്‍ക്ക് ഒരു നിശ്ചിതകാലത്തേക്ക് സംവരണം ഉറപ്പാക്കിയേ മതിയാവൂ എന്നിവര്‍ ആലോചിക്കുന്നില്ല. ഇപ്പോള്‍ പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് ഉദ്യോഗക്കയറ്റത്തില്‍ നിശ്ചിത ശതമാനം സംവരണം വേണമെന്ന ഭരണഘടനാ ഭേദഗതി ബില്ലിന് വഴിയൊരുക്കിയതുതന്നെ, പ്രമോഷനിലെ ക്വോട്ട ഭരണഘടനാ വിരുദ്ധമായി 1992ലെ ഇന്ദിര സാഹിനി കേസില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചതും തദടിസ്ഥാനത്തില്‍, മായാവതിയുടെ പ്രമോഷന്‍ ക്വോട്ട നടപടി അലഹബാദ് ഹൈകോടതി റദ്ദാക്കിയതുമാണ്. പുതിയ ഭരണഘടനാ ഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പിട്ടാലും അത് കോടതി കയറുകയില്ലെന്നോ കോടതി വിധി അധ$സ്ഥിതര്‍ക്ക് അനുകൂലമാവുമെന്നോ ഉറപ്പിക്കാന്‍വയ്യ. എന്നാല്‍, ജുഡീഷ്യറിയെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയല്ല, സാമൂഹിക നീതി എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കില്‍ മതേതര സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭരണഘടനാനുസൃതവും നിയമാനുസൃതവുമായിത്തന്നെ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസര സമത്വവും നടപ്പാക്കുക എന്ന ചുമതല നിറവേറ്റുന്നതില്‍ വിളംബം വരുത്താനോ സവര്‍ണ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാനോ പാടില്ല. ഇരകളുടെയും പീഡിതരുടെയും അവരുടെ പക്ഷത്തുനില്‍ക്കുന്ന മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മതേതര പാര്‍ട്ടികളുടെയും കൂട്ടായ പോരാട്ടമാണ് തുല്യനീതി സംസ്ഥാപിതമാവാനുള്ള ഗാരന്‍റി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com