അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് ഒക്ടോബറിലും അതിനെ തുടര്‍ന്നും പുറത്തുവന്ന ചില പഠനറിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ജനസമൂഹത്തിന്‍െറ ഭാവിയെക്കുറിച്ച് സാരവത്തായ ചില ചോദ്യങ്ങളുയര്‍ത്തുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമെന്ന കീര്‍ത്തിയുമായി നാം അപ്പുറത്തെ വൃദ്ധജനപ്പെരുപ്പം ചൂണ്ടിക്കാട്ടി ചൈനയെ പരിഹസിക്കാറുണ്ട്. എന്നാല്‍, യു.എന്‍ പോപുലേഷന്‍ ഫണ്ട് ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് 2050ഓടെ നാം വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ ചൈനയെ കടത്തിവെട്ടും. ഇന്ന് ഒമ്പതു കോടിയാണ് ഇന്ത്യയിലെ വൃദ്ധജന സംഖ്യ. 2050ല്‍ അത് മുപ്പത്തിയൊന്നര കോടിയായി ഉയരും. ഇന്നത്തെ യുവജനം അന്ന് വയോധികജനമായി മാറും. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഇന്നത്തേതിന്‍െറ 360 ശതമാനമാവുക മാത്രമല്ല, മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നായിത്തീരുകയും ചെയ്യും -കാരണം ഈ കാലയളവില്‍ മൊത്തം ജനസംഖ്യയിലെ വര്‍ധന 60 ശതമാനം മാത്രമായിരിക്കും. വൃദ്ധജനങ്ങളുടെ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടുതലുള്ള (കേരളമടക്കമുള്ള) ഏഴു സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് യു.എന്‍ ഏജന്‍സി പഠനഫലം തയാറാക്കിയിരിക്കുന്നത്. 2011ലെ സ്ഥിതിയനുസരിച്ച് 60-69 പ്രായത്തിലുള്ള പുരുഷന്മാരില്‍ 39 ശതമാനവും സ്ത്രീകളില്‍ 11 ശതമാനവും ജീവിക്കാന്‍വേണ്ടി അധ്വാനിക്കേണ്ടിവരുന്നുണ്ട്. 80ലധികം വയസ്സുള്ളവരില്‍പോലും ഈ അവസ്ഥ വിരളമല്ല (പുരുഷന്മാര്‍ 13 ശതമാനം, സ്ത്രീകള്‍ മൂന്നു ശതമാനം). വൃദ്ധജനങ്ങള്‍ യുവജനങ്ങളേക്കാള്‍ വളരെ കുറവായിരിക്കെയാണിത്. 2050ഓടെ സ്ഥിതി നേരെ തിരിച്ചാവുമ്പോഴത്തെ അവസ്ഥ ആശങ്കയുണര്‍ത്തുന്നത് ഇതുകൊണ്ടാണ്. കുടുംബത്തിലുള്ള പ്രായമായവരെപ്പോലും വൃദ്ധസദനങ്ങളില്‍ മാത്രമല്ല വഴിയില്‍വരെ ഉപേക്ഷിക്കാനും കെട്ടിയിട്ടും കൊന്നുമൊക്കെ ‘ഭാര’മൊഴിവാക്കാനും ഇപ്പോള്‍തന്നെ അറപ്പുകാണിക്കാത്ത മക്കള്‍ അന്ന് എന്തുതന്നെ ചെയ്യില്ല!
ഇന്ത്യയില്‍ ഇന്നുള്ള വൃദ്ധജനങ്ങളില്‍ മുക്കാലും ദാരിദ്ര്യത്തിലാണ് എന്ന് യു.എന്‍ ഏജന്‍സി പറയുന്നു. അവര്‍ നിരക്ഷരത, ആരോഗ്യ ശുശ്രൂഷയുടെ കുറവ്, വരുമാനത്തിലെ അനിശ്ചിതത്വം എന്നിവയും അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന 2010ലെ ആഗോള രോഗപീഡ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നപോലെ ഇന്ത്യയില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടില്‍ പുരുഷന്മാരുടെ ആയുസ്സ് 15ഉം സ്ത്രീകളുടേത് 18ഉം വര്‍ഷംകണ്ട് വര്‍ധിച്ചിരിക്കുന്നു. അതേസമയം, ആരോഗ്യാവസ്ഥയില്‍ വലിയ പുരോഗതി ഇല്ലതാനും. പുരുഷന്മാര്‍ ശരാശരി 54.6 വയസ്സുവരെ മാത്രമേ പൂര്‍ണാരോഗ്യത്തോടെ ഇരിക്കുന്നുള്ളൂ; സ്ത്രീകള്‍ 57.1 വയസ്സുവരെയും. അവസാനത്തെ പത്തു വര്‍ഷത്തോളം രോഗപീഡകളേറ്റാണ് വൃദ്ധജനങ്ങള്‍ കഴിയുന്നത്. ഈ അവസ്ഥ ആവശ്യപ്പെടുന്ന ആരോഗ്യ ശുശ്രൂഷാ സൗകര്യങ്ങളോ സാമൂഹിക സുരക്ഷയോ ഇപ്പോള്‍തന്നെയില്ല. വൃത്തിഹീനമായ ഗൃഹാന്തരീക്ഷവും തൊഴിലിടവും ശാരീരിക പ്രശ്നങ്ങളും ഭക്ഷണക്കുറവും -ഇതെല്ലാം ആരോഗ്യം നശിപ്പിക്കുന്നു. 2026ല്‍ വൃദ്ധജനങ്ങള്‍ ഇപ്പോഴത്തേതിന്‍െറ ഇരട്ടിയാവും. ആരോഗ്യ, വാര്‍ധക്യ ശുശ്രൂഷാ മേഖലകളില്‍ അടിയന്തരമായി സര്‍ക്കാറിന്‍െറ ശ്രദ്ധപതിയേണ്ടതുണ്ടെന്നര്‍ഥം. രണ്ടായിരത്തോളം പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന ദേശീയ അനുപാതം തീരെ അപര്യാപ്തമാണ്. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ബജറ്റ് വിഹിതം വകയിരുത്തിയേ പറ്റൂ. വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്ക് പ്രത്യേകമായി ശുശ്രൂഷാ പദ്ധതികള്‍ വേണ്ടിവരും. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴിമാറുകയും മക്കളുടെ എണ്ണം പരിമിതപ്പെടുകയും ചെയ്തതോടെ കുടുംബം എന്ന പരമ്പരാഗതമായ താങ്ങ് വലിയൊരളവില്‍ ഇല്ലാതാവുകയാണ്. പ്രായം ചെന്നവര്‍ക്കുള്ള പരിഗണനയും കാരുണ്യവും വറ്റിപ്പോകുന്ന പ്രശ്നം പുറമെയും. വൃദ്ധരുടെ ശുശ്രൂഷക്കായുള്ള ദേശീയ പദ്ധതി 2010ല്‍ തുടക്കംകുറിച്ചെങ്കിലും പ്രായോഗികരംഗത്ത് വലിയ മാറ്റമൊന്നും വരുത്താന്‍ അതിനായിട്ടില്ല.
വീട്ടിലെ പീഡനം വര്‍ധിച്ചുവരുന്നതായി ‘ഹെല്‍പ് ഏജ് ഇന്ത്യ’ നിരീക്ഷിക്കുന്നു. ഇന്ത്യന്‍ നഗരങ്ങളിലെ വീടുകളില്‍ കഴിയുന്ന വൃദ്ധജനങ്ങളില്‍ 43 ശതമാനം ശാരീരിക ഉപദ്രവം പ്രതീക്ഷിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടുവത്രെ. മാനുഷികബന്ധങ്ങളും കുടുംബബന്ധങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുക, ആത്മീയ മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, സാമ്പത്തിക പ്രയോജനമല്ല ഏറ്റവും വലിയ മാനദണ്ഡമെന്ന് അംഗീകരിക്കുക, സാമൂഹിക സുരക്ഷാമേഖലയില്‍ കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പദ്ധതി തയാറാക്കുക, സമഗ്രമായ വയോജനനയം രൂപപ്പെടുത്തുക തുടങ്ങിയവ സമൂഹവും ഭരണകൂടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ശരിയായ തയാറെടുപ്പുണ്ടായാല്‍ ‘ഇന്ത്യയുടെ വാര്‍ധക്യ’വും ധന്യമാക്കാനാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍