Tue, 11/27/2012 - 22:36 ( 24 weeks 5 daysago)
ധോണി ക്യാപ്റ്റനായി തുടരുന്നത് ഭാഗ്യം കൊണ്ട് -ബേദി
(+)(-) Font Size
ധോണി ക്യാപ്റ്റനായി തുടരുന്നത് ഭാഗ്യം കൊണ്ട് -ബേദി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി തന്‍െറ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ഒട്ടും മടികാണിക്കാറില്ല. ഒന്നാന്തരം ഇടങ്കയ്യന്‍ സ്പിന്നറായിരുന്ന ബേദി, സ്പിന്‍ ബൗളിങ്ങിനെ അകമഴിഞ്ഞു തുണക്കുന്ന പിച്ചൊരുക്കി തന്ത്രം മെനഞ്ഞിട്ടും ഇംഗ്ളണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ പത്തു വിക്കറ്റിന് തോറ്റമ്പിയ ഇന്ത്യന്‍ ടീമിന്‍െറ പ്രകടനത്തെ വിലയിരുത്തി സംസാരിക്കുന്നു.

  • സ്വന്തം മണ്ണില്‍, സ്പിന്നിനെ തുണക്കുന്ന ട്രാക്കില്‍ നാലാം നാളില്‍ ഒന്നര മണിക്കൂറിനകം ഇന്ത്യ കീഴടങ്ങി. ഇന്ത്യന്‍ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

—നമ്മള്‍ ഏറെ ഉന്നതിയിലാണെന്ന് കണക്കുകൂട്ടുകയും ഇംഗ്ളണ്ടിനെ കുറച്ചുകാണുകയും ചെയ്തു. ഇംഗ്ളണ്ട് അവസാനം മനസ്സറിഞ്ഞു ചിരിച്ചു. സ്പിന്നിനെ തുണക്കുന്ന വിക്കറ്റുകള്‍ വേണമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പരസ്യമായി പറഞ്ഞുനടക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

  • നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നാണോ?

—തീര്‍ച്ചയായും. ഒരു ഡെറെക് അണ്ടര്‍വുഡോ എറാപ്പള്ളി പ്രസന്നയോ ധോണിയുടെ ടീമില്‍ ഉണ്ടായിരുന്നോ? മാച്ച് വിന്നര്‍മാരായ സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നോ നമുക്ക്? എനിക്കറിയേണ്ട ഒരു കാര്യം ഇത്തരം വിക്കറ്റുകളുടെ ഉത്തരവാദികള്‍ ആരാണെന്നാണ്. ആരാണീ തന്ത്രങ്ങളുടെ ഉപജ്ഞാതാവ്?

  • മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചത് പിഴവായിരുന്നോ?

—രണ്ടുപേരെ കൈകാര്യം ചെയ്യാനറിയാത്ത ധോണി എങ്ങനെ മൂന്നു സ്പിന്നര്‍മാരെ കൈകാര്യം ചെയ്യും? സഹീര്‍ ഖാന്‍െറ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചേനേ. ടെസ്റ്റില്‍ 300നടുത്ത് വിക്കറ്റുള്ള അയാള്‍ ഒന്നാമിന്നിങ്സില്‍ ബൗളിങ് ഓപണ്‍ ചെയ്തില്ല. രണ്ടാമിന്നിങ്സിലാവട്ടെ, ധോണി അയാള്‍ക്ക് പന്തു കൊടുത്തതേയില്ല.

  • നിങ്ങള്‍ ധോണിയെ നിശിതമായി വിമര്‍ശിക്കുകയാണല്ലോ?

—ധോണി വളരെ ഭാഗ്യവാനാണെന്നാണ് ഞാന്‍ കരുതുന്നത്. വിദേശത്ത് എട്ടു ടെസ്റ്റുകളില്‍ ടീമിനെ തുടരെ തോല്‍വിയിലേക്ക് നയിച്ചിട്ടും ഇപ്പോഴും അയാള്‍ ക്യാപ്റ്റനായി തുടരുകയാണ്.

  • മൂന്ന് സ്പിന്നര്‍മാരുടെയും പ്രകടനത്തെ വിലയിരുത്താമോ?

—ഹര്‍ഭജന്‍ കഠിനമായി പരിശ്രമിച്ചു നോക്കി. അശ്വിനും പ്രഗ്യാന്‍ ഓജയും കാരംബോള്‍ പോലുള്ളവക്കു വേണ്ടിയാണ് കാര്യമായി ശ്രമിച്ചത്. ആദ്യം പന്ത് ശരിയായ ഏരിയകളില്‍ പിച്ച് ചെയ്യിക്കാന്‍ പഠിക്കേണ്ടിയിരുന്നു. പിന്നീടാണ് വൈവിധ്യം വരുത്താന്‍ ചിന്തിക്കേണ്ടത്. ഓരോ ഓവറിലും നമ്മുടെ സ്പിന്നര്‍മാര്‍ രണ്ടോ മൂന്നോ മോശം പന്തുകള്‍ എറിഞ്ഞുകൊണ്ടിരുന്നു. ക്ഷമിക്കാവുന്നല്ല തെറ്റല്ല അത്. അവര്‍ക്ക് താളമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം മോശം ഫോമിന്‍െറ പേരില്‍ പുറത്തിരുത്തിയ ഹര്‍ഭജനെ ഇപ്പോള്‍ തിരിച്ചുവിളിക്കാന്‍തക്ക എന്താണ് അയാള്‍ ചെയ്തത്? താന്‍ ഇപ്പോള്‍തന്നെ ജിം ലേക്കര്‍ ആയെന്നാണ് അശ്വിന്‍ ചിന്തിക്കുന്നത്. ഒരു രഞ്ജി ട്രോഫി മത്സരത്തില്‍ ഹര്‍ഭജനും അശ്വിനും ഓജയും അവസാനമായി 40 ഓവര്‍ വീതം ബൗള്‍ ചെയ്തത് എന്നാണ്? ഐ.പി.എല്ലില്‍ നാല് ഓവറുകള്‍ എറിഞ്ഞല്ല, നീണ്ട സ്പെല്ലുകള്‍ ബൗള്‍ ചെയ്താണ് ബൗളര്‍മാര്‍ താളം കണ്ടെത്തേണ്ടത്. കളിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇശാന്ത് ശര്‍മയെ ഡ്രസ്സിങ് റൂമില്‍ ഇരുത്തിയത്. അയാളെ ദല്‍ഹിക്കുവേണ്ടി കളിക്കാന്‍ വിട്ടയക്കണമായിരുന്നു.

  • ഇന്ത്യയിലെ മികച്ച സ്പിന്നര്‍മാര്‍ ആരാണെന്നാണ് താങ്കളുടെ അഭിപ്രായം?

—അതു പറയേണ്ടയാള്‍ ഞാനല്ല.

  • എന്തുകൊണ്ട്?

—മികച്ച സ്പിന്നര്‍മാരുടെ പേര് സെലക്ടര്‍മാര്‍ പറയട്ടെ. സെലക്ടര്‍മാരില്‍ നാലു പേര്‍ വര്‍ഷം 60 ലക്ഷം രൂപ പ്രതിഫലം പറ്റുന്നവരാണ്. ചെയര്‍മാന്‍ 70 ലക്ഷം രൂപയും.

  • 11 വിക്കറ്റെടുത്ത മോണ്ടി പനേസറും എട്ടുവിക്കറ്റ് വീഴ്ത്തിയ ഗ്രേയം സ്വാനും ഇന്ത്യന്‍ സ്പിന്നര്‍മാരെ കടത്തിവെട്ടിയില്ലേ?

— അവര്‍ മികച്ച സ്പിന്നര്‍മാരല്ലെന്ന് ചിന്തിക്കുന്നത് മണ്ടത്തമാകും. വളരെ അര്‍ഥവത്തായ രീതിയില്‍ പന്തെറിയാന്‍ കഴിയുന്നവനാണ് മോണ്ടി. സ്വാനാകട്ടെ ഇന്ന് ലോകത്തിലെ മികച്ച ഓഫ്സ്പിന്നറും. ക്ളീന്‍ ആക്ഷനു പുറമെ ബാറ്റ്സ്മാന്മാരെ അലട്ടാന്‍ നല്ല കഴിവുമുണ്ട്. നമുക്കാകട്ടെ, ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ബാറ്റ്സ്മാനായി ഇപ്പോള്‍ ചേതേശ്വര്‍ പുജാര മാത്രമേയുള്ളൂ. നമുക്കിന്നൊരു രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണുമില്ല. കരിയറിന്‍െറ ഈ ഘട്ടത്തില്‍ ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ സചിന്‍ ടെണ്ടുല്‍കറിന് കഴിയുമെന്ന് പ്രതീക്ഷിക്കരുത്.

  • രണ്ടാം ടെസ്റ്റിലെ കനത്ത തോല്‍വിയില്‍ താങ്കളെ കൂടുതല്‍ വേദനിപ്പിച്ചത് എന്താണ്?

—നമ്മുടെ ബാറ്റ്സ്മാന്മാര്‍ ദയനീയമായി അടിയറവു പറഞ്ഞതാണ് ഏറെ വേദനാജനകം. ഇംഗ്ളണ്ടിനെ പത്തു വിക്കറ്റിന് ജയിക്കാന്‍ നമ്മള്‍ അനുവദിക്കുകയായിരുന്നു. അതേ ദിവസം അഡലെയ്ഡില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. മനക്കരുത്തുള്ള ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ കണ്ട വേളയിലും പാറപോലെ ഉറച്ചുനിന്ന് സമനില നേടി. അഭിമാനത്തോടെയാണ് അവര്‍ കളിച്ചത്. നമ്മള്‍ എന്തുകൊണ്ട് ഒന്നു പൊരുതിനോക്കിയതുപോലുമില്ല. ഉത്തരം കിട്ടേണ്ട ചോദ്യമാണത്.

  • സചിനെതിരെയും ചില കോണുകളില്‍നിന്ന് വിമര്‍ശമുയരുന്നുണ്ടല്ലോ?

—150 ടെസ്റ്റുകളെങ്കിലും കളിച്ചവരാണ് സചിന്‍െറ കളിയെ വിലയിരുത്തേണ്ടത്. ടി.വിയിലെ വിദഗ്ധര്‍ സചിന്‍െറ കഴിഞ്ഞ കുറച്ച് ഇന്നിങ്സുകളിലെ പ്രകടനത്തെക്കുറിച്ച് മാത്രമേ ഓര്‍മിക്കുന്നുള്ളൂ. കഴിഞ്ഞ 23 വര്‍ഷം അദ്ദേഹം നേടിയതൊക്കെ അവര്‍ വിസ്മരിക്കുന്നു.

  • ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കിന്‍െറ പ്രകടനത്തെക്കുറിച്ച്?

—കുക്ക് ശരിക്കുമൊരു ലീഡറാണ്. ക്രീസില്‍ ഉറച്ചുനില്‍ക്കുമ്പോഴും ശാന്തസ്വഭാവിയായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എന്താണ് തനിക്ക് വേണ്ടതെന്നറിയുന്ന പഴയ രീതിയിലുള്ള നായകനാണദ്ദേഹം. സമ്മാനദാന ചടങ്ങില്‍ സ്വന്തം പ്രകടനം പരാമര്‍ശിക്കാതെ കെവിന്‍ പീറ്റേഴ്സണിനെയും തന്‍െറ സ്പിന്നര്‍മാരെയും പുകഴ്ത്താനാണ് കുക്ക് ശ്രമിച്ചത്. എനിക്കയാളെ വളരെയേറെ ഇഷ്ടമായി.

  • ധോണി ഇപ്പോഴും ടേണിങ് വിക്കറ്റുകളെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, ഈഡനിലെ ക്യൂറേറ്റര്‍ പറയുന്നത് നിര്‍ദേശങ്ങള്‍ എഴുതി നല്‍കണമെന്നാണ്. എന്തു പറയുന്നു?

—ക്യൂറേറ്റര്‍ അങ്ങനെ പറയുന്നതു കേള്‍ക്കുന്നതില്‍ സന്തോഷം. താന്‍ ചെയ്യുന്ന ജോലിയില്‍ അഭിമാനം കൊള്ളന്നതുകൊണ്ടാണത്. അദ്ദേഹത്തിനു നല്ലത്.

  • നിങ്ങള്‍ പണ്ട് ടേണിങ് വിക്കറ്റുകള്‍ ആവശ്യപ്പെട്ടിരുന്നില്ലേ?

—ഒരിക്കലുമില്ല. ഞങ്ങളെ സംബന്ധിച്ച് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അന്ന് ക്യൂറേറ്റര്‍മാരുണ്ടായിരുന്നില്ലല്ലോ. പിന്നെ ആരോട് പറയാന്‍?

  • ഇനി മുന്നോട്ടുള്ള ചുവടുകള്‍ എങ്ങനെയാകണം?

—ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധിക്കുക. നിലവാരമുള്ള പിച്ചുകള്‍ക്ക് ഊന്നല്‍ നല്‍കുക.

  • നിങ്ങള്‍ ധോണിയെ കണക്കിന് വിമര്‍ശിക്കുന്നു. എന്നാല്‍, കോച്ച് ഡങ്കന്‍ ഫ്ളെച്ചറെക്കുറിച്ച് ഒന്നും മിണ്ടുന്നില്ലല്ലോ?

—കോച്ച് ഇവിടെ കാശുണ്ടാക്കാന്‍ മാത്രം വന്നയാളാണ്. ഒന്നിലും ഇടപെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നതാണ് ശരി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus