ഭോപ്പാല്‍: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നയങ്ങളെ അനുകൂലിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി രംഗത്തെത്തി. ഡീസലിന്റെ വില വര്‍ധിപ്പിച്ചതും ചില്ലറ മേഖലയില്‍ വിദേശം നിക്ഷേപം അനുവദിച്ചതും നിലവിലെ സാഹചര്യത്തില്‍ ആവശ്യമായ നടപടിയാണെന്ന് ഷൂരി പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സര്‍ക്കാരിന്റെ നടപടിയെ ഷൂരി ന്യായീകരിച്ചത്.
ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച നടപടി ലാഭമുണ്ടാക്കുന്നതാണോ നഷ്ടമുണ്ടാക്കുന്നതാണോ എന്നറിയുന്നതിന് മുമ്പ് തന്നെ അതിനെ എതിര്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആദ്യമായി അദ്ദേഹത്തിന്റെ കരുത്ത് തെളിയിച്ചെന്നും ഷൂരി കൂട്ടിച്ചേര്‍ത്തു.
ഡീസല്‍ വില വര്‍ധനയെ ബി.ജെ.പി ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഷൂരിയുടെ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്. വിവാദമായ സാമ്പത്തിക പരിഷ്‌കരണ നയങ്ങളിലൂടെ രാഷ്ട്രീയ പ്രതിരോധത്തിലായ കോണ്‍ഗ്രസ് ഷൂരിയുടെ അഭിപ്രായം മറയാക്കിയായിരിക്കും ഇനി പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍