കുന്നംകുളം: അമിത പലിശക്ക് പണം കടം കൊടുക്കുന്ന രണ്ടുപേരുടെ വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി ആധാരങ്ങളും ആര്‍.സി. ബുക്കുകളും വാഹനങ്ങളും പിടിച്ചെടുത്തു.
സംഭവത്തില്‍ പെരുമ്പിലാവ് നെടിയേടത്ത് ഉണ്ണികൃഷ്ണന്‍ (45), കടവല്ലൂര്‍ പടിഞ്ഞാറ്റുമുറി കോട്ടപ്പുറം വീട്ടില്‍ ജയപ്രകാശ് (27) എന്നിവരെ സി.ഐ ബാബു കെ.തോമസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ ഇതേ കേസില്‍ അഞ്ച് വര്‍ഷംമുമ്പ് അറസ്റ്റിലായിട്ടുണ്ട്.
പണമിടപാട് നടത്താന്‍ ലൈസന്‍സില്ലാതെ, പാവപ്പെട്ടവര്‍ക്ക് ഭൂമിയുടെ ആധാരം ഈടിന്‍മേല്‍ അമിത പലിശക്കാണ് പണം കടം കൊടുത്തിരുന്നത്. ഇത്തരത്തില്‍ പണംകടം കൊടുത്തവരില്‍നിന്നും ഈടായി വാങ്ങിയ സ്ത്രീകളുടേതക്കം 67 ആധാരങ്ങളും ആര്‍.സി ബുക്കും 27 ബൈക്കുകളും മറ്റ് വാഹനങ്ങളും ഇവര്‍ രണ്ടുപേരുടെയും വീടുകളില്‍ നിന്നായി പൊലീസ് കണ്ടെടുത്തു. 25,000 രൂപക്ക് പ്രതിമാസം 5000 രൂപയാണ് ഇവര്‍ പലിശ ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ പണം കടം വാങ്ങി, പലിശ കൊടുക്കാനാവാതെ, ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ഒരു സ്ത്രീയുടെ രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് ശനിയാഴ്ച പുലര്‍ച്ചെ 5.30ഓടെ ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയത്.
കൂലിപ്പണിക്കാരനായ ജയപ്രകാശ് ചെറിയ രീതിയിലാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ വര്‍ഷങ്ങളായി ഇതേ രീതിയില്‍ വന്‍ തുക വായ്പ നല്‍കുന്നതായി പൊലീസ് പറഞ്ഞു. കുന്നംകുളം എസ്.ഐ എം.കെ. ഷാജി, എസ്.ഐ ഋഷികേശന്‍, സി.പി.ഒമാരായ ജിജോ, രാഗേഷ്, ശിവദാസന്‍, ജാന്‍സി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍