ചെറുവത്തൂര്‍: കുട്ടികളടക്കം ബസ് കാത്തുനില്‍ക്കുന്നിടത്ത് നിര്‍മിച്ച കുഴല്‍കിണറിനെതിരെ പ്രതിഷേധം ശക്തമായി. ചെറുവത്തുര്‍ ബസ്സ്റ്റാന്‍ഡിലാണ് പഞ്ചായത്തധികൃതര്‍ ശനിയാഴ്ച കുഴല്‍കിണര്‍ നിര്‍മിച്ചത്.
യാത്രക്കാര്‍ക്കൊപ്പം ബസുകളും കടന്നുപോകുന്ന വഴിയിലാണ് കുഴല്‍കിണര്‍ നിര്‍മാണം. കുഴല്‍കിണര്‍ മൂടിയിട്ടുണ്ടെങ്കിലും വാഹനം കയറിയിറങ്ങിയാല്‍ മേല്‍മൂടി നഷ്ടപ്പെട്ട് ദുരന്തമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഭരണസമിതി തീരുമാനപ്രകാരമാണ് കുഴല്‍കിണര്‍ നിര്‍മാണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസുകള്‍ കടന്നുപോകുന്ന വഴിയിലാണ് ശനിയാഴ്ച ഗതാഗതം തടസ്സപ്പെടുത്തി കുഴല്‍കിണര്‍ നിര്‍മിച്ചത്. ചെറുവത്തൂര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിനാണ് കുഴല്‍കിണര്‍ നിര്‍മാണമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ സെപ്റ്റിക് ടാങ്കിന് സമീപത്താണ് കുഴല്‍കിണറും നിര്‍മിച്ചിട്ടുള്ളത്. അതിനാല്‍, ഈ വെള്ളം കുടിക്കാനാകുമോ എന്ന ആശങ്കയുമുണ്ട്.രണ്ടുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ കുഴല്‍കിണറില്‍ വീണ് പ്രഫുല്‍ എന്ന കുട്ടി മരിച്ചിരുന്നു. സമാന സംഭവങ്ങള്‍ രാജ്യത്ത് നടക്കുമ്പോഴും അമ്മമാരുടെ കൈപിടിച്ച് കുട്ടികള്‍ കൂട്ടമായെത്തുന്ന ടൗണില്‍ കുഴല്‍കിണര്‍ നിര്‍മിച്ചത് നാട്ടുകാരില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍