കല്‍പറ്റ: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് നല്‍കാന്‍ നടപടി. ഇതു സംബന്ധിച്ച നീക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി പ്രദീപ്കുമാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ ആകെ 4252 ആദിവാസി കുടുംബങ്ങള്‍ക്കാണ് റേഷന്‍ കാര്‍ഡ് ഇല്ലാത്തത്. വൈത്തിരി താലൂക്കില്‍ 468ഉം മാനന്തവാടിയില്‍ 1684ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2100 കുടുംബങ്ങള്‍ക്കുമാണ് കാര്‍ഡ് ഇല്ലാത്തത്്.
ജില്ലയില്‍ അര്‍ഹതയുണ്ടായിട്ടും കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ ആദിവാസി കുടുംബങ്ങളുടെയും പൂര്‍ണപട്ടിക ഒക്ടോബര്‍ 24ന് മുമ്പ് തയാറാക്കണം. ഇവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കുന്നതിന് കോളനികള്‍ സന്ദര്‍ശിച്ച് അദാലത്ത് നടത്തി ഉടനടി കാര്‍ഡുകള്‍ വിതരണം ചെയ്യുംവിധം ആക്ഷന്‍ പ്ളാന്‍ രൂപവത്കരിക്കണം. പട്ടികവര്‍ഗക്ഷേമ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, റവന്യൂ വകുപ്പ് എന്നിവ സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍