ഗുവാഹതി: അസം, സിക്കിം, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ കനത്ത നാശം. സിക്കിമില്‍ 21പേരും അസമില്‍ ഏഴുപേരും അരുണാചലില്‍ മൂന്നുപേരും മരിച്ചു. അസമില്‍ 15 ജില്ലകളിലായി 700ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. എട്ടുലക്ഷത്തോളം പേര്‍ പ്രളയക്കെടുതി യിലാണ്. നിരവധിപേരെ കാണാതായി. സിക്കിമിലെ വടക്കന്‍ ജില്ലയായ ചുങ്ദാനിലാണ് പ്രളയമുണ്ടായത്.
സിക്കിമില്‍ കൊല്ലപ്പെട്ടവരില്‍ ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥരും ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുമുണ്ട്. കഴിഞ്ഞ 19 മുതല്‍ തുടരുന്ന കനത്ത പേമാരിയാണ് നാശംവിതച്ചത്. പലഭാഗങ്ങളിലുമുണ്ടായ കനത്ത മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അസമിലെ കാമരൂപ്, ജോര്‍ഹത്ത്, ദിബ്രുഗ, തിന്‍സുകിയ, ദെമാജി, ലകിംപൂര്‍, സോണിത്പൂര്‍ ജില്ലകളിലാണ് കനത്തനാശമുണ്ടായത്. കനത്ത പേമാരിയില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്. കരസേനയുടെ 60 അംഗസംഘവും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും 18 അംഗസംഘവും രക്ഷാപ്രവര്‍ത്തനം നടത്തിവരുകയാണ്. അസമില്‍ 60 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കാസിരംഗ ദേശീയ ഉദ്യാനം, പോബിറ്റോറ വന്യജീവിസങ്കേതം , ദിബ്റു- സൈകോവ ദേശീയ ഉദ്യാനം എന്നിവിടങ്ങളിലും നാശമുണ്ടായി. അരുണാചലിലെ ലോഹിത്, ഡിബാങ്, വാലി, ചാങ്ലാങ്, ഈസ്റ്റ് സിയാങ് ജില്ലകളിലാണ് വെള്ളപ്പൊക്കം കനത്തനാശം വിതച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍