ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുപ്പക്കാരായ രണ്ട് മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.എസ്. ഈശ്വരപ്പ പുറത്താക്കി. വി. ധനഞ്ജയ കുമാര്‍, അയനൂര്‍ മഞ്ജുനാഥ് എന്നിവരെയാണ് സുപ്രധാന സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കിയത്.
എം.പിയും ബി.ജെ.പി സംസ്ഥാന വക്താവുമായിരുന്ന മഞ്ജുനാഥിനെ നിരുത്തരവാദപരമായ പ്രസ്താവനയെ തുടര്‍ന്നും ദല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന പ്രതിനിധിയായിരുന്ന ധനഞ്ജയ കുമാറിനെ പ്രകടനം മോശമെന്ന് പറഞ്ഞുമാണ് പുറത്താക്കിയത്. ഇതോടെ യെദിയൂരപ്പയും സംസ്ഥാന നേതൃത്വവും തമ്മിലെ വിള്ളല്‍ വീണ്ടും വര്‍ധിച്ചു.
നേരത്തേ പാര്‍ട്ടി സംസ്ഥാന നേതൃത്വം തനിക്ക് വേണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വം തള്ളിയതോടെ യെദിയൂരപ്പ രാജി ഭീഷണി മുഴക്കിയിരുന്നു. പാര്‍ട്ടിയുടെ സഹായമില്ലാതെയും തനിക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ കഴിയുമെന്ന് പ്രസ്താവിച്ച യെദിയൂരപ്പക്കുള്ള താക്കീതായാണ് നടപടി വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടിവ് മീറ്റ് ഹരിയാനയില്‍ നടക്കാനിരിക്കെ വിരുദ്ധ ശബ്ദങ്ങളെ പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുകൂടിയാണ് പുതിയ തീരുമാനം.
ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായ ആര്‍. അശോകിനെതിരെ തിരിഞ്ഞതാണ് മഞ്ജുനാഥിന് വിനയായത്. ജനതാദള്‍-എസ് സംസ്ഥാന അധ്യക്ഷന്‍ കുമാരസ്വാമിയുടെ പാട്ടിനൊത്ത് തുള്ളുന്ന നേതാവാണ് ആര്‍. അശോകെന്ന് തുറന്നടിച്ച മഞ്ജുനാഥ് ഗതാഗതമന്ത്രിക്ക് നിയമപരിജ്ഞാനം ഇല്ലെന്നും പരിഹസിച്ചിരുന്നു. മന്ത്രിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ചചെയ്യണമെന്നും മാധ്യമങ്ങളുമായി പങ്കുവെക്കുകയല്ല വേണ്ടെതെന്നും ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍