Sun, 09/23/2012 - 00:18 ( 34 weeks 5 daysago)
മഴ: ഏഴ് ഓവറാക്കിയ കളിയില്‍ ദക്ഷിണാഫ്രിക്കക്ക് 32 റണ്‍സ് ജയം
ഹംബന്‍ടോട്ട: മഴമൂലം ഏഴ് ഓവറാക്കി ചുരുക്കിയ ശനിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 32 റണ്‍സ് ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 78 റണ്‍സാണ് അടിച്ചുകൂട്ടിയത്. ലങ്കന്‍ മറുപടി ഏഴ് ഓവറില്‍ അഞ്ചിന് 46ല്‍ ഒതുങ്ങി. 13 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കം 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ എബി ഡീ വില്ലിയേഴ്സാണ് വിജയികളുടെ ടോപ് സ്കോറര്‍. കളിയിലെ കേമനും ഡീ വില്ലിയേഴ്സ് തന്നെ. ജയത്തോടെ ആഫ്രിക്കന്‍ സംഘം ഗ്രൂപ് സി ജേതാക്കളായി. സിംബാബ്വെ പുറത്തായതിനാല്‍ ശ്രീലങ്ക നേരത്തേ തന്നെ ദക്ഷിണാഫ്രിക്കക്കൊപ്പം സൂപ്പര്‍ എട്ടില്‍ കടന്നിരുന്നു.
ടോസ് ചെയ്യുന്നതിന് മുമ്പെ മഴയെത്തിയതിനെത്തുടര്‍ന്ന് മഹീന്ദ രാജപക്സെ സ്റ്റേഡിയത്തില്‍ രണ്ടര മണിക്കൂറിലധികം വൈകിയാണ് കളി തുടങ്ങിയത്. കാര്‍മേഘങ്ങള്‍ നീങ്ങിയപ്പോള്‍ മത്സരം ഏഴ് ഓവറാക്കി ചുരുക്കിയതായി അമ്പയര്‍മാര്‍ അറിയിച്ചു. ടോസ് ലഭിച്ച മഹേല ജയവര്‍ധനെ എതിരാളികളോട് ബാറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ആദ്യ ഓവറില്‍ത്തന്നെ റിച്ചാര്‍ഡ് ലെവിയെ (നാല്) പുറത്താക്കി നുവാന്‍ കുലശേഖര ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ദില്‍ഷന്‍ മുനവീരക്ക് ക്യാച്ച് നല്‍കി ഓപണര്‍ മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ്.
അടുത്ത ഓവറില്‍ ലസിത് മലിംഗയെ രണ്ട് തവണ ബൗണ്ടറിയടിച്ച് ഹാഷിം ആംല കത്തിക്കയറിയെങ്കിലും പിന്നാലെ രംഗണ ഹെരാത്തിന്‍െറ ഓവറില്‍ കുമാര്‍ സങ്കക്കാര സ്റ്റമ്പ് ചെയ്തു. ഒമ്പത് പന്തില്‍ 16 റണ്‍സായിരുന്നു സംഭാവന. സ്കോര്‍ മൂന്ന് ഓവറില്‍ രണ്ടിന് 27. തുടര്‍ന്നെത്തിയ ഡീ വില്ലിയേഴ്സ് ഹെരാത്തിനെയും മലിംഗയെയും ശിക്ഷിച്ചു. 30 റണ്‍സെടുത്ത ക്യാപ്റ്റനെ മലിംഗ, ജീവന്‍ മെന്‍ഡിസിനെ ഏല്‍പ്പിക്കുമ്പോള്‍ അവര്‍ ആറ് ഓവറില്‍ മൂന്നിന് 65.
11 പന്തില്‍ 13 റണ്‍സ് നേടിയ ഫാഫ് ഡു പ്ളസിസ് ഏഴാം ഓവറില്‍ പുറത്തായി. തിസാര പെരേരയുടെ പന്തില്‍ മെന്‍ഡിസിന് തന്നെ ക്യാച്ച്. അവസാന രണ്ട് പന്തുകളില്‍ യഥാക്രമം ഫോറും സിക്സുമടിച്ച് ജെ.പി ഡുമിനി സ്കോര്‍ 78ലെത്തിച്ചു. ആല്‍ബീ മോര്‍ക്കലും (പൂജ്യം) അഞ്ച് പന്തില്‍ 12 റണ്‍സുമായി ഡുമിനിയും പുറത്താവാതെ നിന്നു. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയും തകര്‍ച്ചയില്‍ തുടങ്ങി. ആദ്യ ഓവറില്‍ ജയവര്‍ധനെ ബൗണ്ടറിയുമായി സ്കോറിങ് ആരംഭിച്ചെങ്കിലും അക്കൗണ്ട് തുറക്കും മുമ്പെ തിലകരത്നെ ദില്‍ഷന്‍ റണ്ണൗട്ടായി. ജയവര്‍ധനെയുടെ (നാല്) വീഴ്ചയോടെയാണ് ഡെയ്ല്‍ സ്റ്റെയ്ന്‍ എറിഞ്ഞ രണ്ടാം ഓവറിന് സമാപ്തിയായത്. ഫര്‍ഹാന്‍ ബെഹര്‍ദീന് ക്യാച്ച്. സ്കോര്‍ രണ്ടിന് എട്ട് റണ്‍സ്. തോല്‍വി മണത്ത ടീമിനെ രക്ഷിക്കാന്‍ മുനവീരയും സങ്കക്കാരയും നടത്തിയ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. കാലിസ് എറിഞ്ഞ അഞ്ചാം ഓവറില്‍ സങ്കക്കാരയെ (11 പന്തില്‍ 13) ഡീ വില്ലിയേഴ്സ് വിക്കറ്റിന് പിറകില്‍ പിടികൂടി. പിന്നാലെ പെരേരയെ (ഒന്ന്) ഡുമിനിയുടെ കൈകളിലേക്കയച്ച് സ്റ്റെയ്ന്‍ ടീമിന്‍െറ ജയം ഉറപ്പിച്ചു.
അവസാന ഓവറില്‍ ആറ് വിക്കറ്റ് കൈയിലിരിക്കെ ലങ്കക്ക് വേണ്ടിയിരുന്നത് 41 റണ്‍സ്. ആല്‍ബി മോര്‍ക്കലിന്‍െറ രണ്ടാം പന്തില്‍ മുനവീര, ബെഹര്‍ദീന് മറ്റൊരു ക്യാച്ച് നല്‍കി. 14 പന്തില്‍ 13 റണ്‍സെടുത്ത യുവതാരവും സങ്കക്കാരക്കൊപ്പം ടോപ് സ്കോററായി. ലാഹിറു തിരിമന്നെയും (അഞ്ച്) ജീവന്‍ മെന്‍ഡിസും (ഏഴ്) പുറത്താവാതെ നിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍