തൃശൂര്‍: കഴിഞ്ഞ 18ദിവസമായി മദര്‍ ആശുപത്രിയില്‍ യു.എന്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനിടെ വെള്ളിയാഴ്ച വൈകീട്ട് നഴ്സുമാരെ ഹോസ്റ്റലില്‍ എത്തി അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. സമരം ചെയ്യുന്ന നഴ്സുമാര്‍ ആശുപത്രി ഹോസ്റ്റലില്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്തിരുന്നതും വിശ്രമിച്ചിരുന്നതും. ഇവര്‍ ഉപയോഗിച്ച ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നതോടെ മറ്റൊരു സിലിണ്ടര്‍ നല്‍കാന്‍ ആവശ്യപ്പെട്ടത് നിരസിക്കുകയും പുറത്തുനിന്ന് സിലിണ്ടര്‍ കൊണ്ടുവന്നത് തടയാന്‍ ശ്രമിച്ചതുമാണ് പ്രശ്നത്തിന് കാരണം. സമരം ചെയ്യുന്നവര്‍ കോടതി ഉത്തരവ് ലംഘിച്ച് ആശുപത്രിയില്‍ കടന്ന് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് പൊലീസ് നടപടി. എന്നാല്‍ സംഭവം അറിഞ്ഞ് വിവിധ രാഷ്ട്രീയ യുവജന സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ പ്രശ്നത്തിന് അല്‍പം അയവുവന്നു. ശനിയാഴ്ച സര്‍വകക്ഷി യോഗം ചേര്‍ന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് ധാരണയായി. തുടര്‍ന്ന് സമരപ്പന്തലില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഐ.വൈ.എഫ് പ്രതിനിധി അഡ്വ. സുമേഷ്, സി.ഐ.ടി.യു വിനെ പ്രതിനിധീകരിച്ച് ഉഷ ടീച്ചര്‍, ബി.ജെ.പിയെ പ്രതിനിധീകരിച്ച് എം. നാഗേഷ് എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍