ലിബിയയിലെ അമേരിക്കന്‍ എംബസിക്കു നേരെ നടന്നത് തീവ്രവാദി ആക്രമണമാണെന്ന് അമേരിക്ക. ആക്രമണത്തില്‍ യു.എസ് സ്ഥാനപതിയും മറ്റു മൂന്ന് അമേരിക്കക്കാരും കൊല്ലപ്പെട്ടിരുന്നു.
ബങ്കാസിയില്‍ തീവ്രവാദി ആക്രമണമാണ് നടന്നതെന്നതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജേ കാര്‍നി വ്യക്തമാക്കി. ‘എംബസി ആക്രമണം ഹിംസാത്മകമായിരുന്നു. നാല് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ മരണമായിരുന്നു അതിന്‍െറ ഫലം’ -വക്താവ് പറഞ്ഞു. കൊലയെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആക്രമണം ആസൂത്രിതമായിരുന്നെന്നു പറയാന്‍ തങ്ങളുടെ പക്കല്‍ ഇപ്പോള്‍ വിവരങ്ങളൊന്നുമില്ലെന്നും കാര്‍നി വിശദീകരിച്ചു.
അന്വേഷണം നടക്കുന്നതിനാല്‍ എല്ലാം വിവരങ്ങളും ലഭ്യമാവാതെ ഇതേക്കുറിച്ച് തനിക്കൊന്നും പറയാനാവില്ലെന്ന് മിയാമിയില്‍ ഒരു ചടങ്ങില്‍ പ്രസിഡന്‍റ് ഒബാമ പറഞ്ഞു.
ലിബിയയിലെ കൊല്ലപ്പെട്ട യു.എസ് സ്ഥാനപതി ക്രിസ് സ്റ്റീവന്‍സ് ബങ്കാസിയിലെ അവസാനിക്കാത്ത സുരക്ഷാ ഭീഷണികളെ കുറിച്ച് ആശങ്കപ്പെട്ടിരുന്നുവെന്നും തന്‍െറ പേര്‍ അല്‍ഖ്വായിദ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നതായും വൈറ്റ് ഹൗസ് വക്താവ് വിശദീകരിച്ചു. തീവ്രവാദി ആക്രമണത്തിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് സെനറ്റ് ഹയറിങ്ങില്‍ നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്‍റര്‍ ഡയറക്ടര്‍ മാത്യു ഉല്‍സന്‍ പറഞ്ഞതും വൈറ്റ് ഹൗസ് വക്താവ് കാര്‍നി ഉദ്ധരിച്ചു.
ഇസ്ലാം വിരുദ്ധ സിനിമക്കെതിരായ പ്രതിഷേധം അതിരുവിട്ടതായിരിക്കാം മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, കുറ്റകരമാണെന്ന് കണ്ടെത്തിയ ഒരു വീഡിയോക്കെതിരായ രോഷപ്രകടനംമുതലെടുത്തതിന്‍െറ ഫലമാണ് ആക്രമണം.
സംഭവത്തില്‍ പ്രസിഡന്‍റ് ഒബാമ അത്യധികം ഉത്കണ്ഠ രേഖപ്പെടുത്തുകയും അമേരിക്കക്കാരെ കൊന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ നടപടികളും ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തതായി കാര്‍നി വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, മുസ്ലിം ലോകത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയ ‘ഇന്നസന്‍സ് ഓഫ് മുസ്ലിം’ എന്ന സിനിമയുടെ നിര്‍മാതാവ് കാലിഫോര്‍ണിയയില്‍ അജ്ഞാത വാസത്തിലാണെന്നാണറിയുന്നത്. സിനിമയുടെ നിര്‍മാതാവെന്ന് പറയുന്ന നകൂല ബാസിലെ നകൂല(55)യെ ലോസ് ഏഞ്ചലസ് ഷെരീഫ് സ്റ്റേഷന്‍ അധികാരികള്‍ കഴിഞ്ഞ ശനിയാഴ്ച അര മണിക്കുര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു.
ലോസ് ഏഞ്ചലസ് മേഖലയിലെ ദുആര്‍തെ എന്ന നഗരത്തിലെ ‘മീഡിയ ഫോര്‍ ക്രൈസ്റ്റ്’ എന്ന ഏജന്‍സിയുടെ ഓഫിസുകളിലാണ് ചിത്രത്തിന്‍െറ ഭൂരിഭാഗവും ഷൂട്ട് ചെയ്തിട്ടുള്ളത്. ലോകമെങ്ങും ‘യേശുവിന്‍െറ പ്രകാശം പരത്താന്‍’ ഈ ഏജന്‍സി കഴിഞ്ഞ വര്‍ഷം 81 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ചിത്രത്തിന്‍െറ തിരക്കഥാകാരനും സംവിധായകനുമാണെന്ന് അവകാശപ്പെട്ടിരുന്ന സാം ബാസിലെ തന്നെയാണ് നകുല ബാസിലെ നകുല എന്നും വ്യക്തമായതായി അധികൃതര്‍ പറയുന്നു. കോട്ടും തൊപ്പിയും ധരിച്ചും മുഖം മറച്ചുമാണ് നകുല അധികാരികളുടെ മുമ്പില്‍ ഹാജരായതെങ്കിലും നകുല ചിത്രത്തിലെ നടി അന്ന ഗുര്‍ജിയോടൊപ്പം ഇരിക്കുന്ന ഫോട്ടോ ഒരു അമേരിക്കന്‍ മാഗസിന്‍ പുറത്തുവിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍