12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

കോഴിമുട്ടയുടെ വില പോലുമില്ലാതെ തേങ്ങ

കോഴിമുട്ടയുടെ വില പോലുമില്ലാതെ തേങ്ങ
വിലയിടിവിന്‍െറ നടുക്കടലില്‍ കേരകര്‍ഷകന്‍

കോഴിക്കോട്: വിലയിടിഞ്ഞ് അങ്ങേയറ്റം ദുരിതത്തിലായ കേരകര്‍ഷകന് ഇപ്പോള്‍ ഒരു കോഴിമുട്ട ലഭിക്കണമെങ്കില്‍ ഒന്നര തേങ്ങ നല്‍കേണ്ട അവസ്ഥ! ഒരുവശത്ത് തേങ്ങക്ക് വിലയിടിയുമ്പോഴും അവശ്യസാധനവില വര്‍ധനയില്‍ പൊറുതിമുട്ടുകയാണ് സംസ്ഥാനത്തെ കേരകര്‍ഷകര്‍. പൊളിച്ച ഒരു തേങ്ങ വിപണിയില്‍ വില്‍ക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് മൂന്നു രൂപ മാത്രമാണ്. ഒരു കിലോ തേങ്ങക്ക് ലഭിക്കുന്നത് പത്തു രൂപയും. എന്നാല്‍, ഒരു കോഴിമുട്ട വാങ്ങണമെങ്കില്‍ 4.50 മുതല്‍ അഞ്ചു രൂപ വരെ നല്‍കണം.
നാളികേര കൃഷിയെ ആശ്രയിച്ച് ജീവിതം മുന്നോട്ടുപോകുന്നവര്‍ സംസ്ഥാനത്ത് 35 ലക്ഷത്തിലധികം വരും. തേങ്ങയിടാന്‍ തെങ്ങിന് 20 മുതല്‍ 25 രൂപ വരെ നല്‍കണം. തേങ്ങക്ക് വിലയില്ലാതായതോടെ മലയോര മേഖലയില്‍ വിളവെടുപ്പും നടക്കുന്നില്ല.
മായം കലര്‍ന്ന വെളിച്ചെണ്ണയും പാമോയില്‍ ഇറക്കുമതിയും വ്യാപകമാകുന്നതാണ് വിലയിടിവിന് കാരണമായി പറയുന്നത്. വെളിച്ചെണ്ണയുടെ കയറ്റുമതി നിയന്ത്രിച്ചതും കേരകര്‍ഷകര്‍ക്ക് അടിയായി. വിപണിയിലെ ശോച്യാവസ്ഥയാണ് സംഭരണ കാര്യത്തിലും. നാഫെഡിന്‍െറ നോഡല്‍ ഏജന്‍സികളായ കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നിവ വഴി പച്ചത്തേങ്ങ കിലോക്ക് 14 രൂപ നിരക്കില്‍ സംഭരിക്കുമെന്ന് കൃഷിമന്ത്രി കഴിഞ്ഞ ജൂണില്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന്‍െറ ഉത്തരവിറങ്ങിയെങ്കിലും നടപടികളൊന്നുമില്ലെന്നു മാത്രം.
പച്ചത്തേങ്ങ സംഭരണത്തില്‍ നിലവില്‍ കേരഫെഡിന് ക്വി ന്‍റലിന് 400 രൂപയുടെ നഷ്ടമുണ്ടാകുന്നതായി കേരഫെഡ് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ഇത് സര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമാകും.
അയല്‍സംസ്ഥാനമായ കര്‍ണാടക കൊപ്രയുടെ താങ്ങുവിലക്ക് പുറമെ 700 രൂപ നല്‍കുന്നുണ്ട്. നാളികേരത്തിന്‍െറ പേരില്‍ അറിയപ്പെടുന്ന സംസ്ഥാനത്ത് വിലയിടിവ് വരുമ്പോഴും ഭരണപ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കര്‍ഷകര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ല. എം.കെ.രാഘവന്‍ എം.പി ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ സെപ്റ്റംബര്‍ അഞ്ചിന് സബ്മിഷന്‍ നല്‍കിയതാണ് ജനപ്രതിനിധികളില്‍ നിന്നുണ്ടായ ഏക പ്രതികരണം.
അതിനിടെ, ഓരോ ബ്ളോക് പഞ്ചായത്തിലും കൊപ്രചേവ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനാവശ്യമായ സ്ഥലം ബ്ളോക് അധികൃതര്‍ കണ്ടെത്തണം. തുകയുടെ 50 ശതമാനം നാളികേര വികസന ബോര്‍ഡും ബാക്കി സര്‍ക്കാറും വഹിക്കുമെന്നാണ് പറയുന്നത്. അടുത്ത ബജറ്റിലേ ഇതിനാവശ്യമായ നടപടി ഉണ്ടാവൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതിന് പുറമെ കേരഫെഡും ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. കൊപ്രചേവുകള്‍ സ്ഥാപിക്കാന്‍ താല്‍പര്യമുള്ള കാര്‍ഷികവായ്പാ സംഘങ്ങള്‍ക്ക് പണം നല്‍കാനാണ് നിര്‍ദേശം. ഇതില്‍ പകുതി തുക കേരഫെഡും ബാക്കി സര്‍ക്കാറും വഹിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com