തിരുവനന്തപുരം: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സൂചന. ഇക്കാര്യത്തില്‍ ശുചിത്വമിഷനും സര്‍ക്കാറും രണ്ട് തട്ടിലാണ്. ശുചിത്വമിഷനെ ഒഴിവാക്കിയാണ് പുതിയ സംരംഭവുമായി സര്‍ക്കാര്‍ ഇറങ്ങുന്നത്. നഗരം ചീഞ്ഞ് നാറി തുടങ്ങിയതോടെ നഗരസഭയുടെ നിസ്സംഗതക്ക് മറുപടിയായാണ് സ്വകാര്യ പങ്കാളിത്തത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചത്.
നഗരസഭ കൊട്ടിഘോഷിച്ച പൈപ്പ് കമ്പോസ്റ്റ് ഉള്‍പ്പെടെ ഉറവിട മാലിന്യ സംസ്കരണ മാര്‍ഗങ്ങളെല്ലാം അര്‍ധപ്രാണനിലാണ്. കുറഞ്ഞ ചെലവേയുള്ളൂവെങ്കിലും നടപടിക്രമങ്ങളിലെ സങ്കീര്‍ണത കാരണം പലരും പിന്‍വാങ്ങുകയാണ്. കൗണ്‍സിലര്‍മാര്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നഗരസഭാനുമതി കിട്ടി പൈപ്പ് കമ്പോസ്റ്റ് വീട്ടിലെത്താന്‍ അപേക്ഷകന്‍ ചുരുങ്ങിയത് ഒരു മാസം പിറകെ നടക്കണം. ഈ ബുദ്ധിമുട്ടോര്‍ക്കുമ്പോള്‍ പലരും പാതിവഴിയിയില്‍ ഉപേക്ഷിക്കുകയാണ്.
ഒരുലക്ഷം പേര്‍ എന്ന ലക്ഷ്യത്തോടെ ആറുമാസം മുമ്പ് തുടങ്ങിയ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 36,000 പേരാണ്. ഇതില്‍ പൂര്‍ണ പ്രയോജനം കിട്ടിയത് 27044 പേര്‍ക്കാണെന്ന് നഗരസഭതന്നെ സമ്മതിക്കുന്നു.
പദ്ധതി നല്ല രീതിയില്‍ മുന്നോട്ട് പോകുന്നില്ലെന്ന് കണ്ട് ശുചിത്വമിഷന്‍ നഗരസഭയോട് വിശദീകരണം ചോദിച്ചിരുന്നു. വേഗം കൂട്ടാന്‍ നഗരസഭക്ക് ആവശ്യമായ സഹായം നല്‍കാമെന്നും അറിയിച്ചിരുന്നു. ജനപങ്കാളിത്തമില്ലാത്തതിനാലാണ് ഇഴയുന്നതെന്നായിരുന്നു നഗരസഭയുടെ മറുപടി. ആറുമാസം കൊണ്ട് നാലിലൊരു ശതമാനം പോലും പൂര്‍ത്തിയാകാത്ത പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സര്‍ക്കാറിനും നഗരസഭക്കും അറിയില്ല.
ചവര്‍നീക്കം നിലച്ചതോടെ മാലിന്യം കുഴിച്ചുമൂടുന്നതും കത്തിക്കുന്നതും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയെങ്കിലും പുരോഗതിയുണ്ടായില്ല. ഇടറോഡുകള്‍ മാലിന്യച്ചാക്കുകള്‍ കുന്നുകൂടിക്കിടക്കുകയാണ്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റെയില്‍വേക്ക് മാലിന്യം നല്‍കുന്നതും തടസ്സപ്പെട്ടു.
നഗരത്തിലെ പ്രധാന കമ്പോളങ്ങളായ ചാല, മണക്കാട്, പാളയം എന്നിവിടങ്ങളിലും മാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. തീരദേശമാലിന്യം റോഡിലേക്ക് ഒഴുകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍