പെരിന്തല്‍മണ്ണ: നഗരസഭക്ക് കീഴിലെ എരവിമംഗലം വ്യവസായ എസ്റ്റേറ്റില്‍ ഐ.ടിയടക്കം വ്യവസായങ്ങള്‍ പരിഗണനയില്‍. ഐ.ടിയോടൊപ്പം എന്‍ജിനീയറിങ്, ഭക്ഷ്യസംസ്കരണ യൂനിറ്റുകള്‍, ഫര്‍ണിച്ചര്‍ വ്യവസായം തുടങ്ങിയവ പരിഗണനയിലുണ്ടെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ താലൂക്ക് കണ്‍വീനര്‍ എ.വി. ജോണ്‍സന്‍ പറഞ്ഞു. നിരവധി അപേക്ഷകരാണ് ചെറുകിട വ്യവസായ അസോസിയേഷനെ സമീപിച്ചത്.
വ്യവസായ മേഖലയായി അംഗീകരിക്കാന്‍ സംസ്ഥാന വ്യവസായ ഡയറക്ടര്‍ക്ക് നഗരസഭ അപേക്ഷ നല്‍കിയിട്ടുണ്ട്. ചെറുകിട വ്യവസായ അസോസിയേഷന്‍, നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ വ്യവസായകേന്ദ്രം മുഖേനയാണ് വ്യവസായമേഖലാ അംഗീകാരത്തിന് അപേക്ഷ നല്‍കിയത്. നേരത്തെ, വ്യവസായ എസ്റ്റേറ്റായി നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
വ്യവസായ ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതികള്‍ ആരംഭിക്കാനാവും. വ്യവസായ എസ്റ്റേറ്റായി സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതോടെ നിരവധി ഇളവുകള്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. 100 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ഇവിടെ വരുന്നത്.
നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളും ഉണ്ടാകും. ഏഴര ഏക്കറില്‍ നടപ്പാക്കുന്ന പദ്ധതിയുടെ മേല്‍നോട്ടം സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനാണ്. റോഡ്, വൈദ്യുതി, വെള്ളം, ടെലിഫോണ്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നഗരസഭാ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ചെറുകിട വ്യവസായ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. കെട്ടിടങ്ങള്‍ സംരംഭകര്‍ നിര്‍മിക്കും.
സര്‍ക്കാര്‍ അംഗീകാരമാകുന്നതോടെ പാട്ടം നിശ്ചയിക്കേണ്ടതുണ്ട്. ഒരു വ്യവസായിക്ക് 10 മുതല്‍ 20 സെന്‍റ് ഭൂമി വരെയാണ് നല്‍കുക. ഒരു വ്യവസായി മറ്റൊരാള്‍ക്ക് സ്ഥാപനം കൈമാറുമ്പോള്‍ നഗരസഭയുടെ അംഗീകാരം വേണം. എരവിമംഗലത്ത് മികച്ച ഗതാഗത സൗകര്യമാണുള്ളത്.
പട്ടാമ്പി റോഡില്‍ കുന്നപ്പള്ളിയില്‍ നിന്നും ചെര്‍പ്പുളശ്ശേരി റോഡില്‍ ഒലിങ്കരയില്‍ നിന്നും ഇവിടേക്ക് പ്രവേശിക്കാനാകും. ട്രാന്‍സ്ഫോര്‍മര്‍ നേരത്തെ സ്ഥാപിച്ചിരുന്നു.
എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി വ്യവസായ എസ്റ്റേറ്റില്‍ ആയുര്‍വേദ റിസോര്‍ട്ട്, ഹെറിറ്റേജ് വില്ലേജ് എന്നിവ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. നഗരസഭ ഉപേക്ഷിച്ച പദ്ധതി ബി.ഒ.ടി സെല്‍ മുഖേന എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്നാണ് സൂചന. വ്യവസായ എസ്റ്റേറ്റായി പ്രഖ്യാപിച്ച ഭൂമിയില്‍ മറ്റൊരു പദ്ധതി നടപ്പാക്കുന്നതിനെതിരെ നഗരസഭാ കൗണ്‍സില്‍ രംഗത്ത് വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍