Wed, 09/19/2012 - 08:50 ( 39 weeks 16 hoursago)
ട്വന്‍റി20;ലങ്കക്ക് 82 റണ്‍സ് ജയം
(+)(-) Font Size
 ട്വന്‍റി20;ലങ്കക്ക് 82 റണ്‍സ് ജയം

ഹംബന്‍ടോട്ട (ശ്രീലങ്ക): മെന്‍ഡിസുമാര്‍ നിറഞ്ഞാടിയ ഉദ്ഘാടന മത്സരത്തില്‍ സിംബാബ്വെയെ 82 റണ്‍സിന് തകര്‍ത്ത് സ്വന്തം മണ്ണിലെ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്ക ഗംഭീര തുടക്കമിട്ടു. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെ 17.3 ഓവറില്‍ 100 റണ്‍സിന് പുറത്തായി. നാലോവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് പിഴുത അജന്ത മെന്‍ഡിസും 24 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ജീവന്‍ മെന്‍ഡിസുമാണ് സിംബാബ്വെയെ തകര്‍ത്തത്. നേരത്തേ, 30 പന്തില്‍ നാല് ഫോറും ഒരു സിക്സുമടക്കം ജീവന്‍ മെന്‍ഡിസ് പുറത്താകാതെ 43 റണ്‍സുമെടുത്തിരുന്നു.
26 പന്തില്‍ രണ്ട് ഫോറും ഒരു സിക്സുമുള്‍പ്പെടെ 44 റണ്‍സ് അടിച്ചുകൂട്ടിയ കുമാര്‍ സങ്കക്കാരയും 28 പന്തില്‍ അഞ്ചു ഫോറടക്കം 39 റണ്‍സെടുത്ത ഓപണര്‍ തിലകരത്നെ ദില്‍ഷനും ജീവനൊപ്പം ആതിഥേയ ബാറ്റിങ്ങില്‍ തിളങ്ങി.
സിംബാബ്വെ നിരയില്‍ 23 പന്തില്‍ 20 റണ്‍സെടുത്ത ഹാമില്‍ട്ടണ്‍ മസാക്കാസായാണ് ടോപ്സ്കോറര്‍. എല്‍ട്ടണ്‍ ചിഗുംബുറ (19 പന്തില്‍ 19), ഗ്രേയം ക്രീമര്‍ (20 പന്തില്‍ 17), വുസുമുസി സിബാന്‍ഡ (116 പന്തില്‍ 11), ക്രെയ്ഗ് ഇര്‍വിന്‍ (13 പന്തില്‍ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്മാര്‍. ഒമ്പതു വിക്കറ്റ് മെന്‍ഡിസുമാര്‍ പങ്കിട്ടപ്പോള്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് ലസിത് മലിംഗ നേടി. അജന്തയാണ് മാന്‍ ഓഫ് ദ മാച്ച്.
ഹംബന്‍ടോട്ടയിലെ സൂരിയവേവയിലുള്ള മഹിന്ദ രാജപക്സ സ്റ്റേഡിയത്തില്‍ ദില്‍ഷന്‍ സഖ്യമാണ് ലങ്കക്കു വേണ്ടി ഓപണിങ്ങിനിറങ്ങിയത്. തിലകരത്നെ ദില്‍ഷനൊപ്പം അരങ്ങേറ്റ മത്സരത്തിന് പാഡ് കെട്ടിയ ദില്‍ഷന്‍ മുനവീര, കെയ്ല്‍ ജാറവിസ് എറിഞ്ഞ ഇന്നിങ്സിലെ ആദ്യ പന്ത് പോയന്‍റിലൂടെ അതിര്‍ത്തി കടത്തി രാജ്യാന്തര കരിയറിന് ബൗണ്ടറിയിലൂടെ തുടക്കം നല്‍കി. എന്നാല്‍, ആ ഓവറിലെ ശേഷിക്കുന്ന അഞ്ചു പന്തില്‍ ഒരു റണ്‍സുപോലുമെടുക്കാന്‍ മുനവീരക്ക് കഴിഞ്ഞില്ല.
മറുവശത്ത് ദില്‍ഷനും ജാഗ്രത കാട്ടിയപ്പോള്‍ പതിഞ്ഞ തുടക്കമായിരുന്നു ആതിഥേയര്‍ക്ക്. അഞ്ചോവര്‍ പിന്നിടുമ്പോള്‍ 38 റണ്‍സെടുത്ത ലങ്ക പിന്നീടാണ് സ്കോറിങ്ങിന് ആക്കംകൂട്ടിയത്. മുനവീര മിഡ് വിക്കറ്റില്‍ നല്‍കിയ അനായാസ അവസരം മാല്‍ക്കം വാലര്‍ കൈവിട്ടതിന് പിന്നാലെ എംപോഫുവിന്‍െറ ആ ഓവറില്‍ മൂന്ന് ബൗണ്ടറി പിറന്നു. തൊട്ടുപിന്നാലെ 19 പന്തില്‍ 17 റണ്‍സുമായി മുനവീര റണ്ണൗട്ടായി മടങ്ങി.
പത്താം ഓവറിലെ അവസാന പന്തില്‍ ദില്‍ഷനും മടക്കമായി. ഗ്രേം ക്രീമറുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ടെയ്ലര്‍ ക്യാച്ച് ചെയ്തതായി അമ്പയര്‍ വിധിക്കുമ്പോള്‍ ദില്‍ഷന് തീരുമാനത്തില്‍ അസംതൃപ്തിയുണ്ടായിരുന്നു.പത്തോവറില്‍ 76 റണ്‍സിലെത്തിയ ഇന്നിങ്സിനോട് ആറ് റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ റണ്ണൗട്ടായി. 18 പന്തില്‍ 13 റണ്‍സെടുത്ത മഹേല ഇല്ലാത്ത രണ്ടാം റണ്ണിനോടിയാണ് വിക്കറ്റ് കളഞ്ഞുകുളിച്ചത്.
പിന്നീട് ഒത്തുചേര്‍ന്ന സങ്കക്കാരജീവന്‍ ജോടിയാണ് ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്. തുടക്കത്തില്‍ മെന്‍ഡിസ് കത്തിക്കയറിയപ്പോള്‍ പിന്നീട്, ബാറ്റണ്‍ സങ്കക്കാരയുടെ കൈകളിലായി. നാലാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം ടീം സ്കോര്‍ 176ല്‍ നില്‍ക്കെ സങ്കക്കാര മടങ്ങിയത് 20ാം ഓവറിലെ നാലാം പന്തിലായിരുന്നു. ജയവര്‍ധനെയുടെ പാത പിന്തുടര്‍ന്ന് സങ്കക്കാരയും ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായി. നേരിട്ട ആദ്യപന്തില്‍ സിക്സറടിച്ച് തിസര പെരേരയാണ് സ്കോര്‍ 180 കടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus